സൗമ്യന്‍, കരുത്തന്‍; ഇബ്രാഹിം ട്രോറെ ആഫ്രിക്കയുടെ രാശി മാറ്റി വരയ്ക്കുമോ?


പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിട്ടും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. എണ്ണയും യൂറേനിയവും നിറഞ്ഞ നാടായിട്ടും സ്വര്‍ണ നിക്ഷേപമുണ്ടായിട്ടും ഭൂരിഭാഗം ജനങ്ങളും ദരിദ്രരാണ്. ഈ വൈരുധ്യമാണ് ട്രോറെയുടെ മൂര്‍ച്ചയുള്ള ആയുധം.

ധുനിക കാലത്തെ ആധിപത്യ പോരാട്ടങ്ങള്‍ക്കും പഴയ കൊളോണിയല്‍ ബന്ധങ്ങളുടെ പുനരാവര്‍ത്തനത്തിനും എതിരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉയരുന്ന പുതിയ രാഷ്ട്രീയ ശബ്ദങ്ങളിലൊന്നാണ് ഇബ്രാഹിം ട്രോറെയുടേത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയില്‍ നിന്നുമുള്ള ഈ യുവ നേതാവ്, സാമ്രാജ്യത്വ നയങ്ങളെയും ആഗോള ചൂഷണ ശക്തികളെയും തുറന്നു കാണിച്ച് ലോക ശ്രദ്ധ നേടുകയാണ്.

സ്വര്‍ണ്ണവും മറ്റ് പ്രകൃതിസമ്പത്തുകളും സമൃദ്ധമായുണ്ടെങ്കിലും ആഫ്രിക്കന്‍ ജനത ദാരിദ്ര്യത്തിലാഴ്ന്നു കിടക്കുന്നു എന്ന സത്യത്തെ രാജ്യാന്തര വേദികളില്‍ ഉന്നയിച്ച് ട്രോറെ ആഫ്രിക്കയുടെ പുതിയ രാഷ്ട്രീയ പ്രതിനിധിയായി മാറുകയാണ്. പുരാതന കൊളോണിയല്‍ ബന്ധങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ഭൂഖണ്ഡത്തെ കുറിച്ചുള്ള നഗ്ന സത്യങ്ങളാണ് അദ്ദേഹം വിളിച്ചു പറയാന്‍ ശ്രമിക്കുന്നത്.

അധികാരത്തിന്റെ മറവില്‍ വികസനവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ആഫ്രിക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്കുള്ളൊരു പ്രതീക്ഷയായാണ് അദ്ദേഹത്തിന്റെ ആഗമനം വായിക്കപ്പെടേണ്ടത്. ''എന്റെ തലമുറയെ അലട്ടുന്ന, അസ്‌കിതപ്പെടുത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്. പ്രകൃതിസമ്പത്തുകളും ജലസേചനവും പാടങ്ങളുമുള്ള എന്റെ പ്രദേശം ലോകത്തിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ദേശമായി മാറിയത്, അല്ലെങ്കില്‍ ലോക ജനത കണക്കുകൂട്ടുന്നത് എന്തുകൊണ്ടാണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് എനിക്ക് ഉത്തരം കിട്ടേണ്ടത്. തെളിഞ്ഞ മറുപടികളില്ലാതെ നേതൃ സ്ഥാനത്ത് ഇരുന്ന് അലയുകയാണ് ഞാന്‍.''

1945ല്‍ നാസി സേനയെ സോവിയറ്റ് യൂണിയന്‍ തോല്‍പ്പിച്ച വിജയത്തിന്റെ ഓര്‍മക്കായി മോസ്‌കോയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കേയാണ് ട്രോറെ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകശ്രദ്ധ നേടിയ അദ്ദേഹം 'രണ്ടാം ചെ-ഗുവേര' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നുണ്ട്. നിരവധി അട്ടിമറി ശ്രമങ്ങള്‍ മറികടന്ന് 2022 മുതല്‍ അദ്ദേഹം ബുര്‍ക്കിനാ ഫാസോയില്‍ ഭരണത്തില്‍ തുടരുകയാണ്.

തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ട് പുതിയ ആഫ്രിക്കയുടെ വിപ്ലവ ശബ്ദമായി ആഫ്രിക്കയിലും ഫ്രാന്‍സിന്റെ ചില ഭാഗങ്ങളിലും ട്രോറെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വിഷയങ്ങള്‍ പലപ്പോഴും ലോകത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്നുണ്ടെന്ന് അദ്ദേഹം വാചാലനാവുന്നു. ദാരിദ്ര്യവും ആഭ്യന്തര കലാപങ്ങളും നിറഞ്ഞ ഭൂഖണ്ഡം എന്ന രീതിയില്‍ ആഫ്രിക്ക മാറ്റിനിര്‍ത്തപ്പെടുന്നതില്‍ ട്രോറെ ഖിന്നനാണ്.

ബ്രിട്ടന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളെ കോളനികളാക്കി ചൂഷണം ചെയ്തുവെങ്കില്‍, ആഫ്രിക്കയെ അതിലും കപടമായി കീഴടക്കിയത് ഫ്രാന്‍സാണെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നാണ് പറയുന്നത്. പക്ഷേ യാഥാര്‍ഥത്തില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ രാജ്യങ്ങളെ ആധുനിക ദുരിതങ്ങളുടെ കോളനികളാക്കി മാറ്റുകയായിരുന്നു.

അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി എന്ന പേരില്‍ അനേകം നിയന്ത്രണ സംവിധാനങ്ങള്‍ ഫ്രാന്‍സ് അവിടെ രൂപപ്പെടുത്തി. അവയില്‍ പ്രധാനം CFA ഫ്രാങ്ക് എന്ന കറന്‍സിയാണ്. ഇതിന്റെ മൂല്യനിര്‍ണ്ണയവും ഫ്രാന്‍സാണ് നടത്തുന്നത്. ഈ രാജ്യങ്ങള്‍ ആഗോള വിപണിയില്‍ സ്വതന്ത്രമായി ഇടപെടാന്‍ കഴിയാത്ത രീതിയിലാണ് ഈ സംവിധാനം രൂപപ്പെട്ടിരിക്കുന്നത്.

പലകാര്യങ്ങളിലും ഫ്രഞ്ച് സാമ്പത്തിക താല്പര്യങ്ങള്‍ ആഫ്രിക്കയെ ആധികാരികമായി പിടിച്ചിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ഫ്രഞ്ച് കമ്പനികളുടെ കൈയിലാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫ്രഞ്ച് സൈന്യങ്ങള്‍ നിലനില്ക്കുന്നുണ്ട് ഇപ്പോഴും. ഭരണാധികാരികളില്‍ പലരും ഫ്രാന്‍സിന് അനുകൂലമായ കളിപ്പാവകളായി മാറിയിട്ടുണ്ട്.

ഇവരില്‍ പലരും അഴിമതിക്ക് അടിപ്പെട്ടവരായും വന്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ പാരീസില്‍ സൂക്ഷിക്കുന്നവരായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതിനാല്‍ തന്നെ പ്രകൃതിവിഭവങ്ങള്‍ സമ്പുഷ്ടമായിട്ടും ആഫ്രിക്കന്‍ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാഷ്ട്രം ഇതിന് ഉദാഹരണമാണ്. എണ്ണയും യൂറേനിയവും നിറഞ്ഞ നാടായിട്ടും ഭൂരിഭാഗം ജനങ്ങളും ഇന്നും ഇവിടെ വിശപ്പിന്റെ പിടിയിലാണ്.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ഫ്രാന്‍സിന്റെ ശക്തമായ ഇടപെടലുകളും അതിനെതിരായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും, ആധിപത്യം ഇല്ലാതാക്കാന്‍ അതിവിശാലമായ ശ്രമങ്ങള്‍ പിറവിയെടുത്തിട്ടില്ല. ഗബോണില്‍ നിരവധി വര്‍ഷങ്ങളോളം അധികാരത്തില്‍ ഉണ്ടായിരുന്ന ഉമര്‍ ബോംഗോയും പിന്നീട് അദ്ദേഹത്തിന്റെ മകന്‍ അലി ബോംഗോയുമാണ് ഭരണാധികാരികളായി തുടരുന്നത്.

ഇവരുടെ നീക്കങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നില്‍ ഫ്രാന്‍സിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഫ്രാന്‍സിന്റെ താല്പര്യത്തിന് വിരുദ്ധമായി നിലകൊണ്ട നേതാക്കളെ അട്ടിമറിച്ച് പുറത്താക്കുകയോ അവരെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളെ അക്രമിച്ച് അടിച്ചമര്‍ത്തുകയോ ചെയ്യുകയായിരുന്നു പതിവ്.

ഗിനിയിലെ മുന്‍ പ്രസിഡന്റ് സെകോ ടൂറെ, ഫ്രഞ്ച് കരാറുകള്‍ ഇനി മുതല്‍ തന്റെ അധികാര പരിധിയില്‍ നിലനില്‍ക്കാത്തതായി പ്രഖ്യാപിക്കുകയും 'ദാരിദ്ര്യത്തിലുള്ള സ്വാതന്ത്ര്യം സമ്പന്നതയിലുള്ള അടിമത്വത്തെക്കാള്‍ ഉത്തമം' എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഫ്രാന്‍സ് എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തുകയും, തുടര്‍ന്ന് ഭരണകൂടത്തെ അട്ടിമറിച്ച് പുതിയ ഭരണകൂടത്തെ സ്ഥാപിക്കുകയും ചെയ്തതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്.

