ഇനി ബന്ധങ്ങളില്‍ സമയം നിക്ഷേപിക്കുക

എഡിറ്റർ

തിരക്കു നടിക്കുന്ന പുതിയ ജീവിതക്രമത്തില്‍ കുടുംബത്തിനു വേണ്ടി വിനിയോഗിക്കാന്‍ സമയമില്ല എന്നു കരുതുന്നവര്‍ ഏറെ. കുടുംബം പോറ്റാനായി കഷ്ടപ്പെടുന്നവരാണെന്നും അതുകൊണ്ട് കുടുംബം തിരക്കിനോട് രാജിയാവണം എന്നും അവര്‍ കരുതുന്നു.

മ്മുടെ സമയത്തെ എങ്ങനെയാണ് നാം വിനിയോഗിക്കാറുള്ളത്? സമയമില്ല എന്നു പരിതപിക്കുന്നവരാണ് ഏറെയും. നമ്മുടെ സമയം എങ്ങനെയാണ് വിഭജിക്കപ്പെട്ടുപോയത് എന്ന കാര്യം പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ സമയമില്ല എന്ന പരിേദവനം വ്യര്‍ഥമാണെന്നു ബോധ്യപ്പെടും.

സമയം എല്ലാവര്‍ക്കും ഒരുപോലെ നല്‍കപ്പെട്ട ഒന്നാണ്. സമ്പന്നനും അതിദരിദ്രനും ഏത് അവസ്ഥയിലുള്ളവനും 24 മണിക്കൂര്‍ തന്നെയാണ് ഒരു ദിവസത്തിലുള്ളത്. ഇരുപത്തിനാലു മണിക്കൂറിനെ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിജയ പരാജയങ്ങള്‍.

പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവന്നാല്‍ എല്ലാറ്റിനും സമയമുണ്ടാവും. നമുക്ക് മനസ്സുണ്ടോ എന്നിടത്താണ് കാര്യം.

തിരക്കു നടിക്കുന്ന പുതിയ ജീവിതക്രമത്തില്‍ കുടുംബത്തിനു വേണ്ടി വിനിയോഗിക്കാന്‍ സമയമില്ല എന്നു കരുതുന്നവര്‍ ഏറെയുണ്ട്. അവര്‍ കുടുംബം പോറ്റാനായി കഷ്ടപ്പെടുന്നവരാണെന്നും അതുകൊണ്ട് കുടുംബം ഇതിനോട് രാജിയാവണം എന്നുമാണ് അവര്‍ കരുതുന്നത്.

യഥാര്‍ഥത്തില്‍ കുടുംബം കുടുംബമാകുന്നത് ബന്ധങ്ങളില്‍ ഇഴയടുപ്പമുണ്ടാകുമ്പോഴാണ്. പരസ്പരം താങ്ങാകാനും തണലാകാനും പറ്റുമെന്ന് ബോധ്യം വരുമ്പോഴേ ആ ജീവിതത്തിന് അര്‍ഥം കൈവരൂ. അല്ലെങ്കില്‍ ഒരു കൂരയ്ക്കു കീഴില്‍ കണ്ടാലറിയുന്ന അപരിചിതരായി മാറേണ്ടിവരും.

ബന്ധങ്ങളില്‍ സമയം നിക്ഷേപിക്കാനാകണം. ആ നിക്ഷേപമാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് നിദാനമാവുക. ഒന്നിച്ചുള്ള സമയങ്ങള്‍ അധികരിപ്പിക്കാന്‍ ഗൃഹനാഥന്‍ മുന്നിട്ടിറങ്ങിയേ തീരൂ. എന്നാലത് ഗൃഹനാഥനില്‍ മാത്രം നിക്ഷിപ്തമായ ബാധ്യതയല്ല.

ബന്ധങ്ങളില്‍ സമയം നിക്ഷേപിക്കാനാകണം. ആ നിക്ഷേപമാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് നിദാനമാവുക. ഒന്നിച്ചുള്ള സമയങ്ങള്‍ അധികരിപ്പിക്കാന്‍ ഗൃഹനാഥന്‍ മുന്നിട്ടിറങ്ങിയേ തീരൂ.

കളിചിരി വര്‍ത്തമാനങ്ങള്‍, ഹൃദയം പങ്കുവെക്കല്‍, കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യല്‍, കുട്ടികളെ കേള്‍ക്കല്‍, കുടുംബത്തിനൊപ്പം യാത്രയ്ക്ക് സമയം കണ്ടെത്തല്‍ തുടങ്ങി കൃത്യമായ ആസൂത്രണത്തോടെ ജീവിതത്തെ ക്രമീകരിക്കേണ്ടതുണ്ട്.

ഇത് കേവലം ഗൃഹനാഥനില്‍ മാത്രം നിക്ഷിപ്തമായ ബാധ്യതയല്ല. എല്ലാ ജോലി സമ്മര്‍ദങ്ങളില്‍ നിന്നും വിട്ടുമാറി സന്തോഷത്തിന്റെ നിമിഷങ്ങള്‍ നുകരാന്‍ കുടുംബത്തിലേക്ക് വന്നെത്തുന്ന ഗൃഹനാഥന് മറ്റൊരു സമ്മര്‍ദം നല്‍കാതിരിക്കാനും വീട്ടിലുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുമിച്ചുള്ള സമയങ്ങളില്‍ സ്‌നേഹം വിരിയട്ടെ. സന്തോഷം പരക്കട്ടെ.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം