ശാസ്ത്ര പുരോഗതി 'പൂമ്പൊടി'യടക്കം ഏറെ അസാധാര സാക്ഷികളെ ഈ ലോകത്ത് തന്നെ ഹാജരാക്കുന്നുണ്ട്.
കുറ്റവാളികള്‍ സാധാരണയായി അവര്‍ ചെയ്ത കുറ്റം സമ്മതിക്കാറില്ല. അങ്ങനെ വരുന്ന സമയത്താണ് സാക്ഷികളുടെ സാന്നിധ്യം പ്രസക്തമാകുന്നത്. സാക്ഷി വിസ്താരത്തിലെ ബോധ്യങ്ങളാണ് കേസുകളുടെ അന്തിമ തീരുമാനത്തിന് നിതാനമാകുന്നത്. ചിലപ്പോഴൊക്കെ സാക്ഷികള്‍ സാക്ഷ്യം വഹിക്കാന്‍ വിസമ്മതിക്കുകയോ തെറ്റായ സാക്ഷിമൊഴികള്‍ നല്‍കുകയോ ചെയ്യാറുണ്ട്.
ഇതേത്തുടര്‍ന്ന് വന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോവുകയും കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
പരലോക വിചാരണയിലും കുറ്റവാളികള്‍ കുറ്റം സമ്മതിക്കാന്‍ വിസമ്മതിക്കും. ആ സമയത്ത് അല്ലാഹു ചില അസാധാരണ സാക്ഷികളെ ഹാജരാക്കുന്നു. യാസീന്‍ (36:65), ഹാ-മീം സജദ (41:20) സൂറത്തുകളില്‍ ഈ സാക്ഷികളുടെ കാര്യം വിശദീകരിക്കുന്നുണ്ട്.
യാസീനില്‍ 65-ാം സൂക്തത്തില്‍ ഇങ്ങനെ പറയുന്നു: ''അന്ന് നാം അവരുടെ വായകള്‍ക്ക് മുദ്രവെക്കുകയും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്?''
ഹാ-മീം സജദയിലെ 20-ാം സൂക്തം ഇങ്ങനെ വായിക്കാം: 'അങ്ങനെ അവര്‍ (നരകത്തിന്റെ) അടുക്കല്‍ വരുമ്പോള്‍, അവരുടെ കേള്‍വിയും (കാതുകളും), അവരുടെ കാഴ്ചകളും (കണ്ണുകളും), അവരുടെ തൊലികളും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവര്‍ക്കെതിരെ സാക്ഷി പറയുന്നതാണ്.
കൈകള്‍, കാതുകള്‍, കണ്ണുകള്‍, തൊലികള്‍, കാലുകള്‍ എന്നീ അസാധാരണ സാക്ഷികള്‍ പരലോകത്താണ് സാക്ഷിപറയുന്നത്. എന്നാല്‍ ശാസ്ത്ര പുരോഗതി 'പൂമ്പൊടി'യടക്കം ഏറെ അസാധാര സാക്ഷികളെ ഈ ലോകത്ത് തന്നെ ഹാജരാക്കാറുണ്ട്.
1959ല്‍ മേയ് മാസം സെന്‍ട്രല്‍ സ്വീഡനിലേക്ക് യാത്ര തിരിച്ച ഒരു സ്ത്രീ കൊല്ലപ്പെട്ടു. കേസ് കോടതിയിലെത്തി. സ്ത്രീയുടെ വസ്ത്രത്തില്‍ പുരണ്ട അഴുക്ക് സൂക്ഷ്മ പരിശോധന നടത്താന്‍ ജഡ്ജി നിര്‍ദേശിച്ചു. മൃതദേഹം കാണപ്പെട്ടിടത്താണോ അവര്‍ കൊല്ലപ്പെട്ടതെന്നറിയുകയായിരുന്നു ഉദ്ദേശ്യം.
പരിശോധനയില്‍ അവര്‍ അവിടെയല്ല കൊല്ലപ്പെട്ടതെന്നു മനസ്സിലായി. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് സാധാരണ കാണുന്ന ചെടികളുടെ പൂമ്പൊടി ആ അഴുക്കില്‍ ഉണ്ടായിരുന്നില്ല. കൊലക്കേസില്‍ സാക്ഷിപ്പട്ടികയിലേക്കുള്ള പൂമ്പൊടിയുടെ ആഗമനമായിരുന്നു ആ കേസെന്നു പറയാം.
പൂമ്പൊടി, പൂവ് ഉല്പാദിപ്പിക്കാത്ത ചെടികളുടെ അതിസൂക്ഷ്മ സ്‌പോറുകള്‍, മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ മാത്രം കാണാന്‍ കഴിയുന്ന അതിസൂക്ഷ്മ സസ്യജാലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് പാലിനോളജി.
സൂക്ഷ്മ സസ്യങ്ങള്‍, വ്യത്യസ്ത ചെടികളുടെ പൂമ്പൊടി, വ്യത്യസ്ത സ്‌പോറുകള്‍, സൂക്ഷ്മ ഫോസിലുകള്‍ എന്നിവയൊക്കെ പാലിനോളജിസ്റ്റുകള്‍ക്ക് തിരിച്ചറിയാനാവും. അതുകൊണ്ട് തന്നെ ഫോറന്‍സിക്ക് പാലിനോളജി പല രാജ്യങ്ങളിലും കുറ്റാന്വേഷണത്തില്‍ പങ്കാളിത്തം വഹിക്കുന്നു.
ഓസ്ട്രിയയില്‍ 1969ലുണ്ടായ ഒരു സംഭവം പരിശോധിക്കാം. ഡാന്യൂബ് നദിയിലൂടെ യാത്ര ചെയ്ത ഒരു മനുഷ്യനെ വിയന്നക്കടുത്ത് കാണാതായി. പക്ഷേ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാണാതായ മനുഷ്യനോട് ശത്രുത പുലര്‍ത്തിയിരുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അയാള്‍ കുറ്റം നിഷേധിച്ചു. തെളിവുകളില്ലാതെ എങ്ങനെ കേസ് മുന്നോട്ട് കൊണ്ടു പോകും.
അപ്പോഴാണ് കസ്റ്റഡിയിലെടുത്ത ആളുടെ ഷൂസില്‍ പുരണ്ട മണ്ണ് പരിശോധിക്കാന്‍ ഫോറന്‍സിക്ക് പാലിനോളജിസ്റ്റിന്റെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചത്. വിയന്നയുടെ വടക്ക് ഡാന്യൂബ് താഴ്‌വരയില്‍ കാണുന്ന നാല് തരം ചെടികളുടെ പൂമ്പൊടി, അവിടുത്തെ മണ്ണില്‍ മാത്രം കാണുന്ന ഫോസില്‍ അവശിഷ്ടങ്ങള്‍ എന്നിവ ഷൂസില്‍ പുരണ്ട മണ്ണിലുണ്ടെന്ന് കണ്ടെത്തി. പ്രതിയെ ആ പ്രദേശത്ത് കൊണ്ടുപോയി ചോദ്യം ചെയ്തു. ആ മനുഷ്യനെ കൊല ചെയ്ത സ്ഥലവും മറവുചെയ്ത സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുത്തു.
ബോസ്‌നിയ സെബ്രെനിറ്റ്‌സയില്‍ നടന്ന വംശഹത്യയുടെ ചുരുളഴിച്ചതും പൂമ്പൊടി തന്നെ. സിറ്റ്‌സര്‍ലന്റുകാരനായ മാക്‌സ്‌ഫെറി കൊലയാളിയെ വലയിലാക്കിയതും പൂമ്പൊടി വിദ്യ ഉപയോഗിച്ച്. കൊലയാളിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ അയാള്‍ എത്രയോ മാസമായി അയാളുടെ തോക്കുപയോഗിച്ചിട്ടില്ലെന്നും അതു തുരുമ്പിക്കാതിരിക്കാന്‍ ഗ്രീസ് പുരട്ടി പെട്ടിയില്‍ സൂക്ഷിച്ചതാണെന്നു ആണയിട്ടു.
