നല്ല ഭര്‍ത്താവ് സ്‌നേഹവും കരുതലും കൂടിയാണ്


സ്‌നേഹമുള്ള ഭര്‍ത്താവ് ദാമ്പത്യബന്ധത്തിന്റെ സുപ്രധാന ഘടകമാണ്. സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്നവനാകും അവന്‍.

മുഹമ്മദ് നബി(സ)യും ഖദീജ(റ)യും തമ്മിലുള്ള സംതൃപ്തമായ ദാമ്പത്യ ജീവിതം ലോകത്തിന് മാതൃകയാണ്. ഇണയെ സ്‌നേഹിക്കാന്‍ നബി പഠിപ്പിച്ചു. അവളോടൊപ്പം ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ചേര്‍ന്നുനില്‍ക്കാന്‍ അദ്ദേഹം മാതൃക കാണിച്ചു.

ഇണയില്‍ നിന്നും മക്കളില്‍ നിന്നും കണ്‍കുളിര്‍മ പ്രതീക്ഷിക്കുന്നുവെങ്കില്‍, അതിനായി പ്രാര്‍ഥിക്കുന്നുവെങ്കില്‍ ഭര്‍ത്താവ് എന്ന നിലയ്ക്ക് ഭാര്യക്ക് കണ്‍കുളിര്‍മ നല്‍കുന്ന വിധത്തില്‍ ജീവിക്കണം. ശേഷമാണ് ആ പ്രാര്‍ഥന നിര്‍വഹിക്കുന്നതെങ്കില്‍ എത്ര അര്‍ഥവത്തായിരിക്കും!

വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ നാവില്‍ നിന്നു കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദം മറ്റൊന്നില്ലെന്ന് പറയാം. തന്റെ ഇണയെ സ്‌നേഹിക്കാത്തവന്‍ ഒരിക്കലും ഭര്‍ത്താവാകാന്‍ അര്‍ഹനല്ല. ഭര്‍ത്താവില്‍ നിന്ന് തന്നോടുള്ള സ്‌നേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനായി എത്രമാത്രം അവള്‍ കൊതിക്കുന്നുണ്ടെന്ന് ഭര്‍ത്താവ് മനസ്സിലാക്കണം.

അദ്ദേഹം അവളുടെ നന്മകള്‍ കണ്ടും പ്രോത്സാഹിപ്പിച്ചും വേണം ജീവിതം നയിക്കാന്‍. അവളുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന ശരിയല്ലാത്ത കാര്യങ്ങളെ സ്‌നേഹപൂര്‍വം ഉണര്‍ത്തുകയാണ് വേണ്ടത്. 'സ്‌നേഹമുള്ള ഭര്‍ത്താവ്' ഒരു നല്ല ദാമ്പത്യബന്ധത്തിന്റെ വളരെ സുപ്രധാനമായ ഘടകമാണ്.

സ്‌നേഹമുള്ള ഭര്‍ത്താവ് ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്നവനായിരിക്കും, ആശ്വാസവും താങ്ങും തണലുമായി വര്‍ത്തിക്കുന്നവനായിരിക്കും. അങ്ങനെയുള്ള പങ്കാളിയുടെ സ്ഥാനം വളരെ വലുതാണ്.

വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ''അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു'' (2:187) എന്ന സൂക്തം ദമ്പതികള്‍ക്കിടയില്‍ രൂപപ്പെടേണ്ട നിര്‍ലോഭമായ സ്‌നേഹപ്രവാഹത്തെയും പരസ്പര വിശ്വാസത്തെയും അറിയിക്കുന്നു. ഇണയുമൊത്ത് സമയം ചെലവഴിക്കുകയും പങ്കാളിക്ക് അര്‍ഹിക്കുന്ന സ്‌നേഹവും പരിഗണനയും നല്‍കാന്‍ ശ്രമിക്കുകയും ചെയ്യണം.

സ്ത്രീകളോടുള്ള കടമകള്‍

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി അവകാശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. അവന് അവളോട് നിര്‍ബന്ധമായും പാലിക്കേണ്ട കടമകളുണ്ട്. ''സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരോട് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്'' (ഖുര്‍ആന്‍ 2:228).

ഒരു നബിവചനം വളരെ ശ്രദ്ധേയമാണ്: ''അബ്ദില്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: നബി(സ) എന്നോട് പറഞ്ഞു: താങ്കള്‍ പകലുകള്‍ മുഴുവന്‍ നോമ്പ് അനുഷ്ഠിക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്ത എനിക്ക് ലഭിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: അതെ അല്ലാഹുവിന്റെ റസൂലേ.

