ജീവിതാനുഗ്രഹങ്ങളുടെ ഫിലോസഫി


മനോഹരമായ ഈ പ്രപഞ്ചം കാണാനും കേള്‍ക്കാനും അനുഭവിക്കാനും അവസരം ലഭിച്ചവര്‍, കിട്ടാതെ പോയതും നഷ്ടപ്പെട്ടതുമോര്‍ത്ത് സങ്കടപ്പെട്ടിരിക്കുകയാണ്.

ജില്ലാ കലക്ടറെ ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കാനായി അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയതായിരുന്നു. വീല്‍ ചെയറിലിരുന്നുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ ചേംബറിലെത്തി. സര്‍, ഭിന്നശേഷിക്കാരുടെ ഒരു ആവശ്യവുമായി വന്നതാണ് ഞാന്‍. നമ്മുടെ നാട്ടില്‍ ഭിന്നശേഷി സൗഹൃദ ടാക്‌സികളില്ല.

ഞങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹനത്തില്‍ വീല്‍ചെയര്‍ കയറ്റാന്‍ പറ്റുന്ന രീതിയില്‍ കുറച്ച് ടാക്‌സികള്‍ റെഡിയാക്കി തന്നാല്‍ ഞങ്ങള്‍ക്ക് സ്വന്തമായി യാത്രാസൗകര്യം ലഭിക്കും. മറ്റുള്ളവരെ പ്രയാസപ്പെടുത്താതെ ഞങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇത് വലിയ സൗകര്യമായിരിക്കും.

പരിമിതികളെ അവസരങ്ങളായി കണ്ട് പോസിറ്റീവ് മനോഭാവത്തോടെ ജീവിതം നയിക്കുന്ന ഒരു യുവാവിനെയാണ് നാമിവിടെ കണ്ടത്. പോരായ്മകളില്‍ പരിഭവിച്ചിരിക്കാതെ സ്വയം പര്യാപ്തരായി മുന്നോട്ട് പോകണമെന്ന ജീവിതപാഠമാണ് ഇവര്‍ നമുക്ക് നല്‍കുന്നത്.

നിത്യവും നിരവധി അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നവരാണ് നാം. രൂചികരമായ ഭക്ഷണം കഴിച്ച്, സുഖമായി കിടന്നുറങ്ങി, സുന്ദരമായ വേഷം ധരിച്ച്, യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുന്നവര്‍! മനോഹരമായ ഈ പ്രപഞ്ചം കാണാനും കേള്‍ക്കാനും അനുഭവിക്കാനും അവസരം ലഭിച്ചവര്‍. എന്നിട്ടും കിട്ടാതെ പോയതും നഷ്ടപ്പെട്ടതുമോര്‍ത്ത് സങ്കടപ്പെട്ടിരിക്കുകയാണ് നമ്മള്‍.

ലഭ്യമായ ഒരായിരം അനുഗ്രഹങ്ങളിലേക്ക് മനസ്സിനെ ഫോക്കസ് ചെയ്യിച്ച് നഷ്ടചിന്തകളില്‍ നിന്ന് പുറത്തുകടക്കണം. കിട്ടാത്തതിനെ കുറിച്ച് മാത്രം ആലോചിച്ചിരുന്നാല്‍ കൈവന്ന സൗഭാഗ്യങ്ങളില്‍ നമുക്ക് സന്തോഷിക്കാനാവില്ല. ലഭ്യമായ നേട്ടങ്ങളും അനുഗ്രഹങ്ങളും കാണാന്‍ കഴിയുമ്പോള്‍ സംതൃപ്തിയും സന്തോഷവും ലഭിക്കും. ഉന്മേഷവും ഊര്‍ജസ്വലതയുമുണ്ടാവും.

നമ്മെക്കാള്‍ പ്രയാസങ്ങളും കഷ്ടതകളും അനുഭവിക്കുന്നവര്‍ എത്രയെത്ര ആളുകള്‍ ചുറ്റുമുണ്ട്. പക്ഷേ, മറ്റുള്ളവരുടെ നേട്ടങ്ങളിലേക്ക് കണ്ണും നട്ട് നെടുവീര്‍പ്പിടുകയാണ് നമ്മില്‍ പലരും.

ദുഖങ്ങളെ മറന്നും അനുഗ്രഹങ്ങളെ അനുസ്മരിച്ചും സന്തോഷത്തിന്റെ വഴി കണ്ടെത്തണം. വിശുദ്ധ ഖുര്‍ആന്‍ പലയിടത്തായി നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: 'മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക.'

നമ്മെക്കാള്‍ പ്രയാസങ്ങളും കഷ്ടതകളും അനുഭവിക്കുന്നവര്‍ എത്രയെത്ര ആളുകള്‍ ചുറ്റുമുണ്ട്. പക്ഷേ, സ്വന്തം അനുഗ്രഹങ്ങള്‍ നോക്കാതെ മറ്റുള്ളവരുടെ നേട്ടങ്ങളിലേക്ക് കണ്ണും നട്ട് നെടുവീര്‍പ്പിടുകയാണ് നമ്മില്‍ പലരും. സമ്പത്തും സൗകര്യവുമുള്ളവരെ നോക്കി എനിക്കൊന്നുമില്ലെന്ന് പരിഭവിച്ചിട്ടെന്തു ഫലം? 'അനുഗ്രഹങ്ങള്‍ എണ്ണി തിട്ടപ്പെടുത്തൂ. നിങ്ങള്‍ സന്തോഷവാനാകും' എന്നതാണ് മനശ്ശാസ്ത്ര തത്വം.

സന്തോഷത്തിനും സംതൃപ്തിക്കും കാഴ്ചയിലും കാഴ്ചപ്പാടിലും മാറ്റമുണ്ടാവണം. ജീവിതസുഖങ്ങളിലും സൗകര്യങ്ങളിലും താഴെയുള്ളവരിലേക്ക് നോക്കുക. ആരോഗ്യം, സൗന്ദര്യം, സമ്പത്ത്, ജോലി, വാഹനം, വീട്, കുടുംബം തുടങ്ങിയ ഭൗതിക കാര്യങ്ങളില്‍ നമ്മെക്കാള്‍ താഴ്ന്ന നിലവാരമുള്ളവരെ കുറിച്ചോര്‍ത്താല്‍ നാം തീര്‍ച്ചയായും സംതൃപ്തരാവും. സന്തോഷമുള്ളവരും നന്ദിയുള്ളവരുമാകും.

ഈ ലളിതമായ ഫിലോസഫിയാണ് പ്രവാചക തിരുമേനി നമുക്ക് നല്‍കിയത്: ''നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക. നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹു നിങ്ങള്‍ക്കു ചെയ്തു തന്നെ അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ ഏറ്റവും നല്ലത്.'' (ബുഖാരി, മുസ്‌ലിം)


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.