പരീക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും പരീക്ഷണങ്ങളില്‍ കാലിടറിവീഴാതെ പിടിച്ചുനില്‍ക്കാനും വിശ്വാസികള്‍ റബ്ബിനോട് തേടണം.
اللهم إني اعوذ بك من جهد البلاء ودرك الشقاء وسوء القضاء وشماتة الأعداء ( البخاري)
''അല്ലാഹുവേ, കഠിന പരീക്ഷണത്തില്‍ നിന്നും ദൗര്‍ഭാഗ്യത്തെ കണ്ടുമുട്ടേണ്ടിവരുന്നതില്‍ നിന്നും മോശമായ വിധിയില്‍ നിന്നും ശത്രുക്കള്‍ സന്തോഷിക്കുന്ന അവസ്ഥ വരുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.''
അബൂഹുറയ്‌റ നിവേദനം ചെയ്ത് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ വന്ന പ്രധാനപ്പെട്ട പ്രാര്‍ഥനയാണിത്. പ്രവാചകന്‍ ഈ നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ തേടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്നും ഹദീസിലുണ്ട്. കഠിന പരീക്ഷണത്തില്‍ നിന്നുള്ള ശരണാര്‍ഥനയാണ് ആദ്യത്തേത്.
പല വിധത്തില്‍ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും എന്ന് വിശുദ്ധ ഖുര്‍ആനില്‍ (2:155) അല്ലാഹു വിശ്വാസികളെ ഉണര്‍ത്തിയിട്ടുണ്ട്. വിശ്വാസികള്‍ക്കും പലവിധ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നര്‍ഥം. അത്തരം പരീക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും പരീക്ഷണങ്ങളില്‍ കാലിടറിവീഴാതെ പിടിച്ചുനില്‍ക്കാനും വിശ്വാസികള്‍ റബ്ബിനോട് പ്രാര്‍ഥിക്കണം.
രണ്ടാമത്തെ പ്രാര്‍ഥനാ വിഷയം ദൗര്‍ഭാഗ്യത്തെ കണ്ടുമുട്ടുന്ന കാര്യമാണ്. സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോകുന്നതും തെറ്റുകുറ്റങ്ങളില്‍ ആപതിച്ചുപോകുന്നതും ഇതിന്റെ പരിധിയില്‍ പെടും. മോശമായ വിധിയില്‍ നിന്നുള്ള ശരണാര്‍ഥനയാണ് മൂന്നാമത്തേത്. അല്ലാഹുവിന്റെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ടതാണല്ലോ മനുഷ്യരുടെ ജീവിതത്തിലെ സംഭവങ്ങള്‍.
ഈ വിധിയെ നമുക്ക് എതിരാകാതെയും ഗുണകരമായും പരിവര്‍ത്തിപ്പിക്കാന്‍ അല്ലാഹുവിന് സാധിക്കും. അതിന് അര്‍ഹത നേടുന്ന വിധം നാം ജീവിച്ച് ഈ പ്രാര്‍ഥനയും കൂടി പതിവാക്കിയാല്‍ മോശമായ പല 'വിധിയനുഭവങ്ങളില്‍' നിന്നു നമുക്ക് മോചനം നേടാനാവും.
ഈ ദുരിതാനുഭവത്തില്‍ നിന്നാവാം മനസ്സിനെ സ്പര്‍ശിക്കുന്ന പ്രാര്‍ഥന പ്രവാചകന്റെ ഇഷ്ടപ്രാര്‍ഥനയില്‍ ഇടം പിടിച്ചത്.
ശത്രുക്കള്‍ സന്തോഷിക്കുന്ന അവസ്ഥ എന്നു പറഞ്ഞതും പ്രത്യേകം ശ്രദ്ധേയമാണ്. നബി(സ)യുടെ ജീവിതത്തില്‍ നിന്നുതന്നെ ഇതിന് ഉദാഹരണം പറയാം. നബിയുടെ 50-ാം വയസ്സില്‍ പിതൃവ്യന്‍ അബൂത്വാലിബും പ്രിയതമ ഖദീജ(റ)യും മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അനുഭവിച്ച വേദന വളരെ വലുതായിരുന്നു.
എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തില്‍ വേദനിക്കുന്ന പ്രവാചകനെ അന്നത്തെ മക്കയിലെയും ത്വാഇഫിലെയും ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആശ്വസിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കാന്‍ വരെ ഉദ്യുക്തരാവുകയും അതില്‍ സന്തോഷിക്കുകയുമാണുണ്ടായത്!
സ്വകീയമായ ഈ ദുരിതാനുഭവത്തില്‍ നിന്നാവാം മനസ്സിനെ സ്പര്‍ശിക്കുന്ന ഈ പ്രാര്‍ഥന പ്രവാചകന്റെ ഇഷ്ടപ്രാര്‍ഥനയില്‍ ഇടം പിടിച്ചത്.
ഏതു വിധത്തിലുള്ള ദുരിതാനുഭവത്തില്‍ നിന്നും രക്ഷയുടെയും മോചനത്തിന്റെയും ആശ്വാസത്തിന്റെയും ഒരു തുരുത്ത് വിശ്വാസിക്ക് കണ്ടെത്താന്‍ സാധിക്കും. പ്രാര്‍ഥന എന്ന പ്രതീക്ഷയാണ് ആ ആശ്വാസത്തുരുത്ത്. ഇതാണ് ഈ പ്രാര്‍ഥനയിലെ സന്ദേശം.
