പ്രവാചക അധ്യാപനം പോലെ, തിന്മയോട് മനസ്സു കൊണ്ടെങ്കിലും എതിര്‍ശബ്ദമാവാനും പ്രതികരിക്കാനും നമുക്ക് കഴിയണം.
اللَّهُمَّ مُنْزِلَ الْكِتَابِ، وَمُجْرِيَ السَّحَابِ، وَهَازِمَ الْأَحْزَابِ، اهْزِمْهُمْ وَانْصُرْنَا عَلَيْهِمْ
- വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും മേഘങ്ങളെ ചലിപ്പിക്കുകയും സംഘങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നവനായ അല്ലാഹുവേ, നീ ശത്രുക്കളെ പരാജയപ്പെടുത്തേണമേ. അവര്‍ക്കു മേല്‍ ഞങ്ങള്‍ക്ക് നീ സഹായം നല്‍കേണമേ (സഹീഹുല്‍ ബുഖാരി 2966).
 
ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ ഉന്മൂലനത്തിന് നേര്‍സാക്ഷ്യം വഹിക്കുകയാണ് ലോകം. ഗസ്സ ഒരു ശവപ്പറമ്പായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത് ലക്ഷത്തിനടുത്ത് ആളുകളാണ്. ഭക്ഷണവും വെള്ളവുമില്ലാതെ മെലിഞ്ഞൊട്ടിയ കുഞ്ഞുങ്ങളും കൈകാലുകള്‍ നഷ്ടപ്പെട്ടവരും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ജീവനും ജീവിതവും തേടുന്നവരും ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്നുണ്ട്.
അഭയാര്‍ഥികളായി കടന്നുവന്ന് അധിനിവേശത്തിന്റെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രായേല്‍, ഫലസ്തീനിനു പുറമേ മറ്റൊരു പരമാധികാര രാഷ്ട്രത്തിലും ആക്രമണം നടത്തിയിരിക്കുന്നു.
മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നത് കണ്ടിട്ടും പ്രതികരിക്കാനും പ്രതിരോധിക്കാനും മുതിരാതെ അല്ലെങ്കില്‍ അതിനു കഴിയാതെ അധികാരി വര്‍ഗം മുഴുവന്‍ നിശ്ശബ്ദരാണ്. ഇത്രയും വലിയ അനീതിക്കും അക്രമത്തിനുമെതിരെയുള്ള ഈ നിശ്ശബ്ദതയ്ക്ക് നാളെ റബ്ബിന്റെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന് നിസ്സംശയം പറയാം.
പ്രവാചക അധ്യാപനം പോലെ തിന്മയോട് മനസ്സു കൊണ്ടെങ്കിലും എതിര്‍ശബ്ദമാവാനും പ്രതികരിക്കാനും നമുക്ക് കഴിയണം. നമ്മുടെ പ്രാര്‍ഥനകളില്‍ അവരുടെ സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള പ്രാര്‍ഥനകള്‍ നമ്മള്‍ മറന്നുകൂടാ. ഈ അനീതിക്കെതിരെ നമ്മള്‍ സ്വീകരിക്കുന്ന ഓരോ നിലപാടുകളും അതിക്രമത്തിനെതിരെയുള്ള പോരാട്ടമായി നാഥന്‍ പരിഗണിക്കുമെന്ന് ഉറപ്പാണ്.
ഇത്രയും വലിയ അക്രമത്തിന് നേതൃത്വം നല്‍കുന്നവര്‍ കേവലം ഫലസ്തീനിന്റെ മാത്രം ശത്രുക്കളല്ല, മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ശത്രുക്കളാണവര്‍. ശത്രുക്കളെ കണ്ടുമുട്ടുന്ന സമയത്തുള്ള പ്രവാചകന്റെ (സ) പ്രാര്‍ഥന നമ്മള്‍ ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് പ്രാര്‍ഥിക്കുക?
ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനും പ്രശ്നങ്ങള്‍ ഉണ്ടാക്കി ശത്രുക്കളാവാനുമല്ല ഇസ്ലാമിക അധ്യാപനം. സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് വിശ്വാസികളുടെ കടമ.
അഹ്സാബ് യുദ്ധവേളയില്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച ഒരു പ്രാര്‍ഥനയാണിത്. പ്രാര്‍ഥനയ്ക്കു മുമ്പായി നബി ജനങ്ങള്‍ക്ക് കൊടുക്കുന്ന ഉപദേശവും ഈ ഹദീസില്‍ കാണാം: ''ജനങ്ങളേ, നിങ്ങളാരും ശത്രുക്കളെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കരുത്. പകരമായി അല്ലാഹുവിനോട് സുരക്ഷയും ക്ഷേമവും നിങ്ങള്‍ തേടുക. ഇനി ശത്രുക്കളെ നേരിടേണ്ടിവന്നാല്‍ സഹനത്തോടെ ഉറച്ചുനില്‍ക്കുക.''
ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനും പ്രശ്നങ്ങള്‍ ഉണ്ടാക്കി ശത്രുക്കളാവാനുമല്ല ഇസ്ലാമിക അധ്യാപനം. സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് വിശ്വാസികളുടെ കടമ. എന്നാല്‍ നാട്ടില്‍ അക്രമമുണ്ടാക്കുന്ന, അനീതി ചെയ്യുന്ന ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഭയപ്പെടുകയോ പിന്തിരിഞ്ഞോടുകയോ ചെയ്യാനും പാടില്ല.
ഗസ്സയില്‍ നടക്കുന്ന ഉന്മൂലനത്തിനെതിരെയുള്ള ഓരോ മൗനവും നമ്മുടെ പിന്തിരിഞ്ഞോട്ടമാണ്. അതുകൊണ്ട് മനസ്സു കൊണ്ടെങ്കിലും അനീതിക്കെതിരെ നില്‍ക്കാനും ആക്രമിക്കപ്പെടുന്നവരെ പ്രാര്‍ഥനകളില്‍ ചേര്‍ത്തുപിടിക്കാനും നമുക്ക് കഴിയണം.