പക്ഷേ തോക്കില്‍ പുരട്ടിയ ഗ്രീസില്‍ സംഭവ സ്ഥലത്ത് അതു നടന്നകാലത്ത് പൂക്കുന്ന അള്‍ഡര്‍, ബ്രിച്ച് എന്നിവയുടെ പൂമ്പൊടി കണ്ടെത്തി. അങ്ങനെ കുറ്റവാളിക്കെതിരെ ശക്തമായ തെളിവു കാരണം അയാള്‍ ശിക്ഷിക്കപ്പെട്ടു.
വ്യാജരേഖ ചമച്ച മറ്റൊരു കേസും പൂമ്പൊടിയുടെ സഹായത്താല്‍ അദ്ദേഹം തെളിയിച്ചു. രേഖ ഒപ്പുവെച്ചത് ജൂണില്‍ എന്നായിരുന്നു അതില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രേഖയില്‍ ഒപ്പുവെച്ച മഷിയില്‍ ശരത്കാലമായ സപ്തംബര്‍-നവംബര്‍ മാസത്തില്‍ പൂക്കുന്ന ചെടികളുടെ പൂമ്പൊടിയുടെ അംശമുണ്ടായിരുന്നു. ജൂണാകട്ടെ സ്വിറ്റ്‌സര്‍ലന്റില്‍ വേനല്‍ക്കാലമാണ്. യൗവന കാലത്തെത്തും മുമ്പ് തന്നെ പൂമ്പൊടിവിദ്യ ഏറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കി.
പൂമ്പൊടി സ്‌പോറുകള്‍ വളരെ ചെറുതും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതുമാണ്. എളുപ്പത്തില്‍ മറ്റു വസ്തുക്കളില്‍ ഒട്ടിപ്പിടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
പോളന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്ന പൂമ്പൊടി സ്‌പോറുകള്‍ വളരെ ചെറുതും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതുമാണ്. എളുപ്പത്തില്‍ മറ്റു വസ്തുക്കളില്‍ ഒട്ടിപ്പിടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ടാണ് ഷൂവില്‍ പുരണ്ട മണ്ണിലും, ഒപ്പുവെച്ച മഷിയിലും അവയെ കണ്ടെത്താനായത്. വസ്ത്രത്തില്‍ ഒട്ടിപ്പിടിച്ചത് കഴുകിയാല്‍ പോലും പൂര്‍ണമായും പോവുകയില്ല. അതുകൊണ്ടു തന്നെ ശേഷിക്കുന്ന അംശങ്ങള്‍ വിദഗ്ധന്റെ ദൃഷ്ടിയില്‍ പെടും.
സസ്യങ്ങളിലെ പരാഗണമാണല്ലോ പൂമ്പൊടിയുടെ പ്രധാന ദൗത്യം. അതിനു കുറച്ചു പൂമ്പൊടിയല്ലേ ആവശ്യമുള്ളൂ എന്ന ചോദ്യം ഉയരാറുണ്ട്. അതിനുള്ള വിശദീകരണം പരാഗണം നടക്കുമ്പോള്‍ ധാരാളം പൂമ്പൊടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്. എന്നാല്‍ അതിനുമപ്പുറം ചില ലക്ഷ്യങ്ങള്‍ പൂമ്പൊടിയുടെ വന്‍തോതിലുള്ള ഉല്പാദനത്തിലുണ്ട്.
തേനീച്ചകള്‍ പൂമ്പൊടി ശേഖരിക്കുകയും ആഹരിക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ഏറെ പൂമ്പൊടി ശേഷിക്കുന്നുണ്ട്. എന്തിനായിരിക്കും ഇത്രയേറെ പൂമ്പൊടി ഉല്പാദിപ്പിക്കുന്നത്. വെറുതെയാണോ? അല്ല, ഉത്തരം ഖുര്‍ആനിലെ സൂറത്തുല്‍ ആലുഇംറാനില്‍ കാണാം.
അവിടെ ബുദ്ധിജീവികളുടെ പ്രസ്താവന ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്. അതിലെ ഒരു പ്രതിപാദ്യം ഇതാണ്: 'രക്ഷിതാവേ നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല.' എങ്കില്‍ പഠനവും മനനവും ഖുര്‍ആനിന്റെ അമാനുഷികത വെളിവാക്കുന്നില്ലേ?