നബി പറഞ്ഞു: താങ്കള്‍ അപ്രകാരം ചെയ്യരുത്. കാരണം താങ്കളുടെ ശരീരത്തിന് താങ്കളില്‍ നിന്ന് അവകാശമുണ്ട്. താങ്കളുടെ കണ്ണിന് താങ്കളില്‍ നിന്ന് അവകാശമുണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളില്‍ നിന്ന് അവകാശമുണ്ട്'' (ബുഖാരി: 5199).

അവളുടെ അവകാശങ്ങളും അവളോട് കാണിക്കേണ്ട കടമകളും ബാധ്യതകളും ഓരോ വധൂവരന്മാരും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീക്കു വേണ്ടി ഇസ്ലാം വളരെ കരുതലോടെയാണ് അതിന്റെ നിയമങ്ങള്‍ വരച്ചിട്ടുള്ളത്.

മഹ്ര്‍ വധുവിന്റെ അവകാശം

മഹ്ര്‍ ഇണയുടെ അവകാശമാണ്. ഇസ്‌ലാമികദൃഷ്ട്യാ ഭര്‍ത്താവ് ഭാര്യക്ക് നിര്‍ബന്ധമായും നല്‍കേണ്ട മൂല്യമുള്ള ഒന്നാണത്. സ്ത്രീകളെ ശാക്തീകരിക്കാന്‍ വേണ്ടിയാണത്. അവളെ ആദരിക്കുന്നതിന്റെ ഏറ്റവും പ്രധാന ഘടകമാണത്.

''അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ര്‍ ന്യായമായ നിലയില്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക'' (വി.ഖു 4:25). ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക'' (വി.ഖു 4:4). ഈ സൂക്തത്തില്‍ പ്രയോഗിച്ച നിഹ്‌ലത് എന്നതിനെ കുറിച്ച് തഫ്‌സീറില്‍ പറയുന്നത് ശ്രദ്ധേയമാണ്. ഇബ്‌നു സൈദ്(റ) പറഞ്ഞു: ''അറബികളുടെ പദാവലികളില്‍ നിഹ്‌ലത്ത് എന്നാല്‍ നിര്‍ബന്ധം എന്നാകുന്നു'' (ഇബ്‌നുകസീര്‍).

വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുമുള്ള വിവാഹങ്ങള്‍ സാധുവാകില്ല. സ്ത്രീകളുടെ രക്ഷിതാക്കളുടെ അടുത്തു നിന്നു സ്ത്രീധനം വാങ്ങി അതില്‍ നിന്ന് അല്‍പമെടുത്ത് മഹ്ര്‍ കൊടുക്കുന്ന രീതി കടുത്ത അനീതിയും മഹ്ര്‍ എന്ന സങ്കല്‍പത്തെ അട്ടിമറിക്കലുമാണ്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സ്വപ്രയത്‌നത്തില്‍ നിന്നുള്ളതോ തനിക്ക് പിതാവ് വഴിയോ മറ്റോ ഹലാലായ മാര്‍ഗത്തില്‍ ലഭിച്ച സമ്പത്തില്‍ നിന്ന് എടുത്താണ് മഹ്ര്‍ നല്‍കേണ്ടത്. വധു തൃപ്തിപ്പെടുന്നതുമായിരിക്കണം അത്.

സാമ്പത്തിക ചെലവുകള്‍

ഒരു വ്യക്തി വിവാഹം ചെയ്യുന്നതോടെ തന്റെ ഇണയ്ക്ക് ഭക്ഷണം, വസ്ത്രം, ചികിത്സ, താമസസൗകര്യം എന്നിവ നല്‍കല്‍ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാണ്. അത്തരം അടിസ്ഥാന കാര്യങ്ങള്‍ക്ക് സാമ്പത്തിക ചെലവുകള്‍ നിര്‍വഹിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. അവള്‍ സമ്പന്നയാണ് എങ്കിലും ആ ബാധ്യത ഭര്‍ത്താവിന്റെ ചുമതലയാണ്.

അല്ലാഹു ഉണര്‍ത്തുന്നു: ''അവര്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു'' (വി.ഖു: 2:233). ''കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവനു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ'' (വി.ഖു: 65:7).

ഇണയുടെയും കുഞ്ഞുങ്ങളുടെയും അടിസ്ഥാനവും പ്രധാനപ്പെട്ടതുമായ സാമ്പത്തിക ചെലവുകള്‍ ഭര്‍ത്താവ് വഹിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ ജോലി ചെയ്തുകൊണ്ടോ കച്ചവടം, കൃഷി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചുകൊണ്ടോ ഭര്‍ത്താവിനോ മക്കള്‍ക്കോ ചെലവ് ചെയ്യണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നേയില്ല, മറിച്ച്, അത് പുരുഷന്റെ ചുമതലയാണ്.

