നല്ല ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന


നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന, നാടിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനും മുതല്‍ക്കൂട്ടാവുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം.

اللَّهُمَّ لَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا

''അല്ലാഹുവേ, ഞങ്ങളോട് കരുണ കാണിക്കാത്തവര്‍ക്ക് നീ ഞങ്ങളുടെ മേല്‍ അധികാരം നല്‍കരുതേ'' (തിര്‍മിദി 3502).

നാടും നഗരവും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. അധികാരത്തെ വലിയ ഉത്തരവാദിത്തമായാണ് ഇസ്ലാം കാണുന്നത്. പ്രവാചകന്‍ പറഞ്ഞു: ''എല്ലാവരും ചുമതല ഏല്‍പിക്കപ്പെട്ടവരാണ്. എല്ലാവരും അവരില്‍ ഏല്‍പിക്കപ്പെട്ടതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.''

അധികാരം നല്‍കുന്നതും അത് ഇല്ലാതാക്കുന്നതുമെല്ലാം അല്ലാഹുവിന്റെ തീരുമാനമായാണ്. ഖുര്‍ആന്‍ പറയുന്നു: ''ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു'' (ഖുര്‍ആന്‍ 3:26).

നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന, നാടിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനും മുതല്‍ക്കൂട്ടാവുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയുള്ളതാണ് പ്രവാചകന്‍ പഠിപ്പിച്ച ഈ പ്രാര്‍ഥന:

''അല്ലാഹുവേ, ഞങ്ങളോട് കരുണ കാണിക്കാത്തവര്‍ക്ക് നീ ഞങ്ങളുടെ മേല്‍ അധികാരം നല്‍കരുതേ.''
തന്റെ അനുയായികളുടെ കൂടെ ഏതെങ്കിലും സദസ്സില്‍ കൂടിയിരുന്ന ശേഷം അവിടെ ഇരുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചതിനു ശേഷം മാത്രമായിരുന്നു പ്രവാചകന്‍ സദസ്സില്‍ നിന്നു പോകാറുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു വലിയ പ്രാര്‍ഥനയുടെ അവസാന ഭാഗമാണ് ഈ പ്രാര്‍ഥന.

ഒരു ഭരണാധികാരിയുടെ അടിസ്ഥാന ഗുണങ്ങളില്‍ പെട്ടതാണ് നീതിയും കരുണയും.

ഒരു ഭരണാധികാരിയുടെ അടിസ്ഥാന ഗുണങ്ങളില്‍ പെട്ടതാണ് നീതിയും കരുണയും. അതിനാല്‍ തന്നെ ഈ പ്രാര്‍ഥനയില്‍ സൂചിപ്പിച്ചിട്ടുള്ള കരുണ എന്നതിന്റെ വിവക്ഷ നീതിയോടെയും സ്നേഹത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ഭരിക്കാനുള്ള കഴിവും മനോഭാവവുമാണ്. അത്തരത്തിലുള്ള ഭരണാധികാരികളെ നല്‍കാനാണ് ഈ പ്രാര്‍ഥനയിലൂടെ അല്ലാഹുവിനോട് തേടുന്നത്.

സമൂഹത്തിന് ഉപകാരപ്പെടുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കുക എന്നത് ഒരു സാമൂഹിക ബാധ്യതയായി വേണം മനസ്സിലാക്കാന്‍. അതിനാല്‍ പ്രാര്‍ഥനയോടൊപ്പം തന്നെ പ്രവര്‍ത്തനവും ആവശ്യമാണ്. യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താനും പൗരനെന്ന നിലയില്‍ ഏറ്റവും ഉചിതമായി സമ്മതിദാനാവകാശം രേഖപ്പെടുത്താനും വിശ്വാസികള്‍ ശ്രദ്ധ കൊടുക്കണമെന്ന് ചുരുക്കം.