സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയുടെ ജനതയെപ്പോലെ പ്രവാചകനെ ക്ലേശിപ്പിക്കുന്നവരാകരുത്. അവരെപോലെ തെളിവുകളെ നിരാകരിക്കുന്നവരുമാകരുത്.
يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ
تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ .كُنْتُمْ تَعْلَمُونَ
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ
يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ ۖ فَآمَنَتْ طَائِفَةٌ مِنْ بَنِي إِسْرَائِيلَ وَكَفَرَتْ طَائِفَةٌ ۖ فَأَيَّدْنَا الَّذِينَ آمَنُوا عَلَىٰ عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ
- വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ?
- അല്ലാഹുവിലും റസൂലിലും നിങ്ങള്‍ വിശ്വസിക്കുക. ദൈവമാര്‍ഗത്തില്‍ സമ്പത്തും ശരീരവും ഉപയോഗിച്ച് സമരം ചെയ്യുക. നിങ്ങള്‍ക്ക് വിവരമുണ്ടെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം.
- എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരും. അടിയിലൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. നിത്യവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ ഉത്തമ സദനങ്ങളില്‍ നിങ്ങളെ അവന്‍ താമസിപ്പിക്കും. അതാണ് മഹത്തായ വിജയം.
- നിങ്ങള്‍ അഭിലഷിക്കുന്ന മറ്റൊരു അനുഗ്രഹവും അവന്‍ നിങ്ങള്‍ക്ക് നല്‍കും. അല്ലാഹുവില്‍ നിന്നുള്ള സഹായവും ആസന്നവിജയവുമാണത്. ഈ ശുഭവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുക.
- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക. ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട് എന്ന് മര്‍യമിന്റെ മകന്‍ ഈസ ഹവാരികളോട് ചോദിച്ചല്ലോ. 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്' എന്ന് ഹവാരികള്‍ അപ്പോള്‍ മറുപടി പറഞ്ഞു. തല്‍സമയം ഇസ്രാഈല്‍ സന്താനങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചു. മറ്റൊരു വിഭാഗം നിഷേധിച്ചു. അപ്പോള്‍ വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം പിന്‍ബലം നല്‍കി. അങ്ങനെ അവര്‍ ജേതാക്കളായി (സ്വഫ്ഫ് 10-14).
ആശയം
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയുടെ ജനതയെപ്പോലെ പ്രവാചകനെ ക്ലേശിപ്പിക്കുന്നവരാകരുത്. ഈസാ നബിയുടെ ജനതയെ പോലെ തെളിവുകളെ നിരാകരിക്കുന്നവരുമാകരുത്. ഈ ജീവിതം ഒരു വ്യാപാരമാണ്. ഈ വ്യാപാരത്തിന്റെ അങ്ങാടിയില്‍ സുരക്ഷിതമായ കച്ചവടത്തിന്റെ മാര്‍ഗങ്ങള്‍ നിങ്ങള്‍ അന്വേഷിക്കുന്നു.
അതിനായുള്ള മൂലധനത്തെപ്പറ്റിയും കച്ചവട വസ്തുക്കളെപ്പറ്റിയും നിങ്ങള്‍ ശരിക്കും ബോധവാന്മാരാകണം. മൂലധനം സത്യവിശ്വാസമായിരിക്കണം. മൂലധനത്തിന് രണ്ട് ഉള്‍പ്പിരിവുകളുണ്ട്. ഒന്ന് ഏകനായ സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസം. അതിന്റെ അനുബന്ധമായി മാതൃകാധന്യനായ തിരുദൂതരിലുള്ള നിസ്വാര്‍ഥമായ വിശ്വാസവും. ഇതിന് രണ്ടു തരം ചരക്കുകളാണ് നിങ്ങള്‍ മാര്‍ക്കറ്റില്‍ വിപണനം നടത്തേണ്ടത്.
അതിലൊന്ന് നിങ്ങളുടെ സ്വശരീരം കൊണ്ടുള്ള കഠിനമായ പരിശ്രമങ്ങളാണ്. രണ്ടാമത്തേത് നിങ്ങള്‍ ഏറെ വിലമതിക്കുന്ന നിങ്ങളുടെ സമ്പത്ത് ദൈവമാര്‍ഗത്തില്‍ നിഷ്‌കളങ്കമായി വിനിയോഗിക്കാനുള്ള നിങ്ങളുടെ മാനസിക സന്നദ്ധതയാണ്. ജീവിതലക്ഷ്യത്തെപ്പറ്റി ആപാദചൂഢം അവബോധമുള്ളവരെങ്കില്‍ നിങ്ങള്‍ക്കിത് ഗ്രഹിക്കാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല.
