ഓരോ സംസ്‌കാരത്തിന്റെയും ഉള്ളടരുകളുടെ വേവ് രുചിയില്‍ നിന്ന് തിരിച്ചറിയാനാവും.
ഭക്ഷണത്തെക്കുറിച്ചുള്ള കഥകള്‍ വൈവിധ്യം നിറഞ്ഞതാണ്. ഓരോ രുചിക്കും ഓരോ ചരിത്രമാണ്. ഏതു നാട്ടില്‍ ചെന്നാലും അവിടത്തെ ഭക്ഷണരീതികള്‍ കൂടി പരിചയിക്കുമ്പോഴാണ് ആ നാടിനെ അടുത്തറിയാന്‍ സാധിക്കുക.
യാത്രകളില്‍ അപരിചിതമായ നാട്ടിലെത്തിയാല്‍ പലരും തദ്ദേശീയമായ രുചികള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്. ഓരോ സംസ്‌കാരത്തിന്റെയും ഉള്ളടരുകളുടെ വേവ് രുചിയില്‍ നിന്ന് തിരിച്ചറിയാനാവും. ഏതെങ്കിലും ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ അതിനോട് ചേര്‍ത്ത് നിരവധി ഓര്‍മകളും അനുഭവങ്ങളും പറയാന്‍ പലര്‍ക്കുമുണ്ടാകും.
പ്രദേശങ്ങള്‍ക്ക് മാത്രമല്ല, വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കും അവരുടേതായ രുചികളുണ്ട്. ഓരോ വിഭാഗത്തിന്റെയും വിശേഷ ദിവസങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രുചികളും നമ്മുടെ നാട്ടിലുണ്ട്. ഭക്ഷണം മുന്‍നിര്‍ത്തിയുള്ള വിദ്വേഷ പ്രചാരണത്തിനും ഫോബിയ പടര്‍ത്തുന്നതിനും സാക്ഷിയായ രാഷ്ട്രീയ സാഹചര്യവും ഭക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കടന്നുവരാറുണ്ട്.
അതുപോലെ, യുദ്ധവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പല കുടുംബങ്ങളും അതിജീവിക്കുന്നതിനു പിന്നില്‍ ഒരു ഫുഡ് സ്റ്റോറി കൂടിയുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷിത ഭക്ഷണത്തിനു വേണ്ടി കേഴുന്ന നിരവധി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ഗസ്സ ജീവിക്കുന്ന ഉദാഹരണമാണ്.
മെച്ചപ്പെട്ട ഭക്ഷണത്തിനും ഭാവിക്കുമായി കൈകോര്‍ക്കാം എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ഏജന്‍സികളുടെ സഹകരണം അനിവാര്യമാണ്. സമാധാനപൂര്‍ണവും സുസ്ഥിരവുമായ ഭക്ഷ്യലഭ്യതക്ക് കാര്‍ഷിക-വ്യാവസായിക- ഗതാഗത മേഖലകളുടെ സഹകരണം ആവശ്യമാണ്.
നമ്മുടെ ദൈനംദിന മെനു കാര്‍ഡിലെ ഓരോ വിഭവത്തിനു പിറകിലുമുള്ള കൈമാറ്റ ശൃംഖലയില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ അതിന്റെ പ്രതിഫലനം ഓരോരുത്തരും അനുഭവിക്കേണ്ടി വരും. യുദ്ധവും കലാപവും ഈ ശൃംഖലകളില്‍ ഉണ്ടാക്കുന്ന മുറിവുകളാണ് പട്ടിണിമരണങ്ങളായും പോഷകാഹാരക്കുറവായും നാം കാണുന്നത്.
ഭക്ഷണം കഴിക്കുക എന്ന പ്രവൃത്തി ആരോഗ്യ സുരക്ഷ മാത്രമല്ല, രാഷ്ട്രീയ തിരിച്ചറിവുകള്‍ കൂടിയാണ്.
അതുകൊണ്ടുതന്നെ, മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള ഭക്ഷണത്തിന്റെ സാംസ്‌കാരിക ഓര്‍മകളും ഗന്ധവും കേടുകൂടാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
ഹലാലും ത്വയ്യിബുമായ ഭക്ഷണം കഴിക്കാന്‍ കല്‍പിക്കപ്പെട്ട ഒരു സമൂഹത്തെ സംബന്ധിച്ചേടത്തോളം ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഏതൊരു പ്രവര്‍ത്തനവും ജാഗ്രതയോടെ കാണേണ്ടതാണ്.
ഭക്ഷ്യസുരക്ഷയെ വെല്ലുവിളിക്കും വിധം സമ്പദ് ഘടനയുടെ ഏത് മേഖലയിലും ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ നിരാകരിക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. നാം കുടിക്കുന്ന ചായക്കു പോലും ഒരു രാഷ്ട്രീയ ചരിത്രമുണ്ടെന്ന് തിരിച്ചറിയുക തേയിലത്തോട്ടങ്ങളിലെ ജീവിതത്തെ അടുത്തറിയുമ്പോഴാണ്.
അതുകൊണ്ട് ഭക്ഷണം കഴിക്കുക എന്ന പ്രവൃത്തി ആരോഗ്യ സുരക്ഷ മാത്രമല്ല, രാഷ്ട്രീയ തിരിച്ചറിവുകള്‍ കൂടിയാണ്.
