ആകര്‍ഷകമായ രൂപവും ഭാവവും ഉള്ളവര്‍ മറ്റുള്ളവരാല്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. എന്നാല്‍ പുറംഭംഗിയില്‍ ഒരാളെയും അധികനാള്‍ ആകര്‍ഷിക്കാനാവില്ല.
വേഷവും വസ്ത്രവും മാത്രമല്ല, ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും ഭംഗിയുള്ളതാവാന്‍ നാം ആഗ്രഹിക്കുന്നു. അതുകൊണ്ടാണല്ലോ ഒരു സാധനം തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ നിറത്തിന് നാം പ്രാധാന്യം നല്‍കുന്നത്. ആകര്‍ഷകമായ രൂപവും ഭാവവും ഉള്ളവര്‍ മറ്റുള്ളവരാല്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.
എന്നാല്‍ പുറംഭംഗിയില്‍ ഒരാളെയും അധികനാള്‍ നമ്മിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യമല്ല. ഹൃദയത്തില്‍ നന്മയുടെ വെളിച്ചവും പെരുമാറ്റത്തില്‍ സൗമ്യതയുടെ തിളക്കവും ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ സൗന്ദര്യം തെളിഞ്ഞുവരുന്നത്. സല്‍സ്വഭാവത്തിന്റെ സൗന്ദര്യം കണ്ണുകളെ കൊതിപ്പിക്കുകയല്ല ഹൃദയങ്ങളെ സ്പര്‍ശിക്കുകയാണ് ചെയ്യുക.
നല്ല സ്വഭാവവും പെരുമാറ്റവും വ്യക്തിത്വത്തിന് അലങ്കാരമാണ്. സത്യസന്ധത, കരുണ, ബഹുമാനം, ഉത്തരവാദിത്തബോധം, സഹാനുഭൂതി, സഹായമനഃസ്ഥിതി, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങള്‍ മനുഷ്യന് ശ്രേഷ്ഠത നല്‍കും. കയ്യില്‍ കാശില്ലെങ്കിലും ചെറിയ ജോലിയോ കുറഞ്ഞ വരുമാനമോ ഉള്ളവരാണെങ്കിലും സ്വഭാവമേന്മയുണ്ടോ നിങ്ങളാണ് യഥാര്‍ത്ഥ 'റിച്ച്'.
'സല്‍ഗുണ സമ്പന്നന്‍' എന്ന ഭാഷാപ്രയോഗം തന്നെയുണ്ടല്ലോ. സ്വഭാവ ഗുണമുള്ളവര്‍ ധാരാളം ആള്‍സമ്പത്ത് ഉള്ളവര്‍ ആയിരിക്കും. നല്ല പെരുമാറ്റമുള്ളവനായി സൗഹൃദം സൃഷ്ടിക്കാന്‍ ആളുകള്‍ മുന്നോട്ടുവരും. സൗന്ദര്യവും സമ്പത്തും ഉണ്ടെങ്കിലും സ്വഭാവം മോശമാണെങ്കില്‍ അവരുമായുള്ള കൂട്ട് ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ല.
പുതിയ ഒരു ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ നമ്മള്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്: 'ആള്‍ എങ്ങനെയുണ്ട്.' ആളുടെ മുഖസൗന്ദര്യം അല്ല ചോദ്യം കൊണ്ട് അര്‍ഥമാക്കുന്നത്. നീളമോ നിറമോ വണ്ണമോ അല്ല.
പിന്നെ അയാളുടെ വ്യക്തിത്വം, സ്വഭാവം, പെരുമാറ്റം, ആളുകളുമായുള്ള ഇടപെടല്‍ അതാണ് കാര്യം. അപ്പോള്‍ ബന്ധങ്ങളുടെ ഈടിനും ഉറപ്പിനും ഊഷ്മളതക്കും ആനന്ദത്തിനും ബാഹ്യസൗന്ദര്യം അല്ല വേണ്ടത്, സ്വഭാവ സൗന്ദര്യമാണ്.
പണം കൊണ്ടും പദവികൊണ്ടും ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ ആവില്ല. അതിന് ലളിതമായ മാര്‍ഗം മതി. ജനങ്ങളുടെ പ്രകൃതമനുസരിച്ച് പെരുമാറുക. അവരുമായി നല്ല രീതിയില്‍ ഇടപെടുക. സംസാരം, പുഞ്ചിരി, സഹവാസം, ഇടപഴകല്‍ എല്ലാം സദുദ്ദേശ്യത്തോടെ ആവുക. അങ്ങനെയാവുമ്പോള്‍ ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കും.
ശരീരത്തിന്റെ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ സ്വഭാവവും പെരുമാറ്റവും ഭംഗിയുള്ളതാക്കാന്‍ പരിശ്രമിക്കുക, പ്രാര്‍ഥിക്കുക.
കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ജോലിസ്ഥലത്തും അയാള്‍ക്ക് സ്ഥാനവും അംഗീകാരവും ഉണ്ടാവും. അവരുമായി അടുക്കാനും ബന്ധം സ്ഥാപിക്കാനും എല്ലാവരും ഇഷ്ടപ്പെടും.
സ്വഭാവവും പെരുമാറ്റവും ഇസ്‌ലാമിക വിശ്വാസപ്രകാരം സുപ്രധാന കാര്യമാണ്. സല്‍സ്വഭാവം കൊണ്ട് ഒരാള്‍ക്ക് ഉന്നതസ്ഥാനം നേടാനാവുമെന്ന് തിരുനബി പഠിപ്പിച്ചു.
മുഹമ്മദ് നബിയോട് പുണ്യമെന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'പുണ്യം സല്‍സ്വഭാവമാണ്' എന്നായിരുന്നു. ജനങ്ങളോട് നല്ലത് പറയുക എന്നതാണ് ഖുര്‍ആനിന്റെ അധ്യാപനം. സല്‍സ്വഭാവം ജന്മസിദ്ധമായി ലഭിക്കുന്ന കാര്യമല്ല. നല്ല മനസ്സോടെ ബോധപൂര്‍വ്വം ഉണ്ടാക്കി എടുക്കേണ്ടതാണ്. സ്വയം വിലയിരുത്തല്‍ നടത്തി മെച്ചപ്പെടുത്തേണ്ടതാണ്.
ശരീരത്തിന്റെ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്ന നാം സ്വഭാവവും പെരുമാറ്റവും ഭംഗിയുള്ളതാക്കാന്‍ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും വേണം. പ്രവാചക തിരുമേനിയുടെ ശ്രദ്ധേയമായ പ്രാര്‍ത്ഥന നമുക്ക് മാതൃകയാവട്ടെ: ''അല്ലാഹുവേ, നീ എനിക്ക് നല്ല ശരീരഘടന പ്രദാനം ചെയ്തതുപോലെ വിശിഷ്ട സ്വഭാവവും പ്രദാനംചെയ്യണമേ.'' (അഹ്മദ്)
