ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യം നിലമ്പൂരിലില്ല. രാഷ്ട്രീയ അവഗണനയുടെയും വികസന മുരടിപ്പിന്റെയും കണക്കുകള്‍ നിരത്തി സമുദായ - രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയ അജണ്ട തയ്യാറാക്കേണ്ടതുണ്ട്.
സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കാവസ്ഥ മലപ്പുറം ജില്ലയില്‍ ഏറ്റവും പ്രകടമായ ഇടമാണ് നിലമ്പൂര്‍. പശ്ചാത്തല സൗകര്യങ്ങളിലും സാമൂഹിക വികസനത്തിലും നിലമ്പൂര്‍ ഏറ്റവും പിന്നാക്കം നില്ക്കുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വഴിക്കടവ്, വയനാടുമായി വനാതിര്‍ത്തി പങ്കിടുന്ന പോത്തുകല്‍, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ, അമരമ്പലം ഗ്രാമപഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ചേര്‍ന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം.
നിലമ്പൂര്‍ ഗവണ്‍മെന്റ് കോളെജ് ഇന്നും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞാല്‍ നിലമ്പൂരിനോടുള്ള ഭരണകൂട അവഗണനയുടെയും നിലമ്പൂരിലെ ജനപ്രതിനിധികളുടെ കാര്യപ്രാപ്തിയില്ലായ്മയുടെയും നേര്‍ച്ചിത്രം ബോധ്യപ്പെടും. ചുങ്കത്തറ മാര്‍ത്തോമാ കോളെജ് ആണ് മണ്ഡലത്തിലെ ഏക എയ്ഡഡ് കോളെജ്. അത് ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലാണ്.
നിലമ്പൂരിലെ ജില്ലാ ആശുപത്രിയാണ് കിടത്തിചികിത്സയുള്ള മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രി. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയതാണ്. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാഫ് പാറ്റേണുമാണ് ഇപ്പോഴും നിലവിലുള്ളത്. നിലമ്പൂരില്‍ താലൂക്ക് ആശുപത്രിയില്ല.
ആദിവാസി ജനസംഖ്യയുള്ള നിലമ്പൂരില്‍ ട്രൈബല്‍ ആശുപത്രിയും പ്രവര്‍ത്തിക്കുന്നില്ല. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കിടത്തി ചികിത്സയില്ല. ആരോഗ്യമേഖയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നിലമ്പൂര്‍ മണ്ഡലം ഏറ്റവും പിറകിലാണ്.
നിലമ്പൂരിലെ ഏറ്റവും വലിയ ജനവിഭാഗമാണ് മുസ്ലിംകള്‍. ജനസംഖ്യയുടെ പകുതിയോളം മുസ്ലിംകളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും തോട്ടം തൊഴിലാളികളും ഉള്‍പ്പെടുന്ന ജനത. ഭൂമിക്ക് മേല്‍ കുറഞ്ഞ അവകാശം മാത്രമുള്ളവര്‍. പിന്നാക്ക-പട്ടികജാതി വിഭാഗങ്ങളാണ് ഹിന്ദു സമുദായത്തില്‍ ഏറിയ പങ്കും. 40%ത്തോളം വരും പിന്നാക്ക- പട്ടികജാതി ഹിന്ദു വിഭാഗങ്ങള്‍.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തിന് മണ്ഡലത്തില്‍ 10-15% വോട്ട് വിഹിതമാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ ആദിവാസി ജനസംഖ്യയുടെ പകുതിയോളം നിലമ്പൂര്‍ മണ്ഡലത്തിലാണ്. ഏറനാട്, വണ്ടൂര്‍ മണ്ഡലത്തിലാണ് അവശേഷിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ ഉള്ളത്. ജനസംഖ്യയുടെ 3-5% ആണ് ആദിവാസികള്‍.
ആദിവാസി ക്ഷേമരംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രധാനസൂചകമാണ് ട്രൈബല്‍ ഹോസ്പിറ്റലിന്റെ അഭാവം. ഫണ്ടൊഴുകി എന്നതല്ലാതെ ഗുണപരമായ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ആദിവാസി ക്ഷേമത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പ്രത്യേകം നടത്തേണ്ടതാണ്.
ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്ലിംകള്‍ക്ക് മണ്ഡലത്തില്‍ ഒരു എയ്ഡഡ് കോളെജുമില്ല എന്നത് ഗൗരവതരമായ കാര്യമാണ്. മമ്പാട് എം ഇ എസ് കോളെജ് വണ്ടൂര്‍ മണ്ഡലത്തിലും, അമല്‍ കോളെജ് ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലും സ്ഥിതി ചെയ്യുന്നു. മുസ്ലിം സമുദായത്തിന് അണ്‍ എയ്ഡഡ് കോളെജുകള്‍ പോലുമില്ലാത്ത മലപ്പുറം ജില്ലയിലെ ഏക മണ്ഡലമാണ് നിലമ്പൂര്‍. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും നാമമാത്രമാണ് ഉള്ളത്.
മലപ്പുറം ജില്ല സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്നുവെന്ന് പറയാറുണ്ട്. ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍ മേഖലയിലെ ജില്ലയുടെ പിന്നാക്കാവസ്ഥയിലേക്ക് പ്രധാന സംഭാവന നല്കുന്നത് നിലമ്പൂര്‍ നിയോജക മണ്ഡലമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിലമ്പൂരിലേക്ക് ട്രെയിന്‍ ഗതാഗതം ഉണ്ടായിരുന്നു. പ്ലാന്റേഷന്‍, അടിസ്ഥാന സൗകര്യവികസനം എന്നിവയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രദ്ധപതിഞ്ഞ പ്രദേശമാണ് നിലമ്പൂര്‍.
എന്നാല്‍ ടൂറിസം രംഗത്ത് നിലമ്പൂരിന് മുന്നേറാനായില്ല. കേരളത്തില്‍ നിന്നു ഊട്ടിയിലേക്കും ബന്ദിപ്പൂരിലേക്കുമുള്ള വഴിയില്‍ ടൂറിസം വികസിക്കാതിരുന്നത് സര്‍ക്കാറിന്റെ അവഗണന കൊണ്ട് മാത്രമാണ്. ഒരു പ്രദേശം വികസനപരമായി പിന്നാക്കം നില്‍ക്കുന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അങ്ങനെയാണെങ്കില്‍ രാഷ്ട്രീയപരമായ കാരണങ്ങളാലാണ് നിലമ്പൂര്‍ അവികസിത പ്രദേശം ആയത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിച്ചിട്ടുണ്ട്.
ഏത് മുന്നണി വിജയിച്ചാലും രാഷ്ട്രീയ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും ദാരിദ്ര്യവും അവസരങ്ങളുടെ അഭാവവും തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ എടുക്കാനും നിലമ്പൂരുകാര്‍ക്ക് സാധിക്കണം.
രാഷ്ട്രീയപരമായി പറഞ്ഞാല്‍ നിലമ്പൂരിലെ മുസ്ലിംകള്‍ പ്രധാനമായും രാഷ്ട്രീയ അവഗണനയുടെ ഇരകളാണ്. വോട്ട് നല്കാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല നിലമ്പൂരിലെ ജനങ്ങള്‍. അവര്‍ക്ക് വികസനത്തിനും അര്‍ഹതയുണ്ടെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ്. നിലമ്പൂരില്‍ ഏതെങ്കിലും സമുദായത്തിന് അനര്‍ഹമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കിയെന്ന് പരാതി ആര്‍ക്കുമില്ല.
എന്നാല്‍ മുസ്ലിംകള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. അത് ലഭിക്കാതിരുന്നത് മുന്‍കാല ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാറുകളുടെയും ബോധപൂര്‍വമായ അവഗണന കാരണമാണ്. മുസ്ലിം പിന്നാക്കാവസ്ഥയെ പരിഹസിക്കുകയല്ല, പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയാണ് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തം.
ഖബറിടങ്ങള്‍ സന്ദര്‍ശിച്ചും സെമിനാറുകളില്‍ പ്രസംഗിച്ചും മുസ്ലിം മനസ്സിനെ സ്വാധീനിക്കാമെന്ന് കരുതുന്നത് സമുദായത്തിന്റെ രാഷ്ട്രീയ സാക്ഷരതയെ അവഹേളിക്കലാണ്. മുസ്ലിം സമുദായത്തിന് തൊലിപ്പുറമെയുള്ള പിന്തുണ ആവശ്യമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചോദിച്ചപ്പോള്‍ സിനിമയെടുത്ത് പരിഹസിച്ചവരും പൊലീസ് അതിക്രമത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ കള്ളക്കടത്തുകാരെന്ന് വിളിച്ച് പരിഹസിച്ചവരും സ്വയം തിരുത്തുക. കേരളത്തിലെ സര്‍ക്കാര്‍ സാമൂഹികനീതി ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്ന് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സമുദായത്തിനുണ്ട്. കഫിയ പുതച്ചോ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയോ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല അത്.
ഏതെങ്കിലും ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യം നിലമ്പൂരിലില്ല. രാഷ്ട്രീയ അവഗണനയുടെയും വികസന മുരടിപ്പിന്റെയും കണക്കുകള്‍ നിരത്തി സമുദായ - രാഷ്ട്രീയ നേതൃത്വം നിലമ്പൂരില്‍ രാഷ്ട്രീയ അജണ്ട തയ്യാറാക്കേണ്ടതുണ്ട്.
ഏത് മുന്നണി വിജയിച്ചാലും ഈ രാഷ്ട്രീയ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും ദാരിദ്ര്യവും അവസരങ്ങളുടെ അഭാവവും തിരിച്ചറിയാനും നിലമ്പൂരുകാര്‍ക്ക് സാധിക്കണം.