നരക വിമോചനത്തിനായുള്ള പ്രാര്‍ഥന


പരലോക ജീവിതമാണ് യഥാര്‍ഥ ജീവിതം. മഹ്ശറയിലെ വിചാരണ കഴിഞ്ഞാല്‍ ശാശ്വതമായ രണ്ടു ജീവിതസാധ്യതകളേയുള്ളൂ. സ്വര്‍ഗം അല്ലങ്കില്‍ നരകം.

ربنا اصرف عنا عذاب جهنم ان عذابها كان غراما إنها سائت مستقرا ومقاما

  • ഞങ്ങളുടെ രക്ഷിതാവേ, നരകശിക്ഷയെ ഞങ്ങളില്‍ നിന്ന് നീ തിരിച്ചുവിടേണമേ. തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് മോശമായ താവളവും പാര്‍പ്പിടവും തന്നെയാണ്.

സത്യവിശ്വാസിയുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കേണ്ട പ്രധാന പ്രാര്‍ഥനയാണ് സൂറതു ഫുര്‍ഖാനില്‍ 65, 66 ആയത്തുകളില്‍ വന്നത്. 'അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ അവര്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നവരുമായിരിക്കും' എന്ന ആമുഖത്തോടെയാണ് അല്ലാഹു ഈ പ്രാര്‍ഥന പരിചയപ്പെടുത്തുന്നത്.

മനുഷ്യ ജീവിതത്തിന് നാല് ഘട്ടങ്ങള്‍ ഉണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. (ഒന്ന്) ഐഹിക ജീവിതത്തിലേക്ക് വരുന്നതിനു മുമ്പുള്ള ഗര്‍ഭസ്ഥജീവിത കാലഘട്ടം. (രണ്ട്) ജനനം മുതല്‍ മരണം വരെയുള്ള ഐഹിക ജീവിത കാലഘട്ടം. (മൂന്ന്) മരണം മുതല്‍ ലോകാവസാനം വരെയുള്ള ബര്‍സഖി കാലഘട്ടം.

(നാല്) ലോകാവസാനത്തിനു ശേഷം പുതിയ ലോകക്രമം നിലവില്‍ വന്നതിനു ശേഷമുള്ള അനന്തമായ പരലോക ജീവിത കാലഘട്ടം. ഈ ഘട്ടങ്ങളെ മരണത്തിനു മുമ്പ്, മരണത്തിനു ശേഷം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു ഘട്ടങ്ങളായും വിശകലനം ചെയ്യാറുണ്ട്.

പരലോക ജീവിതമാണ് യഥാര്‍ഥ ജീവിതം. മഹ്ശറയിലെ വിചാരണ കഴിഞ്ഞാല്‍ ശാശ്വതമായ രണ്ടു ജീവിതസാധ്യതകളേയുള്ളൂ. സ്വര്‍ഗം അല്ലങ്കില്‍ നരകം. ഈ ജീവിതത്തില്‍ സ്വര്‍ഗം ലഭിക്കുക എന്നതും നരകത്തില്‍ നിന്ന് രക്ഷപ്പെടുക എന്നതും തന്നെയാണ് ഏറ്റവും വലിയ വിജയവും സൗഭാഗ്യവും.

അതുകൊണ്ടാണ് സ്വര്‍ഗപ്രവേശം ചോദിച്ചുകൊണ്ടും നരകശിക്ഷയില്‍ നിന്ന് രക്ഷ ചോദിച്ചുകൊണ്ടും പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ധാരാളം പ്രാര്‍ഥനകള്‍ ഖുര്‍ആനിലും നബിവചനങ്ങളിലും കാണുന്നത്.

ഇഹലോകത്ത് എത്ര വലിയ സൗഭാഗ്യം ലഭിച്ചാലും പാരത്രികലോകത്ത് നരകമാണ് താവളമെങ്കില്‍ അതിനെക്കാള്‍ വലിയ നഷ്ടവും ദയനീയതയും മനുഷ്യന് വേറെ വരാനില്ല.

സത്യവിശ്വാസി ഈ പ്രാര്‍ഥന പതിവാക്കുമ്പോള്‍ രണ്ട് ഗുണഫലങ്ങള്‍ അനുബന്ധമായി ലഭിക്കുന്നു. ഒന്ന്: പരലോക ചിന്തയോടെ ജീവിക്കാനും സ്വര്‍ഗ-നരകബോധം നിലനിര്‍ത്താനും അതുവഴി ധാര്‍മിക ജീവിതം മുറുകെപ്പിടിക്കാനും സഹായിക്കുന്നു.

രണ്ട്: നരകശിക്ഷയുടെ കാഠിന്യം ഈ പ്രാര്‍ഥനയിലെ മൂന്നു പദപ്രയോഗങ്ങളില്‍ (വിട്ടൊഴിയാത്ത വിപത്ത്, സ്ഥിരതാവളം, താമസസ്ഥലം എന്നിവയില്‍) ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ നരകശിക്ഷയെക്കുറിച്ച ശരിയായ ഗൗരവവും അവബോധവും നിലനിര്‍ത്തി ദൈവബോധത്തോടെ ജീവിക്കാനും കഴിയുന്നു.

ഈ പ്രാര്‍ഥനയില്‍ ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്ന സന്ദേശവും ഇപ്രകാരമാണ്: ഇഹലോകത്ത് എത്ര വലിയ സൗഭാഗ്യം ലഭിച്ചാലും പാരത്രികലോകത്ത് നരകമാണ് താവളമെങ്കില്‍ അതിനെക്കാള്‍ വലിയ നഷ്ടവും ദയനീയതയും മനുഷ്യന് വേറെ വരാനില്ല.

അതിനാല്‍ ഓരോ വിശ്വാസിയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ പെടാനും, ഐഹിക ജീവിതത്തില്‍ ധര്‍മനിഷ്ഠ പാലിക്കാനും പരലോകത്ത് നരകശിക്ഷ അനുഭവിക്കാതിരിക്കാനും ഈ പ്രാര്‍ഥന അര്‍ഥബോധ്യത്തോടെ പതിവാക്കുക തന്നെ വേണം.