വിവാഹത്തോടുള്ള വിമുഖത; എവിടെയാണ് ട്വിസ്റ്റ് സംഭവിച്ചത് ?

എം ടി മനാഫ്

വിവിധ ആരാധനകളെക്കുറിച്ച് വിശദീകരിച്ചതിനെക്കാള്‍ കൂടുതല്‍ വിശുദ്ധ ഖുര്‍ആന്‍ പോലും പരാമര്‍ശിച്ചത് കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നുഷ്യ ജീവിതത്തിലെ മനോഹരവും സര്‍ഗാത്മകവും പവിത്രവുമായ സ്ഥാപനമാണ് കുടുംബം. വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളില്‍ ജനിച്ചു വളര്‍ന്ന രണ്ടു പേര്‍ ഇണകളായി പുതുജീവിതം ആരംഭിക്കുന്നതിലൂടെയാണ് ഒരു കുടുംബം രൂപപ്പെടുന്നത്. വിവാഹമെന്ന പവിത്രമായ കര്‍മത്തിലൂടെ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അംഗീകാരവും പ്രാര്‍ഥനയും ഒരുമിച്ചുചേരുമ്പോഴാണ് ആ ബന്ധം അഴകുള്ളതാകുന്നത്.

പൊതുവേ നമ്മുടെ സമൂഹത്തില്‍ കുടുംബ നിയമങ്ങളുണ്ട്. ഇസ്‌ലാം ഈ നിയമങ്ങളെ കൂടുതല്‍ ആഴത്തിലും ഗൗരവത്തിലും നിരീക്ഷിക്കുകയും അവതരിപ്പിക്കുകയും അതിന്റെ പ്രായോഗിക തലങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടേറെ സാമൂഹിക സ്ഥാപനങ്ങള്‍ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

വിദ്യാഭ്യാസം, തൊഴില്‍, യാത്ര, വ്യാപാരം, വ്യവസായം, കൃഷി, ആരോഗ്യം, രാഷ്ട്രീയം, കല, പ്രകൃതി തുടങ്ങി അനേകം മേഖലകളില്‍ മനുഷ്യന് എണ്ണമറ്റ സേവനങ്ങള്‍ സമര്‍പ്പിക്കുന്ന അനേകം സാമൂഹിക സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ ഇവയെക്കാളെല്ലാം വ്യാപ്തിയില്‍ ഒരു വ്യക്തിക്ക് നിര്‍ലോഭമായ അടിസ്ഥാന സേവനങ്ങള്‍ പ്രദാനം ചെയ്യുകയും അവനെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരുകയും സംരക്ഷണം നല്‍കുകയും സ്വഭാവത്തെയും സംസ്‌കാരത്തെയും രൂപീകരിക്കുകയും ജീവിതത്തെ ആസകലം സ്വാധീനിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് കുടുംബം. അതിന് ദൈവികമായ ഒരു ഭാവം കൂടിയുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ കുടുംബബന്ധത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ച പദം റഹീം എന്നാണ്. ഗര്‍ഭപാത്രം എന്നര്‍ഥം വരുന്ന ആ പദം കരുണയുടെ പരമോന്നതി കാണിക്കുന്ന പദം കൂടിയാണ്. ഓരോ വ്യക്തിയും ഏതു നാട്ടില്‍ എപ്പോള്‍ എങ്ങനെ ജനിക്കണം, മാതാപിതാക്കളും സഹോദരങ്ങളും ആരൊക്കെയായിരിക്കണം, എല്ലാം സര്‍വശക്തനായ സ്രഷ്ടാവിന്റെ തീരുമാനമാണ്.

വിവിധ ആരാധനകളെക്കുറിച്ച് വിശദീകരിച്ചതിനെക്കാള്‍ കൂടുതല്‍ വിശുദ്ധ ഖുര്‍ആന്‍ പോലും പരാമര്‍ശിച്ചിരിക്കുന്നത് കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതില്‍ വിവാഹം മുതല്‍ ഇണജീവിതവും മാതൃത്വവും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ സൗന്ദര്യവും, ആരുമായെല്ലാം വിവാഹം അനുവദനീയമെന്നും ആരുമായെല്ലാം അത് വിലക്കപ്പെട്ടിരിക്കുന്നുവെന്നും, പരസ്പര സ്‌നേഹത്തിന്റെ പ്രാധാന്യമെന്തെന്നും ബന്ധങ്ങളുടെ പവിത്രത എത്ര ഗൗരവമുള്ളതാണെന്നും അനന്തരാവകാശ നിയമങ്ങള്‍ എപ്രകാരമെന്നുമെല്ലാം വിശദീകരിക്കുന്നുണ്ട്.

