സ്വശരീരത്തെക്കാള്‍ ഉറ്റവന്‍ പ്രവാചകന്‍


ഏതൊരു വിശ്വാസിക്കും അല്ലാഹു കഴിഞ്ഞാല്‍ ഏറ്റവും അധികം കടപ്പാടും സ്‌നേഹവുമുണ്ടാവേണ്ടത് മുഹമ്മദ് നബി(സ)യോടാണ്.

'പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വശരീരത്തേക്കാള്‍ ഉറ്റവനാകുന്നു. പ്രവാചക പത്നിമാരോ അവരുടെ മാതാക്കളുമാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്, കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അടുപ്പമുള്ളവരത്രേ. നിങ്ങള്‍ സ്വന്തം മിത്രങ്ങള്‍ക്ക് വല്ല നന്മയും പ്രത്യേകം ചെയ്യുന്നുവെങ്കില്‍ ആകാവുന്നതാണ്. ഈ വിധി വേദഗ്രന്ഥത്തില്‍ എഴുതപ്പെട്ടതുമാകുന്നു' (ഖുര്‍ആന്‍ 33:36).

ഏതൊരു വിശ്വാസിക്കും അല്ലാഹു കഴിഞ്ഞാല്‍ ഏറ്റവും അധികം കടപ്പാടുള്ളത് മുഹമ്മദ് നബി(സ)യോടാണ്. മാതാപിതാക്കള്‍ അടക്കമുള്ള ഉറ്റബന്ധുക്കള്‍ ഭൗതിക ജീവിതത്തില്‍ നമുക്ക് പല തരത്തിലും വലിയ സഹായികളായിരിക്കാം. എന്നാല്‍ ശാശ്വതമായ പാരത്രിക ജീവിത വിജയപാത നമുക്ക് കാണിച്ചുതരുകയും നമ്മെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്ത മുഹമ്മദ് നബിയോടുള്ള ബന്ധവും സ്നേഹവും മറ്റേതിനേക്കാളും വലുതായിരിക്കണം.

നബി പറഞ്ഞു: ''ഞാന്‍ ഒരാള്‍ക്ക് അവന്റെ മാതാപിതാക്കള്‍, മക്കള്‍, മുഴുവന്‍ ജനങ്ങള്‍ എന്നിവരേക്കാള്‍ ഏറ്റവും പ്രിയപ്പെട്ടവനാകാകാതെ അവന് ശരിയായ വിശ്വാസിയാകാനാവില്ല'' (ബുഖാരി, മുസ്ലിം).

സ്വന്തം ബന്ധുക്കള്‍ പോലും ചിലപ്പോള്‍ ഒരാളെ അപകടത്തിലേക്ക് നയിക്കാം. എന്നാല്‍ മുഹമ്മദ് നബി ഈ സമൂഹത്തിന്റെ കാര്യത്തില്‍ അതീവ തല്‍പരനും എല്ലാവരെയും നന്മയിലേക്ക് വഴികാട്ടാന്‍ മാത്രം പ്രവര്‍ത്തിച്ച വ്യക്തിയുമാണ്.

പ്രവാചക പത്‌നിമാര്‍ക്ക് പ്രത്യേക പദവി നല്‍കപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ മാതാക്കള്‍ എന്നാണ് അവരെ വിളിക്കുന്നത്. സ്വന്തം മാതാപിതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. മാതാക്കളെ വിവാഹം കഴിക്കല്‍ നിഷിദ്ധമായതുപോലെ പ്രവാചകനു ശേഷം അവരെ വിവാഹം കഴിക്കാനും ഒരാള്‍ക്കും അനുവാദമില്ല. എന്നാല്‍ അനന്തരാവകാശം, ഹിജാബ്, അവരുടെ മക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ അവരെ യഥാര്‍ഥ മാതാക്കളായി കണക്കാക്കിയിരുന്നില്ല.

ഏറ്റവും കൂടുതല്‍ സ്നേഹം പ്രവാചകനോടായിരിക്കണം. പ്രവാചകനെ പിന്‍പറ്റി ജീവിക്കുകയും മാതൃകയില്ലാത്ത കാര്യങ്ങളെ സ്വീകരിക്കാതിരിക്കലുമാണ് സ്‌നേഹപ്രകടനത്തിന്റെ രൂപം.

കുടുംബബന്ധത്തിന് മഹത്തായ സ്ഥാനമാണ് അല്ലാഹു നിശ്ചയിച്ചത്. മദീനയില്‍ എത്തിയ മുഹാജിറുകളെയും അന്‍സാറുകളെയും പ്രവാചകന്‍ സഹോദരന്മാരായി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അനന്തര സ്വത്തിനു പോലും അവര്‍ക്ക് പരസ്പരാവകാശം നല്‍കിയിരുന്നു. പിന്നീട് അനന്തര സ്വത്തിന്റെ കുടുംബാവകാശികളെ ഖുര്‍ആന്‍ പ്രഖ്യാപിച്ചു.

കുടുംബബന്ധം, സാഹോദര്യബന്ധം എന്നിവ അതിമഹത്തായ കാര്യമായി കാണുകയും അത് നിലനിര്‍ത്താനുള്ള ധാരാളം പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ഇസ്ലാം ചെയ്തത്. സത്യവിശ്വാസികള്‍ ഒരു ശരീരം കണക്കെ ഐക്യത്തിലും സ്നേഹത്തിലും ജീവിക്കണം.

എന്നാല്‍ ഏറ്റവും കൂടുതല്‍ സ്നേഹം പ്രവാചകനോടുമായിരിക്കണം. പ്രവാചകനെ പിന്‍പറ്റി ജീവിക്കുകയും മാതൃകയില്ലാത്ത കാര്യങ്ങളെ സ്വീകരിക്കാതിരിക്കലുമാണ് സ്‌നേഹപ്രകടനത്തിന്റെ രൂപം.