ചെലവിനു നല്‍കിയില്ലെങ്കില്‍

അര്‍ഹതപ്പെട്ടതും ന്യായവുമായ നിലയില്‍ ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ ആവശ്യമായത് അധികമാകാത്ത നിലയില്‍ അദ്ദേഹത്തിന്റെ ധനത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്. ഒരു ഹദീസ് വളരെ ശ്രദ്ധേയമാണ്.

''ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ)യോട് പരാതി പറഞ്ഞു: അബൂസുഫ്‌യാന്‍ പിശുക്കനാണ്. എനിക്കും കുട്ടികള്‍ക്കും ആവശ്യമായത് നല്‍കാറില്ല, അദ്ദേഹം അറിയാതെ ഞാന്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് എടുക്കുന്നത് ഒഴികെ. അപ്പോള്‍ നബി പറഞ്ഞു: നിനക്കും കുട്ടികള്‍ക്കും ന്യായമായ ആവശ്യത്തിന് അനിവാര്യമായത് എടുത്തുകൊള്ളുക'' (ബുഖാരി: 5364, മുസ്ലിം: 1714).

ഭാര്യയില്‍ നിന്ന് സേവനങ്ങള്‍ ആവശ്യപ്പെടുകയും അവളോട് മോശമായി പെരുമാറുകയും ചെയ്യുന്നത് നല്ല ഭര്‍ത്താവിന് ചേര്‍ന്നതല്ല.

അവള്‍ക്ക് അവന്‍ ചെലവിന് കൊടുക്കുന്നില്ലെങ്കില്‍ അത് കുറ്റകരമാണ്. അല്ലാഹുവിന്റെ ചോദ്യം നേരിടേണ്ടി വരും. അത് പാപമാണ്. നബി(സ) പറഞ്ഞു: ''തന്റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്നതുതന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്'' (മുസ്‌ലിം: 996). അംറുബ്‌നുല്‍ ആസ്വില്‍ നിന്ന്: ''നബി(സ) പറഞ്ഞു: താന്‍ ഭക്ഷണം നല്‍കി സംരക്ഷിക്കേണ്ടവര്‍ക്ക് അത് തടഞ്ഞുവെച്ചുകൊണ്ട് അവരെ ബുദ്ധിമുട്ടിക്കുന്നത് പാപമാണ്'' (അബൂദാവൂദ്: 1692).

ജാബിര്‍(റ) പറയുന്നു: ''റസൂല്‍ വിടവാങ്ങല്‍ ഹജ്ജിന്റെ പ്രസംഗത്തില്‍ ഉണര്‍ത്തി: നിങ്ങള്‍ സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലാഹുവിന്റെ ഒരു അമാനത്തായാണ് നിങ്ങള്‍ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനത്താലാണ് അവരുടെ ജനനേന്ദ്രിയം നിങ്ങള്‍ക്ക് അനുവദനീയമായത്.

നിങ്ങള്‍ വെറുക്കുന്ന ഒരാളെയും നിങ്ങളുടെ വിരിപ്പില്‍ (വീട്ടില്‍) പ്രവേശിപ്പിക്കാതിരിക്കുകയെന്നത് നിങ്ങളോടുള്ള അവളുടെ ഉത്തരവാദിത്തമാണ്. ഇനി അത് അവര്‍ ചെയ്താല്‍ ലഘുവായി അടിക്കുക. അവര്‍ക്ക് ന്യായമായ നിലയില്‍ ഭക്ഷണം, വസ്ത്രം എന്നിവ നല്‍കല്‍ നിങ്ങളുടെ മേല്‍ അവരോടുള്ള കടമയാണ്'' (മുസ്‌ലിം 1218).

താമസസൗകര്യം

ഇണയ്ക്ക് താമസസൗകര്യം ഉറപ്പാക്കല്‍ ഭര്‍ത്താവിന്റെ ചുമതലയാണ്. അത് സാമ്പത്തികമായ സാധ്യതയ്ക്കനുസരിച്ച് ധൂര്‍ത്തോ പിശുക്കോ കൂടാതെയാവണം. അല്ലാഹു പറയുന്നു: ''നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്'' (വി.ഖു: 65:6).

നീതി പാലിക്കുക

ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കിടയില്‍ നീതി പാലിക്കല്‍ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാണ്. പ്രത്യേകിച്ച് രാത്രി താമസിക്കുന്നതില്‍, സാമ്പത്തികമായ ചെലവുകള്‍, വസ്ത്രം തുടങ്ങിയവയില്‍ ഓരോ ഇണക്കും തുല്യമായി നീതിയോടെ വീതിച്ചുനല്‍കണം. ഇക്കാര്യത്തില്‍ അശ്രദ്ധയോ അലംഭാവമോ സൂക്ഷ്മതക്കുറവോ ഉണ്ടാകാന്‍ പാടില്ല.