കുടുംബബന്ധത്തെ പല പ്രകാരങ്ങളില്‍ ഉലച്ചുകളയുന്ന ധാരാളം വെല്ലുവിളികള്‍ ഇക്കാലത്ത് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. കുടുംബത്തിനകത്തു ലഭിക്കേണ്ട അടിസ്ഥാന മൂല്യങ്ങളെയും ബന്ധങ്ങളെയും കമ്പോളവത്കരിക്കപ്പെട്ടു എന്നതാണ് ഇതില്‍ ഏറ്റവും ഭയാനകമായ കാര്യം. കുടുംബത്തിനുള്ളില്‍ ലഭിക്കേണ്ട പലതും കമ്പോളത്തില്‍ കച്ചവടത്തിനു വെച്ചിരിക്കുന്നു എന്നര്‍ഥം. പരസ്പര സ്‌നേഹം മുതല്‍ ലൈംഗികതവരെഇതില്‍പെടും.

വിവാഹത്തിലെ ആര്‍ഭാടങ്ങള്‍, ഭാരമായി മാറുന്ന കര്‍മങ്ങള്‍, പൊലിമയ്ക്കു വേണ്ടിയുള്ള ആഘോഷങ്ങള്‍ തുടങ്ങിയവ ചെറുപ്പക്കാരെ നെഗറ്റീവായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികത, രാഷ്ട്രീയ പ്രബുദ്ധത, കുടുംബഭദ്രത തുടങ്ങിയ അനേകം മേഖലകളില്‍ രാജ്യത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ കുടുംബസംവിധാനത്തിലും വിവാഹബന്ധത്തിലും പുതുതലമുറയില്‍ കാണുന്ന മാറുന്ന സമീപനങ്ങള്‍ സാമൂഹിക ചര്‍ച്ചകളെ ഉണര്‍ത്തുന്നുണ്ട്.

നമ്മുടെ സമൂഹത്തിന് വിവാഹമെന്നത് പ്രായപൂര്‍ത്തിയായാല്‍ സ്വാഭാവികമായി സ്വീകരിക്കുന്ന ഒന്നായിരുന്നുവെങ്കില്‍ ഇന്ന് യുവതീയുവാക്കളില്‍ ഒരു വിഭാഗം വിവാഹത്തോടും കുടുംബജീവിതത്തോടും വിമുഖത കാണിക്കുന്നു. ഇതൊരു ട്രെന്‍ഡായി വളര്‍ന്നുവരികയാണ്.

ജീവിതത്തെക്കുറിച്ചും ജീവിതാസ്വാദനങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ സംഭവിച്ച അടിസ്ഥാന മാറ്റങ്ങളാണ് ഇതിന്റെ മൂലകാരണം. ഘടനാബദ്ധവും സംസ്‌കാരാധിഷ്ഠിതവുമായ കുടുംബ സംവിധാനം പലതിനും തടസ്സമാണെന്ന അബദ്ധ ധാരണയോ അനാവശ്യ വിചാരമോ പുതിയ തലമുറയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

ഈ മാറ്റത്തിന്റെ അടിസ്ഥാന കാരണങ്ങളെ വിശകലനം ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് കാലം ആവശ്യപ്പെടുന്ന ഒരു ഇടപെടല്‍ കൂടിയാണ്.

ഉപരിപഠനവും തൊഴില്‍സാധ്യതകളും

കേരളത്തിലെ യുവതീയുവാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും കരിയറിനുള്ള ആഗ്രഹവും പിന്തുടരുന്ന സാഹചര്യത്തില്‍ വിവാഹം പലര്‍ക്കും ദീര്‍ഘകാല പദ്ധതിയായി മാറുന്നു. തൊഴില്‍സ്ഥിരതയും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കാതെ വിവാഹത്തിലേക്ക് കടക്കാന്‍ പലരും തയ്യാറാകുന്നില്ല. വിദേശത്തേക്കുള്ള കുടിയേറ്റവും ജോലിമാറ്റവും സ്വാഭാവിക കുടുംബജീവിതത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് സമൂഹം രൂപപ്പെടുത്തിയ പല രീതിയിലുള്ള സാമ്പത്തിക ഭാരങ്ങളും ഭാണ്ഡങ്ങളുമുണ്ട്. വിവാഹത്തിലെ അമിത ആവശ്യങ്ങള്‍, ആര്‍ഭാടങ്ങള്‍, ഭാരമായി മാറുന്ന കര്‍മങ്ങള്‍, സമ്മാനങ്ങള്‍, പൊലിമയ്ക്കു വേണ്ടിയുള്ള ആഘോഷങ്ങള്‍ തുടങ്ങിയവ യുവതീയുവാക്കളെ നെഗറ്റീവായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്.

വിവാഹാലോചന മുതല്‍ വിവാഹാനന്തര ചടങ്ങുകള്‍ വരെ ഉപരിപ്ലവമായ പ്രകടനപരതയുടെ ഇടങ്ങളായി മാറിയിട്ടുണ്ട്. പഴയ തലമുറയെ അപേക്ഷിച്ച് പുതുതലമുറ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു.

കുടുംബജീവിതം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ഭയം അവരില്‍ പലര്‍ക്കുമുണ്ട്. കൂടാതെ വിവാഹബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, വിവാഹമോചനങ്ങളുടെ വര്‍ധനവ് തുടങ്ങിയവയും യുവതലമുറയ്ക്ക് അനുകൂല സന്ദേശമല്ല നല്‍കുന്നത്.

(അവസാനിക്കുന്നില്ല)