ഈ വ്യാപാരരംഗത്ത് നിങ്ങള്‍ സജീവരാവുകയാണെങ്കില്‍ രണ്ട് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കൊയ്യാനാകും. ഒന്ന് ജീവിതത്തില്‍ അറിവില്ലായ്മ മുഖേന വന്നുചേര്‍ന്ന പാപങ്ങളുടെയും കുറ്റങ്ങളുടെയും കറകള്‍ കഴുകിക്കളയുക എന്നതാണ്. രണ്ടാമത്തേത് ആനന്ദത്തിന്റെ ആഹ്ലാദലഹരിയില്‍ നിങ്ങള്‍ക്ക് ആറാടാവുന്ന, അടിയിലൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളിലെ ആവാസമാണ്.
അവിടത്തെ ഉദാത്തമായ സദനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇതിനു പുറമേ മറ്റ് രണ്ട് അനുഗ്രഹച്ചെപ്പുകളും നിങ്ങള്‍ക്കേകും. അതിലൊന്ന് അല്ലാഹുവിന്റെ അപാരമായ സഹായവും മറ്റൊന്ന് അനന്തമായ വിജയവുമാണ്. ഈ ശുഭ വാര്‍ത്തകളില്‍ സത്യവിശ്വാസികളുടെ മനസ്സുകള്‍ ആനന്ദം അനുഭവിക്കട്ടെ.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ തുണയ്ക്കുന്നുവെങ്കില്‍ നിങ്ങളെയും തുണയ്ക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.
ഈ വിജയസോപാനം കരഗതമാക്കാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ സഹായികളാവുക. ഈസാ നബി തന്റെ സന്തത സഹചാരികളോട് ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട് എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഏക സ്വരത്തില്‍ മറുപടി പറഞ്ഞു:
ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധരാണ്. എന്നാല്‍ ഇസ്രാഈല്‍ ജനതയില്‍ നിന്ന് ഒരു വിഭാഗം ഈ മാര്‍ഗം പിന്തുടര്‍ന്നു. മറ്റൊരു വിഭാഗം നിരാകരണത്തിന്റെയും നിഷേധത്തിന്റെയും പാത പിന്തുടര്‍ന്നു. ദൈവമാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധരായവര്‍ ജേതാക്കളായി. അതിനാല്‍ നിങ്ങള്‍ ദൈവമാര്‍ഗത്തില്‍ മുതലിറക്കുന്ന ഹവാരികളുടെ മാര്‍ഗം പിന്തുടരുക. എങ്കില്‍ നിങ്ങള്‍ക്ക് ലാഭം കൊയ്യാം, ജേതാക്കളാകാം.
വിശ്വാസികളേ, എക്കാലത്തും വിജയത്തിന്റെ വ്യാപാരമുഖങ്ങള്‍ ഇതാണെന്ന് നിങ്ങള്‍ ശരിയാംവണ്ണം ഗ്രഹിക്കുക. അതിനാല്‍ ദുന്‍യാവിനു വേണ്ടിയുള്ള ഈ കിടമത്സരത്തിന്റെ അങ്ങാടിയില്‍ ആഖിറത്തിനു വേണ്ടിയുള്ള കട തുറക്കാന്‍ ശ്രമിക്കുക.
ദൈവമാര്‍ഗത്തിലെ വ്യാപാരം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ശരീരവും സമ്പത്തും വിനിമയം ചെയ്യുന്നവരെപ്പറ്റി ഖുര്‍ആന്‍ ഇപ്രകാരം പ്രസ്താവിക്കുന്നു:
إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُمْ بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന വ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്.
തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവേക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ (അത്തൗബ 111).
അല്ലാഹുവിന്റെ സഹായം ലഭിക്കല്‍
അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സ്വയം അര്‍പ്പിക്കുന്നതിലൂടെ അല്ലാഹുവിന്റെ സഹായികളായി മാറിയാല്‍ അല്ലാഹു നമ്മെ സഹായിക്കുമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ തുണയ്ക്കുന്നുവെങ്കില്‍ നിങ്ങളെയും തുണയ്ക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും (മുഹമ്മദ് 7).
وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ ۗ
തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും (അല്‍ഹജ്ജ് 40). തീര്‍ച്ചയായും നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളെയും നാം സഹായിക്കും. ഈ ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തുവരുന്ന അന്ത്യനാളിലും (മുഅ്മിന്‍ 51)
ഹവാരികള്‍
ഈസാ നബിയുടെ ഉത്തമ സഹായികളായ വിശ്വാസികളെ സംബന്ധിച്ച് ഖുര്‍ആനില്‍ പറയുന്നു:
فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: ദൈവമാര്‍ഗത്തില്‍ എനിക്ക് സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും (ആലുഇംറാന്‍ 52).