ഒരേ സമയം ഒന്നിലധികം വിവാഹം തന്നെ കഴിക്കണമെങ്കില്‍ നീതി അനിവാര്യമാണ്. അവര്‍ക്കിടയില്‍ നീതി ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം കഴിക്കാന്‍ അനുവാദമുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക: ''എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക'' (വി.ഖു: 4:3).

അബൂഹുറയ്‌റ(റ) നിവേദനം: ''നിശ്ചയം, നബി (സ) പറഞ്ഞു: ആര്‍ക്കെങ്കിലും രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കുകയും എന്നിട്ട് അവന്‍ അവരില്‍ ഒരുവളിലേക്ക് കൂടുതല്‍ ആഭിമുഖ്യം കാണിക്കുകയും ചെയ്താല്‍ അവന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലായിരിക്കും അന്ത്യനാളില്‍ വരിക'' (അബൂദാവൂദ് 2133, ഇബ്‌നുമാജ 1969).

ബഹുഭാര്യാത്വം സ്വീകരിക്കുകയും ശേഷം അനീതി കാണിക്കുകയും ചെയ്താല്‍ അവന്‍ നിന്ദ്യനും അപമാനിതനുമായ നിലയിലായിരിക്കും പരലോകത്ത് വരിക. മഹാനായ ഇമാം ഇബ്‌നു ഹസം രേഖപ്പെടുത്തി: ''ഒരാള്‍ തന്റെ ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ഫര്‍ദാണ്. അതില്‍ ഏറ്റവും കൂടുതല്‍ നീതി പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് രാത്രികള്‍ ഓഹരിവെക്കുന്ന കാര്യത്തിലാണ്'' (അല്‍ മുഹല്ല).

മുന്‍ഗാമികള്‍ ഇണകള്‍ക്കിടയില്‍ കര്‍ശനമായ നീതി പുലര്‍ത്തിയിരുന്നു. മുജാഹിദി(റ)ല്‍ നിന്ന് നിവേദനം: ''ഭാര്യമാര്‍ക്കിടയില്‍ നീതി നടപ്പാക്കുന്നത് പൂര്‍വസൂരികള്‍ക്ക് പ്രിയങ്കരമായിരുന്നു, സുഗന്ധത്തിന്റെ കാര്യത്തില്‍ പോലും. ഒരാള്‍ക്ക് സുഗന്ധം നല്‍കിയാല്‍ അതുപോലെ അടുത്തയാള്‍ക്കും നല്‍കുമായിരുന്നു'' (മുസ്വന്നഫ് ഇബ്‌നു അബീശൈബ).

സ്‌നേഹമുള്ള ഭര്‍ത്താവ് ഇക്കാര്യങ്ങളെല്ലാം ഗൗരവമായി ശ്രദ്ധിക്കും. ഒരു ഭാര്യയെ കൂട്ടി യാത്ര പോവുകയാണെങ്കില്‍ അല്ലെങ്കില്‍ പുറത്തു പോയി ഭക്ഷണം കഴിക്കുകയാണെങ്കില്‍ അടുത്ത ഭാര്യക്കും അതുപോലുള്ള അവസരം ഒരുക്കേണ്ടതാണ്. യാത്ര പോകുമ്പോള്‍ നബി(സ) നറുക്ക് എടുക്കുമായിരുന്നു. അങ്ങനെ നീതി ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ മാതൃക.

ഉത്തമ സമീപനം

സ്‌നേഹമുള്ള ഭര്‍ത്താവ് ഇണയോട് ഉല്‍കൃഷ്ട സ്വഭാവത്തോടെയാണ് വര്‍ത്തിക്കുക. സൗമ്യതയോടെയാണ് അവളോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. ''അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്'' (4:19) എന്ന ഖുര്‍ആന്‍ വചനം അവന്‍ അനുധാവനം ചെയ്യുന്നു. ജീവിതത്തില്‍ പ്രയോഗവത്കരിക്കുന്നു.

ഭാര്യയുടെ കടമകള്‍ ഓര്‍ക്കുകയും അവളില്‍ നിന്ന് സേവനങ്ങള്‍ ആവശ്യപ്പെടുകയും അവളോട് മോശം പെരുമാറ്റം നടത്തുകയും ചെയ്യുന്നത് ഒരിക്കലും നല്ല ഭര്‍ത്താവിന് ചേര്‍ന്നതല്ല. ''സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരോട് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്'' (2:228).

നബി(സ) ഒരിക്കല്‍ ഉദ്‌ബോധനത്തില്‍ ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ സ്ത്രീകള്‍ക്ക് നന്മ ചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു'' (ബുഖാരി: 3153, മുസ്‌ലിം: 1468).


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.