ആശയവിനിമയം കട്ട് ചെയ്യുക എന്നതാണ് ഊഷ്മള ബന്ധത്തിന്റെ തകര്‍ച്ചയുടെ തുടക്കം.
കൂട്ടുതേടുന്ന പ്രകൃതമാണ് മനുഷ്യന്റേത്. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുമ്പോഴാണ് നമുക്ക് ശാരീരികവും മാനസികവുമായ ആനന്ദം ലഭിക്കുന്നത്. സ്‌നേഹവും സൗഹൃദവും സുരക്ഷയും ഉള്ള ഇടങ്ങള്‍ നമുക്ക് പ്രിയപ്പെട്ടതാവും. അവിടെയുള്ളവര്‍ നമുക്ക് പ്രിയപ്പെട്ടവരും ആയിരിക്കും.
അതുകൊണ്ടാണ് വീട് നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നത്. അവിടെയുള്ള കുടുംബാംഗങ്ങള്‍ നമുക്ക് ഏറെ പ്രിയങ്കരമാകുന്നത്. അംഗീകാരവും ശ്രദ്ധയും നല്‍കുന്നവരുമായി അടുപ്പം സ്ഥാപിക്കാനാണ് നമ്മള്‍ ശ്രമിക്കുക.
ഇഷ്ടവും അടുപ്പവും ഉള്ളവരുടെ സാമീപ്യവും സാന്നിധ്യവും സംസാരവും എല്ലാവരും കൊതിക്കുന്നു. ഇഷ്ടാനുസരണം മറ്റുള്ളവര്‍ നമ്മോട് പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അടുപ്പത്തിന്റെ ആഴം വര്‍ധിക്കും.
പ്രിയപ്പെട്ടവരില്‍ നിന്ന് അനിഷ്ടകരമോ അപ്രതീക്ഷിതമോ ആയ പെരുമാറ്റം ഉണ്ടാവുമ്പോള്‍ ഇണക്കം പിണക്കം ആയി മാറുന്നു. ആശയവിനിമയം കട്ട് ചെയ്യുക എന്നുള്ളതാണ് ഊഷ്മള ബന്ധത്തിന്റെ തകര്‍ച്ചയുടെ തുടക്കം. ഇഷ്ടപ്പെടാത്ത എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികള്‍ പറയുന്നത് കേട്ടിട്ടില്ലേ; 'നിന്നോട് ഞാന്‍ മിണ്ടൂലാ.'
സ്‌നേഹവും സൗഹൃദവും ഉള്ളിടത്ത് തന്നെയാണ് പിണക്കം ഉണ്ടാവുന്നത്. ഇണക്കമുള്ളിടത്തേ പിണക്കമുള്ളൂ എന്ന് പറയാറുണ്ട്. ഏറ്റവും അടുപ്പമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പിണക്കത്തിനും അകല്‍ച്ചക്കും തീവ്രത കൂടും.
ഇണങ്ങുന്നവരോട് തെറ്റിപ്പിരിയാന്‍ ശ്രമിക്കുന്നവര്‍ നിന്നെ എനിക്ക് വേണ്ട എന്നല്ല പറയേണ്ടത്. നിന്റെ ഈ പ്രവൃത്തി, ഈ പെരുമാറ്റം എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നാണ്. വ്യക്തിയോടുള്ള ഇഷ്ടക്കുറവല്ല, സാഹചര്യത്തോടും പെരുമാറ്റത്തോടുമുള്ള വെറുപ്പാണ് ഇവിടെ പ്രതിഫലിക്കുന്നത്.
വ്യക്തികള്‍ പല പ്രകൃതക്കാരാണ്. ചിലര്‍ കൊച്ചു കാര്യങ്ങള്‍ പോലും വൈകാരികമായി കാണും. പെട്ടെന്ന് ക്ഷുഭിതരാവുകയും പ്രതികരിക്കുകയും പിണങ്ങുകയും ചെയ്യും. സ്വന്തം അനുഭവങ്ങള്‍ പ്രിയപ്പെട്ടവരെ നൊമ്പരപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. മാറാനും തിരുത്താന്‍ ശ്രമിക്കുകയും വേണം.
അനുഭവങ്ങള്‍ പ്രിയപ്പെട്ടവരെ നൊമ്പരപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. മാറാനും തിരുത്താന്‍ ശ്രമിക്കണം.
തെറ്റിദ്ധാരണ കൊണ്ടോ ഊഹം മൂലമോ അകല്‍ച്ച സംഭവിക്കുമ്പോള്‍ പിണങ്ങി മിണ്ടാതിരിക്കലല്ല പരിഹാരം. ക്ഷമാപൂര്‍വം കാര്യങ്ങള്‍ സംസാരിച്ചാല്‍ മഞ്ഞുരുകി ബന്ധങ്ങള്‍ പൂര്‍വാധികം ശക്തമാവും. അനിഷ്ടം തോന്നിയവരെ അകറ്റി നിര്‍ത്തുകയല്ല, പിണക്കത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ചേര്‍ത്തു പിടിക്കുകയാണ് വേണ്ടത്.
മനുഷ്യര്‍ക്കിടയില്‍ അടുപ്പവും സ്‌നേഹവും വളര്‍ത്താനാണ് മുഹമ്മദ് നബി(സ) മനുഷ്യരെ പഠിപ്പിച്ചത്. വെറുപ്പും വിദ്വേഷവും പിണക്കവും അകല്‍ച്ചയും വെടിയുകയും വേണം.
''നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങള്‍ ആവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നില്‍ക്കല്‍ മുസ്‌ലിമിന് അനുവദനീയമല്ല.'' (സ്വഹീഹ്മുസ്‌ലിം)
