ചെറുതെങ്കിലും സ്വന്തമായ ഒരു വീടുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കല്ലും സിമന്റും കമ്പിയും വെച്ച് വാര്‍ക്കുന്ന ഒരു കെട്ടിടമല്ലല്ലോ വീട്.
വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. ചെറുതെങ്കിലും സ്വന്തമായ ഒരു വീടുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കല്ലും സിമന്റും കമ്പിയും വെച്ച് വാര്‍ക്കുന്ന ഒരു കെട്ടിടമല്ലല്ലോ വീട്. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മുടെ വീടിനേക്കാള്‍ ഭംഗിയും സൗകര്യമുള്ള സൗധങ്ങള്‍ നമുക്ക് പ്രിയങ്കരമായേനെ.
ഹൃദയത്തോട് ചേര്‍ത്തു വെക്കുന്ന ഒരു വൈകാരിക ബന്ധമാണ് നമുക്ക് വീടിനോടുള്ളത്. അവിടെ അന്തിയുറങ്ങുമ്പോഴുള്ള സുഖം, അവിടെ ചെലവഴിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം ലോകത്ത് ഏത് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ലഭിക്കാത്തതാണ്. കാരണം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ ഇഴുകിച്ചേരലിന്റെ ഇടമാണ് ഭവനം. സൗകര്യമുള്ള ഭവനം മനുഷ്യന്റെ സൗഭാഗ്യങ്ങളില്‍ ഒന്നാണെന്ന് പ്രവാചകന്‍ സൂചിപ്പിച്ചത് ഏറെപ്രസക്തമാണ്.
വീടിന് ചന്തം നല്‍കുന്നത് ചുമരിന്റെ ഭംഗിയോ മുറ്റത്തെ പൂന്തോട്ടമോ അല്ല. വീടിന്റെ സൗന്ദര്യം അവിടെ വസിക്കുന്ന സ്‌നേഹസമ്പന്നരായ ആളുകളുടെ സാന്നിധ്യമാണ്. മനുഷ്യഹൃദയങ്ങളില്‍ സ്‌നേഹം, കരുണ, വാത്സല്യം തുടങ്ങിയ വികാരങ്ങള്‍ നിറച്ച സ്രഷ്ടാവ് എത്ര പരിശുദ്ധനാണ്. ഈ വികാരങ്ങള്‍ ആണല്ലോ മനുഷ്യ ജീവിതത്തിന് വര്‍ണ്ണം നല്‍കുന്നത്.
ഉപ്പ, ഉമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരീസഹോദരന്മാര്‍, പേരക്കിടാങ്ങള്‍ ഇവരെല്ലാം ഒന്നുചേര്‍ന്നു സ്‌നേഹം പങ്കുവെച്ചും സഹകരിച്ചും കഴിയുന്ന ഭവനം ഭൂമിയിലെ സ്വര്‍ഗം തന്നെയാണ്. അറബി ഭാഷയില്‍ വീടിന് മസ്‌കന്‍ എന്ന് പ്രയോഗിക്കാറുണ്ട്.
മനസ്സിന് ആനന്ദവും ആശ്വാസവും നല്‍കുന്ന ശാന്തി ഭവനമെന്ന് സാരം. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഉര്‍ജവും ഉന്മേഷവും വീണ്ടെടുക്കാനുള്ള അഭയ കേന്ദ്രം. 'അല്ലാഹു നിങ്ങളുടെ ഭവനങ്ങളെ വിശ്രമ സങ്കേതങ്ങള്‍ ആക്കിയിരിക്കുന്നു.' (വി.ഖു 16:80).
തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍ വീടും കുടുംബവും അവഗണിക്കപ്പെടുന്നു. അതിന്റെ സജീവത നഷ്ടമാകുന്നു.
തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍ വീടും കുടുംബവും അവഗണിക്കപ്പെടുന്നു. അതിന്റെ സജീവത നഷ്ടമാകുന്നു. സ്മാര്‍ട്ട്‌ഫോണും ഡിജിറ്റല്‍ ലോകവും കുടുംബാംഗങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധങ്ങളിലെ വൈറസ് ആയി മാറുന്നു. വീട്ടിലെ അടുക്കളയില്‍ പാചകം ചെയ്ത് തീന്‍മേശക്കു ചുറ്റുമിരുന്ന് കൊണ്ടും കൊടുത്തും കഴിക്കുന്ന ഭക്ഷണത്തില്‍ കലോറിയെക്കാള്‍ അപ്പുറം പലതും അടങ്ങിയിട്ടുണ്ട്.
പണവും പ്രശസ്തിയും പദവിയും എത്ര നേടിയാലും സാങ്കേതികവിദ്യയുടെ അത്ഭുതങ്ങള്‍ നമ്മെ ത്രസിപ്പിച്ചാലും വീടും കുടുംബവും നല്‍കുന്ന കുളിര്‍മ്മയ്ക്ക് പകരം നില്‍ക്കാന്‍ മറ്റൊന്നിനുമാവില്ല. കാരണം അതൊരു വ്യക്തിയുടെ വിജയത്തിന്റെ വളര്‍ച്ചയുടെ അടിത്തറയാണ്.
ഒക്കെയും കണ്ട് മടങ്ങുമ്പോഴാണല്ലോ
മക്കളേ, നിങ്ങളറിഞ്ഞിടുന്നു
നാടായ നാടൊക്കെ കണ്ടുവെന്നാകിലും
വീടാണ് ലോകം വലിയ ലോകം
- (ഒളപ്പമണ്ണ)
 
