ഉത്തരം നല്‍കപ്പെടാത്ത പ്രാര്‍ഥനകളില്‍ നിന്നഭയം


ഒരേ അനുഭവങ്ങളില്‍ വ്യത്യസ്ത മനുഷ്യരില്‍ നിന്നുണ്ടാകുന്ന പ്രതികരണം അവരുടെ മാനസിക ശക്തിക്കും ദൗര്‍ബല്യത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا ، اللَّهْمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لاَ يَخْشَعُ، وَمِنْ نَفْسٍ لاَ تَشْبَعُ ، وَمِنْ عِلْمٍ لاَ يَنْفَعُ ، وَدَعْوَةٍ لاَ يُسْتَجَابُ لهَاَ

  • അല്ലാഹുവേ, എന്റെ ശരീരത്തിന് നീ അതിന്റെ ഭക്തി നല്‍കേണമേ. നീ അതിനെ സംസ്‌കരിക്കേണമേ. നീ അതിനെ സംസ്‌കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ, ഭയപ്പെടാത്ത ഹൃദയത്തില്‍ നിന്നും വിശപ്പു മാറി നിറയാത്ത ശരീരത്തില്‍ നിന്നും ഉപകാരപ്പെടാത്ത അറിവില്‍നിന്നും ഉത്തരം നല്‍കപ്പെടാത്ത പ്രാര്‍ഥനയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു (മുസ്ലിം 2722).

മനുഷ്യന്‍ ജീവിതത്തില്‍ പല അവസ്ഥകളിലൂടെയും കടന്നുപോകുന്നവനാണ്. ജീവിത പരിസരങ്ങളില്‍ അവന് ഉണ്ടാവുന്ന അനുഭവങ്ങളോട് മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഒരേ അനുഭവങ്ങളില്‍ വ്യത്യസ്ത മനുഷ്യരില്‍ നിന്നുണ്ടാകുന്ന പ്രതികരണ വ്യത്യാസങ്ങള്‍ അവരുടെ മാനസികമായ ശക്തിക്കും ദൗര്‍ബല്യത്തിനും അനുസരിച്ചായിരിക്കും.

മാനസികമായ കരുത്ത് കരസ്ഥമാക്കുന്നതിനും അതില്‍ നിന്ന് ശാരീരിക ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്നതിനും അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തി ആവശ്യമാണ്. ഭക്തിയുള്ളതും നിര്‍ഭയത്വപൂര്‍ണവുമായ ശാരീരിക-മാനസികാവസ്ഥ നേടിയെടുക്കാന്‍ പ്രവാചകന്‍ (സ) പഠിപ്പിച്ച പ്രാര്‍ഥനയാണിത്.

മനസ്സിനെയും ശരീരത്തെയും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്ന, അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കാന്‍ കഴിയുന്ന, ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന ഭയഭക്തി പ്രദാനം ചെയ്യാനാണ് ആദ്യ തേട്ടം. മനസ്സിന്റെ ശുദ്ധീകരണവും നിര്‍ബന്ധമാണ്.

അല്ലാഹുവിനെക്കുറിച്ചുള്ള ഭയം നഷ്ടപ്പെട്ടുപോകുന്ന ഹൃദയം ഉണ്ടാകാതിരിക്കാനാണ് ഒന്നാമത്തെ അഭയ തേട്ടം. അങ്ങനെ സംഭവിക്കുമ്പോള്‍ ഹൃദയം കഠിനമായിപ്പോവുകയും പിന്നീട് ഉപദേശങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാതെ പൂര്‍ണമായ വഴികേടില്‍ എത്തുകയും ചെയ്യും.

ഉത്തരം നല്‍കപ്പെടാതെ പോകുന്ന പ്രാര്‍ഥനകളില്‍ നിന്നാണ് അവസാനം രക്ഷ ചോദിക്കുന്നത്. പ്രാര്‍ഥനകള്‍ തടയപ്പെടുന്ന വിവിധ സന്ദര്‍ഭങ്ങള്‍ പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ അഭയ തേട്ടം മതിയാവാത്ത മനഃസ്ഥിതിയില്‍ നിന്നാണ്. അല്ലാഹു നല്‍കിയതില്‍ തൃപ്തിപ്പെടാന്‍ കഴിയാത്ത ആര്‍ത്തിയുടെ മനഃസ്ഥിതി വരാന്‍ പാടില്ല.

വിജ്ഞാനം ഭൗതികമായോ പാരത്രികമായോ ഉപകാരം ചെയ്യപ്പെടാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ചെലവഴിച്ച സമയവും സമ്പത്തും വൃഥാവിലാവുന്ന ഇത്തരം അറിവുകളില്‍ നിന്നുള്ള രക്ഷ തേടലാണ് പ്രാര്‍ഥനയുടെ പിന്നീടുള്ള ഭാഗം.

ഏറ്റവും ഒടുവില്‍ ഉത്തരം നല്‍കപ്പെടാതെ പോകുന്ന പ്രാര്‍ഥനകളില്‍ നിന്നാണ് രക്ഷ ചോദിക്കുന്നത്. പ്രാര്‍ഥനകള്‍ തടയപ്പെടുന്ന വിവിധ സന്ദര്‍ഭങ്ങള്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസത്തില്‍ വരുന്ന പോരായ്മകള്‍, നിഷിദ്ധമായ സമ്പാദ്യം, കുടുംബബന്ധം വിഛേദിക്കല്‍, വ്യക്തികളോടുള്ള അതിക്രമം എന്നിവയെല്ലാം അതില്‍ പെട്ടതാണ്. ഇത്തരം കാര്യങ്ങളില്‍ നിന്നുകൂടി മോചനം ലഭിക്കാന്‍ ഈ പ്രാര്‍ഥന വഴി കഴിയും.