ബുര്‍ക്കിനാ ഫാസോ, ഐവറി കോസ്റ്റ്, മാലി, കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ പല രാജ്യങ്ങളിലും ഈ മാതൃക ആവര്‍ത്തിക്കപ്പെട്ടു. ഫ്രാന്‍സ് യഥാര്‍ഥത്തില്‍ കോളനിവത്കരണം അവസാനിപ്പിച്ചെന്ന വാദത്തെ തച്ചുടയ്ക്കാനാണ് ഇബ്രാഹിം ശ്രമിക്കുന്നത്. ചാള്‍സ് ഡിഗോളിന്റെ ഭരണകാലത്തുതന്നെ 'ആഫ്രിക്കയെ വിട്ടുപോയാല്‍ ഫ്രാന്‍സിന് നിലനില്‍പ്പില്ല' എന്ന തിരിച്ചറിവ് നിലനിന്നിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ 'നിയോ കോളനിവത്കരണം' നടത്താനുള്ള തന്ത്രങ്ങളാണ് ഫ്രാന്‍സ് ആവിഷ്‌കരിച്ചത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് മിറ്ററാന്റ് പരസ്യമായി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ സംഭാവനകള്‍ ഇല്ലെങ്കില്‍ 21-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സെന്നത് ഒരു നാമമാത്ര സമ്പദ് വ്യവസ്ഥയായി മാറിയേക്കും.

ഫ്രാന്‍സ് ഉപയോഗിക്കുന്ന ആകെയുള്ള ഊര്‍ജത്തിന്റെ 60 ശതമാനത്തിലധികവും ന്യൂക്ലിയര്‍ എനര്‍ജി ഉത്പാദനത്തിലൂടെയാണ് ഉണ്ടാകുന്നത്. അതിന് ആവശ്യമായ യൂറേനിയത്തിന്റെ പ്രധാന സ്രോതസ്സായി നൈജര്‍ എന്ന ആഫ്രിക്കന്‍ രാജ്യമാണ് നിലകൊള്ളുന്നത്. എന്നാല്‍, ഈ സമ്പുഷ്ട വിഭവങ്ങള്‍ കൈവശമുള്ള നൈജറിലെ ജനങ്ങളുടെ ഏതാണ്ട് 14 ശതമാനം പേര്‍ക്ക് മാത്രമാണ് വൈദ്യുതി ലഭിക്കുന്നത് എന്നത് വിരോധാഭാസമാണ്.

ഒരുപക്ഷേ അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്, മനുഷ്യാവകാശങ്ങള്‍ അമര്‍ച്ച ചെയ്യുന്ന നടപടികള്‍. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ സൈനിക ശക്തികളാല്‍ അമര്‍ച്ച ചെയ്യപ്പെടുകയാണ്. ചിലപ്പോള്‍ ഫ്രഞ്ച് സൈന്യം നേരിട്ട്, അല്ലെങ്കില്‍ അവരുടെ അനുകൂല സായുധ ഗ്രൂപ്പുകള്‍ വഴി പരാക്രമം തുടരുന്നുണ്ട്.

ഇക്കാര്യത്തിലുള്ള ആഗോള മനുഷ്യാവകാശ സംഘടനകളുടെ മൗനവും പ്രശ്‌നമാണ്. മുന്‍കാലങ്ങളില്‍ ഫ്രാന്‍സ് ഈ താല്‍പര്യങ്ങള്‍ ന്യായീകരിച്ചത് 'അപരിഷ്‌കൃത ജനതയെ സാംസ്‌കാരികമായി ഉയര്‍ത്തുക' എന്ന കൊളോണിയല്‍ തന്ത്രത്തിലൂടെയായിരുന്നു. ഇന്നും അതേ നയം മേമ്പൊടി ചേര്‍ത്ത് തുടരുകയാണ്.

'ആഫ്രിക്കന്‍ ഭരണകൂടങ്ങള്‍ക്ക് മതതീവ്രതയെ നേരിടാന്‍ കഴിവില്ല' എന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ പ്രസ്താവന ആഫ്രിക്കന്‍ ദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇബ്രാഹിം ട്രോറെയെ പോലുള്ള പുതു തലമുറ നേതാക്കള്‍ ആധുനിക അടിമത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നതിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയ്ക്ക് 1960ല്‍ ലഭിച്ച സ്വാതന്ത്ര്യം, അതിനുശേഷം നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷിച്ചാല്‍ താത്കാലിക മാറ്റമെന്നേ വിശേഷിപ്പിക്കാനാവൂ. ഫ്രഞ്ച് ഭരണാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചെങ്കിലും അറുത്തുമാറ്റാത്ത ബന്ധങ്ങളിലൂടെ പശ്ചാത്യ ശക്തികള്‍ ആഫ്രിക്കയിലെ ആധിപത്യം ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു.

ഇവിടെയാണ് ഇബ്രാഹിം ട്രോറെ എന്ന യുവനേതാവ് ആധുനിക ആഫ്രിക്കയില്‍ വിപ്ലവശബ്ദമായി ഉയര്‍ന്നത്. 1988ല്‍ ജനിച്ച ട്രോറെ പട്ടാള ജീവിതത്തിലൂടെ സ്വന്തം കരുത്ത് കാണിക്കുകയും പിന്നീട് 2022-ലെ സൈനിക നീക്കത്തിലൂടെ രാഷ്ട്രത്തിന്റെ മേല്‍ അധികാരത്തിലേറുകയും ചെയ്യുകയായിരുന്നു.

അദ്ദേഹത്തിന്റെ ഭരണനിലപാടുകള്‍ പുരാതന കൊളോണിയല്‍ ബന്ധങ്ങളെ, പ്രത്യേകിച്ച് ഫ്രാന്‍സിന്റെ താല്പര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായിരുന്നു. രാജ്യത്തെ സ്വര്‍ണവ്യാപാര കമ്പനികളെ ദേശസാത്കരിക്കുകയും, റഷ്യയുമായും മറ്റ് നാറ്റോ വിരുദ്ധ രാഷ്ട്രങ്ങളുമായും ദ്വിപക്ഷ ബന്ധങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ സൈനിക ശക്തികളാല്‍ അമര്‍ച്ച ചെയ്യപ്പെടുകയാണ്. ചിലപ്പോള്‍ ഫ്രഞ്ച് സൈന്യം നേരിട്ട്, അല്ലെങ്കില്‍ അവരുടെ അനുകൂല സായുധ ഗ്രൂപ്പുകള്‍ വഴി അടിച്ചമര്‍ത്തല്‍ തുടരുന്നു.

ഫ്രഞ്ച് സൈനികരെ പുറത്താക്കി. കൂടാതെ വെനസ്വല, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചു. ഇതേ മാതൃകയില്‍ സമീപ രാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഐക്യ ആഫ്രിക്കയ്ക്കുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിഴലിക്കുന്നത്.

ബുര്‍ക്കിനാ ഫാസോ 88 ശതമാനത്തിലേറെ സ്വര്‍ണം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. സ്വര്‍ണസമ്പത്തുള്ള ഒരു രാജ്യമായിട്ടും ജനത ദാരിദ്ര്യത്തിലും സമ്പദ്വ്യവസ്ഥ അവികസിതവുമായി തുടരുന്നത് വലിയ വൈരുധ്യമാണ്. ഇതാണ് ട്രോറെ ഉയര്‍ത്തുന്ന നിര്‍ണായക ചോദ്യങ്ങള്‍ക്കു പിന്നില്‍ നിലകൊള്ളുന്ന പച്ചയായ വാസ്തവം.

ഇദ്ദേഹം തന്റെ രാഷ്ട്രീയ ദൗത്യത്തിന് പ്രചോദനമായി കാണുന്നത് 1980കളില്‍ ബുര്‍ക്കിനാ ഫാസോയില്‍ ഭരണത്തിലിരുന്ന തോമസ് സങ്കരയാണ്. മാര്‍ക്‌സിസ്റ്റ് മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകളിലൂടെയും, ആഫ്രിക്കന്‍ സ്വാഭിമാനത്തിന്റെ പുതുമുഖമായമാണ് ട്രോറെ തന്റെ നേതൃത്വം പുനര്‍നിര്‍വചിക്കുന്നത്. എന്നാല്‍ സങ്കരയെപോലെ തന്നെ, ഇദ്ദേഹത്തെയും പല രാജ്യങ്ങളും ഭീഷണിയായി കാണുന്നുണ്ട്.

ഒരു പക്ഷത്ത് മതതീവ്രവാദ സംഘടനകളും മറുപക്ഷത്ത് ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടുന്ന നാറ്റോ സംഘടനകളും നിലയുറപ്പിച്ചിരിക്കുന്നു. അതേസമയം റഷ്യയും ചൈനയും വ്യാപകമായി പിന്തുണയ്ക്കുന്നുമുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവരുടെ സ്വന്തം സമ്പത്ത് ഉപയോഗിച്ച് യഥാര്‍ഥ സ്വാതന്ത്ര്യം നേടിയെടുക്കും വരെ, ആധുനിക അധിനിവേശത്തെയും സാമ്പത്തിക അടിമത്വത്തെയും കൂടി ചെറുക്കേണ്ടതുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ഇദ്ദേഹം. ട്രോറെയുടെ നേതൃത്വത്തിലൂടെ ആധുനിക ആഫ്രിക്കയുടെ സാമൂഹിക- സാമ്പത്തിക ഗതി മാറുമോ എന്ന ചര്‍ച്ച ലോകരാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു.