ഗുണമേന്മയുള്ള പഠനം, തിരിച്ചറിവുകള്‍

എഡിറ്റർ

കൗമാരത്തിന്റെ വൈബ് പല തലങ്ങളുള്ളതാണ്. മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തമായി ജനാധിപത്യബോധവും ആത്മവിശ്വാസവും ഇടപെടലുകളില്‍ തെളിഞ്ഞുകാണുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തബോധം, പൗരബോധം തുടങ്ങിയ മേഖലകളില്‍ വേണ്ടത്ര അനുഭവങ്ങളില്ലാത്തതിന്റെ ഇടര്‍ച്ചകള്‍ ദൃശ്യവുമാണ്.

വീണ്ടും ഒരു അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. ഇത്തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ നമ്മുടെ കുട്ടികളുടെ മുമ്പിലേക്ക് എത്തുന്നുണ്ട്.

സ്‌കൂള്‍ തുറന്ന ആദ്യ രണ്ടാഴ്ചകളില്‍ നിശ്ചിത സമയം സിലബസിന് പുറത്തുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള സമയമാണ്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍.

നിയമസാക്ഷരത, വ്യക്തിശുചിത്വം, ലഹരിക്കെതിരെയുള്ള അവബോധം, സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ധാരണ, സൈബര്‍ കെണിയില്‍ പെടാതിരിക്കാനുള്ള ഡിജിറ്റല്‍ സാക്ഷരത, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഗുണമേന്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമീപകാലത്ത് കേരളത്തിലെ കൗമാരക്കാര്‍ക്കിടയില്‍ ഉണ്ടായ സംഭവവികാസങ്ങളാണ് ഈ മാറ്റത്തിന് കാരണം. കൗമാരത്തിന്റെ വൈബ് പല തലങ്ങളുള്ളതാണ്. മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തമായി ജനാധിപത്യബോധവും ആത്മവിശ്വാസവും ഇടപെടലുകളില്‍ തെളിഞ്ഞുകാണുകയും ക്രിയാത്മക ജീവിതാവബോധം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ അതോടൊപ്പം തന്നെ ഉത്തരവാദിത്തബോധം, പൗരബോധം തുടങ്ങിയ മേഖലകളില്‍ വേണ്ടത്ര അനുഭവങ്ങളില്ലാത്തതിന്റെ ഇടര്‍ച്ചകള്‍ ദൃശ്യവുമാണ്. ഈ പാകപ്പിഴവുകള്‍ തന്നെയാണ് രാസലഹരിയും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്.

വൈവിധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തിലേക്കാണ് മക്കള്‍ കാലെടുത്ത് വെക്കുന്നത്. കുടുംബത്തില്‍ അനുഭവിച്ചിരുന്ന സ്‌നേഹവും കാരുണ്യവും സമൂഹത്തില്‍ സുരക്ഷിതമായി ഇടപെടുന്നതിനുള്ള പ്രേരകമായി വര്‍ത്തിക്കാതിരിക്കില്ല.

ഈ പാകപ്പിഴവുകള്‍ ഇപ്പോഴത്തെ കൗമാരത്തിന്റെ മാത്രം സവിശേഷതയല്ല. എല്ലാ തലമുറയിലും ഏറിയും കുറഞ്ഞും ഇതുണ്ടായിട്ടുണ്ട്. ഈ തലമുറക്ക് മാതൃകയാവേണ്ട മുതിര്‍ന്നവരും മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന ലോകവും നീതി പുലര്‍ത്തുന്നതാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരേണ്ടതുണ്ട്.

കുറ്റകൃത്യങ്ങള്‍ക്കും നിയന്ത്രണമില്ലാത്ത അഴിഞ്ഞാട്ടങ്ങള്‍ക്കും വേണ്ട മണ്ണൊരുക്കുന്നതില്‍ മുതിര്‍ന്നവര്‍ക്കും കാര്യമായ പങ്കുണ്ട്. ഉത്തരവാദിയാര് എന്ന ചോദ്യവും വിശകലനവും തുടരുന്നതിനേക്കാള്‍ പരിഹാരമെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തലാണ് പ്രസക്തി.

അറിവ് മാത്രം കരസ്ഥമാക്കുന്നതിലല്ല, മറിച്ച് ക്വാളിറ്റി കൂടി ഉറപ്പുവരുത്തണം എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ക്ക് കാരണം. മെച്ചപ്പെട്ട ജീവിതം നയിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുക എന്നതാണ് ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

മാര്‍ക്കും ഗ്രേഡും മാത്രം ലക്ഷ്യമാക്കി പഠനം നടത്തുന്നതില്‍ നിന്ന് വിഭിന്നമായി ജീവിത നൈപുണികളും മൂല്യങ്ങളും സഹജീവി സ്‌നേഹവും കരഗതമാക്കുന്ന പാഠ്യപദ്ധതിക്ക് മാത്രമേ ഇനിയുള്ള കാലം അതിജീവിക്കാനാവൂ.

വൈവിധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തിലേക്കാണ് നമ്മുടെ മക്കള്‍ കാലെടുത്ത് വെക്കുന്നത്. കുടുംബത്തില്‍ അനുഭവിച്ചിരുന്ന സ്‌നേഹവും കാരുണ്യവും സമൂഹത്തില്‍ സുരക്ഷിതമായി ഇടപെടുന്നതിനുള്ള പ്രേരകമായി വര്‍ത്തിക്കും.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിലൂടെ മൂല്യബോധം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമ്പോള്‍ അത് അവരുടെ ജീവിതത്തിന് കൂടുതല്‍ തിളക്കം നല്‍കും. വിജയാഹ്ലാദം നിറഞ്ഞ ഒരു അധ്യയന വര്‍ഷം കൂടി ആശംസിക്കുന്നു.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം