പഴയ സുഹൃത്തിനെ ഓര്‍ക്കാറുണ്ടോ?

എഡിറ്റർ

ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പലര്‍ക്കും കഴിയുമെങ്കിലും അവ നഷ്ടപ്പെടാതെ കൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാറില്ല.

ന്ധങ്ങള്‍ പുതുക്കുക എന്നത് സവിശേഷമായ ഒരു ക്വാളിറ്റിയാണ്. ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പലര്‍ക്കും കഴിയുമെങ്കിലും അത് പരമാവധി നഷ്ടപ്പെടാതെ കൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാറില്ല.

പരസ്പരമുള്ള ആദരവ്, ആശയവിനിമയം, കരുണ, സഹകരണം, സമഭാവന, വിശ്വാസം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചുകൊണ്ടാണ് ഒരാളുടെ വ്യക്തിബന്ധങ്ങള്‍ വികസിക്കുന്നത്. മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ മാന്യത പുലര്‍ത്താനും സത്യസന്ധത കാണിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസ കാലം, തൊഴില്‍ തേടിയുള്ള യാത്രകള്‍, തൊഴിലിടം, വീട്ടില്‍ നിന്ന് മാറിത്താമസിക്കുന്ന ഇടം എന്നിങ്ങനെ പല കാലങ്ങളില്‍ ജീവിതത്തിലേക്ക് കടന്നുവരുന്ന സൗഹൃദങ്ങളുണ്ട്.

ഒരാളുടെ ജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സൗഹൃദങ്ങള്‍ക്കും പരിചയത്തിനുമപ്പുറം സുഹൃദ് വലയം വികസിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. എന്നാല്‍, കുറച്ചു കാലം കഴിയുമ്പോള്‍ പലരും പലരെയും മറക്കുമെന്നതാണ് സത്യം.

ഒരാള്‍ തന്റെ സുഹൃത്തിന്റെ മതത്തിലായിരിക്കും എന്ന പ്രവാചക വചനത്തിന്റെ പൊരുള്‍ നാം മനസ്സിലാക്കണം.

പഠിക്കുന്ന കാലത്ത് എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ ഓര്‍ക്കാറുണ്ടോ? സുഹൃത്തുക്കളുമായി ബന്ധം നിലനിര്‍ത്താന്‍ ഇന്ന് മുമ്പത്തേക്കാള്‍ എത്രയോ സൗകര്യമുണ്ട്.

എന്നിരുന്നാലും, പലവിധ കാരണങ്ങളാല്‍ സൗഹൃദം അവസാനിക്കുകയാണ് പതിവ്. എല്ലാ സൗഹൃദവും തുടരണം എന്നല്ല പറയുന്നത്. നാം തെറ്റായി തിരഞ്ഞെടുത്ത സൗഹൃദങ്ങളെല്ലാം അവസാനിപ്പിക്കുക തന്നെ വേണം.

ഒരാള്‍ തന്റെ സുഹൃത്തിന്റെ മതത്തിലായിരിക്കും എന്ന പ്രവാചക വചനത്തിന്റെ പൊരുള്‍ നാം മനസ്സിലാക്കണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. തെറ്റായ സൗഹൃദം തെറ്റുകളെ സ്വാഭാവിക ശീലമാക്കി പരിവര്‍ത്തിപ്പിക്കും. അതിന് ഇടവന്നുകൂടാ.

പഴയ സുഹൃത്തുക്കളെ ഇടയ്ക്കിടെ സന്ദര്‍ശിക്കാനും ഓര്‍മകള്‍ പങ്കുവെക്കാനും സന്തോഷ സന്താപങ്ങളില്‍ ഒത്തുചേരാനും നാം തയ്യാറാകണം. ഓരോ മനുഷ്യജീവിതവും വിലപ്പെട്ട സൗഹൃദമാണ് സമ്മാനിക്കുക.

ഓരോ സുഹൃത്തും വ്യതിരിക്തമാണ്. അതുകൊണ്ട് പരിചയപ്പെട്ട വ്യക്തികളെയെല്ലാം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ നമുക്ക് സാധിക്കണം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം