അല്ലാഹുവില്‍ ഭരമേല്പിക്കുമ്പോള്‍ പ്രതിസന്ധികള്‍ വഴിയൊഴിയും

എഡിറ്റർ

പ്രതിസന്ധി ജീവിതത്തിന്റെ ഭാഗമാണെങ്കിലും, അതിനെ മറികടക്കാനുള്ള കരുത്ത് നമ്മില്‍ തന്നെയുണ്ട്. അത് നമ്മെ കൂടുതല്‍ കരുത്തരാക്കും.

ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും സാധാരണമാണ്. സന്തോഷവും സമാധാനവും മാത്രമുള്ളതല്ല ജീവിതം. അങ്ങനെയൊരു ജീവിതത്തിനായുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവുമാണ് ജീവിതം. പ്രതിസന്ധി ജീവിതത്തിന്റെ ഭാഗം ആണെങ്കിലും, അതിനെ മറികടക്കാനുള്ള ശക്തി നമ്മില്‍ തന്നെയുണ്ട്. ഓരോ പ്രതിസന്ധിയും നമ്മെ കൂടുതല്‍ ബലവാനാക്കുകയാണ് ചെയ്യുക.

പ്രതിസന്ധികളില്‍ പലതും നമ്മുടെ അശ്രദ്ധകൊണ്ടോ അനാസ്ഥ കൊണ്ടോ സംഭവിക്കുന്നതാവാം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു വിലപിക്കുന്നതിന് അര്‍ഥമില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നതാണ് ശരി. ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ പിന്തുണയും സഹായവും മാര്‍ഗനിര്‍ദേശവും തേടുക.

രോഗങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മുമ്പില്‍ ക്ഷമയോടെ പെരുമാറാന്‍ സാധിച്ചാല്‍ അനായാസം അതിനെ മറികടക്കാന്‍ സാധിക്കും. മനസ്സിനെ ശക്തമാക്കുന്നത് ശരീരത്തെയും ഉജ്ജീവിപ്പിക്കും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ പരീക്ഷണമായിരിക്കാം. നിശ്ചയം, കഷ്ടതയ്ക്ക് ശേഷം ആശ്വാസം ഉണ്ടാകും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

തവക്കുല്‍ മാനസികമായ കരുത്തു നല്‍കും. അല്ലാഹുവിലുള്ള വിശ്വാസത്തോടെ അവനെ ഭരമേല്‍പ്പിക്കുക. എല്ലാം അവന്റെ വിധിയനുസരിച്ച് മാത്രമേ നടക്കൂ. നമുക്ക് ദുരിതമായി തോന്നുന്ന പലതും ഒരു പക്ഷെ നമുക്ക് അനുഗ്രഹമായി തീര്‍ന്നേക്കാം. എല്ലാം അറിയുന്നവന്‍ അല്ലാഹുവാണല്ലോ.

അതുകൊണ്ട് അവനില്‍ പ്രതീക്ഷ അര്‍പ്പിക്കുക എന്നതാണ് പ്രധാനം. അല്ലാഹു കൈ വെടിയില്ല എന്ന് ഉറപ്പുള്ളവരെ ഏത് വലിയ പ്രതിസന്ധിക്കും തളര്‍ത്താനാവില്ല. കഴിവിന്റെ പരമാവധി പരിശ്രമിക്കുക, അല്ലാഹുവിന്റെ സഹായമുണ്ടാവും.

ശരീരത്തെ സംരക്ഷിക്കുന്നത് അല്ലാഹുവിന്റെ അമാനത്ത് സംരക്ഷിക്കലാണ്. സഹനം ഈമാനിന്റെ പകുതിയാണ്.

സാമ്പത്തിക പ്രതിസന്ധിയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് വേണം. നിസ്സാരമായ സഹായം പോലും ബര്‍ക്കത്ത് വര്‍ധിപ്പിക്കും. ദുരിതത്തില്‍ ആണെങ്കിലും ഹറാമായ വഴിയിലൂടെ ഉപജീവനം തേടരുത്. വിശ്വാസിയാണ് ഏറ്റവും വിശ്വാസ്യതയുള്ള വ്യാപാരി. പ്രതീക്ഷാ പൂര്‍വം പ്രാര്‍ഥന തുടരുക. നിരാശപ്പെടരുത്.

രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും മനസ്സിന് ശാന്തത നല്‍കും. പള്ളിയില്‍ പോകുന്നതും ജമാഅത്തുകളില്‍ പങ്കെടുക്കുന്നതും അല്ലാഹുവുമായി മാത്രമല്ല, ആളുകളുമായും അടുപ്പിക്കും. ഒറ്റപ്പെടല്‍ മറികടക്കാന്‍ അത് സഹായിക്കും. ഇസ്ലാമിലെ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അങ്ങനെ പല ഗുണഫലങ്ങളുമുണ്ട്. യുക്തിക്കപ്പുറമുള്ള ചില മനശ്ശാസ്ത്രപരമായ സാധ്യതകള്‍.

രോഗം വന്നാല്‍ സഹനത്തോടെ നേരിടുക. ഒരു വിശ്വാസിക്ക് രോഗം വന്നാല്‍, അതിലൂടെ അല്ലാഹു അവന്റെ പാപങ്ങളെ മായ്ച്ചുകളയും എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. രോഗം വന്നാല്‍ ചികിത്സിക്കണം. രോഗം വരാതിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ വഴികളും തേടണം.

ശരീരത്തെ സംരക്ഷിക്കുന്നത് അല്ലാഹുവിന്റെ അമാനത്ത് സംരക്ഷിക്കലാണ്. സഹനം ഈമാനിന്റെ പകുതിയാണ്. സുഖത്തിലും കഷ്ടത്തിലും നന്ദിയുള്ളവരാവുക.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം