നാം ജീവിക്കുന്ന ചുറ്റുപാടില്‍ ദൈവിക സന്മാര്‍ഗം തിരിച്ചറിഞ്ഞ് സ്വയം ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ എന്നതാണ് പ്രധാനം.
اللهم إنى أسألك الهدى والتقى والعفاف والغنى
- അല്ലാഹുവേ, സന്മാര്‍ഗവും ഭയഭക്തിയും മാന്യതയും ധന്യതയും നിന്നോട് ഞാന്‍ ചോദിക്കുന്നു.
 
വിശ്വാസിയുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയ്ക്കുന്ന നാല് നന്മകളാണ് ഈ പ്രാര്‍ഥനയിലെ വിഷയം. അവയോരോന്നും വിശ്വാസിയുടെ ജീവിതത്തിന് ഇഹത്തിലും പരത്തിലും സന്തോഷം നിറക്കുന്ന കാര്യവുമാണ്.
സന്മാര്‍ഗം: അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന മഹത്തായ ഒരു സൗഭാഗ്യമാണിത്. നാം ജീവിക്കുന്ന സാഹചര്യം സന്മാര്‍ഗം ലഭിക്കാന്‍ അനുകൂലമാണോ അല്ലയോ എന്നതിനേക്കാള്‍ പ്രധാനം നാം ദൈവിക സന്മാര്‍ഗം തിരിച്ചറിഞ്ഞ് അത് സ്വയം ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ എന്നതാണ് പ്രധാനം.
അങ്ങനെയുള്ളവര്‍ക്കാണ് ദൈവിക സന്മാര്‍ഗം ലഭ്യമാവുക. നബിയുടെ പിതൃവ്യന്‍ അബൂത്വാലിബ്, നൂഹ് നബിയുടെ ഒരു മകന്‍, ലൂത് നബിയുടെ ഭാര്യ, ഇബ്റാഹീം നബിയുടെ പിതാവ് തുടങ്ങിയവര്‍ക്കൊന്നും അനുകൂല സാഹചര്യത്തില്‍ ജീവിച്ചിട്ടും ദൈവിക സന്മാര്‍ഗം ലഭിച്ചിട്ടില്ല.
കാരണം അവര്‍ സ്വന്തം നിലക്ക് ദൈവിക സന്മാര്‍ഗത്തെ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും തയ്യാറായിരുന്നില്ല. അതിനാല്‍ അവരെ അല്ലാഹു സന്മാര്‍ഗത്തിലാക്കിയില്ല.
ഭയഭക്തി: വേഷം കൊണ്ടോ ഭാവം കൊണ്ടോ പ്രകടിപ്പിക്കാന്‍ കഴിയാത്തതും ജീവിതം കൊണ്ട് അടയാളപ്പെടുത്തേണ്ടതുമായ ഒരാദര്‍ശമാണ് തഖ്‌വ അഥവാ ഭയഭക്തി. അതിന്റെ കേന്ദ്രം ഹൃദയമാണ്.
ഹൃദയവിശുദ്ധിയാണ് ശരിയായ തഖ്‌വയുടെ മാനദണ്ഡം എന്ന് ഹൃദയത്തിലേക്ക് കൈ ചൂണ്ടി നബി(സ) സൂചിപ്പിച്ച കാര്യം സുവിദിതമാണല്ലോ. ബാഹ്യമായ ആരാധനകളും സന്മാര്‍ഗ ജീവിതവും അല്ലാഹുവിങ്കല്‍ പരിഗണിക്കപ്പെടണമെങ്കില്‍ തഖ്‌വ അനിവാര്യമാണ്.
മാന്യത: എല്ലാവിധ അധാര്‍മിക, അരാജകത്വ, ദുര്‍മാര്‍ഗ ജീവിതത്തില്‍ നിന്നു ജീവിതത്തെ വിശുദ്ധമാക്കി വെക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആരാധനകളില്‍ മാത്രം നിഷ്ഠയും ജീവിത വ്യവഹാരങ്ങളില്‍ ധാര്‍മിക വിശുദ്ധി കാത്തുസൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരെ നല്ല മനുഷ്യരാരും ഗൗനിക്കില്ല എന്ന കാര്യം വ്യക്തമാണല്ലോ. അതിനാല്‍ ഒരു വിശ്വാസി മാന്യനായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ധന്യത: ധന്യത എന്നത് കൊണ്ടുദ്ദേശിക്കുന്നത് ധനസമൃദ്ധിയല്ല. 'യഥാര്‍ഥ ധന്യത ധന ധന്യത അല്ല എന്നും മനോ ധന്യതയാണ്' എന്നുമുള്ള പ്രസിദ്ധമായ നബിവചന സന്ദേശം ഇവിടെ ഓര്‍ക്കാം. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുന്ന അഥവാ മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടുന്ന അവസ്ഥ വരുന്നതില്‍ നിന്നു മോചനം ലഭിക്കുക എന്നതും ഇവിടെ ഉദ്ദേശിക്കുന്നു.
സന്ദേശവും ആദര്‍ശവും: സന്മാര്‍ഗവും ഭയഭക്തിയും മാന്യതയും ധന്യതയുമുണ്ടെങ്കിലേ ഇഹലോകത്തും പരലോകത്തും സംതൃപ്തസൗഭാഗ്യ ജീവിതം നയിക്കാന്‍ വിശ്വാസിക്ക് സാധിക്കുകയുള്ളൂ. ഇതാണ് ഈ പ്രാര്‍ഥനയിലെ സന്ദേശം. അതിനാല്‍ ഈ പ്രാര്‍ഥന വിശ്വാസികള്‍ പതിവാക്കണം. ഇതാണ് ഇതിലെ ആദര്‍ശ തത്വം.
