മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ രാജ്യത്ത് ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.
സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണ്. എന്നാല്‍ രാജ്യത്തെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതും വെട്ടി മാറ്റുന്നതും അവര്‍ പോലും അറിഞ്ഞില്ലെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരിട്ട് നടത്തിയ ഇടപെടലുകളാണ് വോട്ടര്‍ പട്ടികയിലെ പേര് വെട്ടിമാറ്റലില്‍ സംഭവിച്ചിരിക്കുന്നത്. എസ് ഐ ആര്‍ നടപ്പാക്കിയ പശ്ചിമബംഗാളില്‍ ബി ജെ പി അധികാരത്തിലേറി. 27 ലക്ഷം വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അവിടെ വെട്ടി മാറ്റി.
എന്നിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ബംഗാളില്‍ 38 ലക്ഷം പരാതികളാണ് നിലവില്‍ ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. 22.21 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ വീണ്ടും ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ആരാണ് പരാതിക്കാര്‍, ആരാണ് പേരു വെട്ടിയത് തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.
ഇതിനിടയില്‍ പശ്ചിമബംഗാളില്‍ ബി ജെ പി അധികാരത്തിലേറിയിരുന്നു. ഗോവയില്‍ എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി പുറത്താക്കപ്പെട്ടവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അവസരം നല്‍കി. എന്നാല്‍ ഡിലീറ്റ് ചെയ്തവരെ വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മൂന്നുപേര്‍ക്കും തുല്യ അധികാരമാണുള്ളത്. ഇലക്ഷന്‍ കമ്മീഷണര്‍ മുഖ്യ ചുമതലക്കാരനാണ്. പ്രത്യേക അധികാരങ്ങള്‍ ഇല്ല.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷമാണ് പരിഗണിക്കേണ്ടത്. അഥവാ മൂന്നംഗ കമ്മീഷനില്‍ രണ്ടംഗങ്ങളുടെ നിലപാടാണ് പരിഗണിക്കേണ്ടത്. അപ്പോള്‍, ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.
സുപ്രീംകോടതി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഭരണഘടനാപരമായ പ്രതിസന്ധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ഗ്യാനേഷ് കുമാര്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നു.
അട്ടിമറിക്കപ്പെട്ട വോട്ടര്‍ പട്ടിക ഒരു ഭാഗത്ത് തയ്യാറാകുന്നു. മറ്റൊരിടത്ത് ഒറ്റ തെരഞ്ഞെടുപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതേസമയം തന്നെയാണ് ഇന്ത്യയിലെ മുഴുവന്‍ ലോകസഭ മണ്ഡലങ്ങളെയും പുനര്‍നിര്‍ണയിക്കാനുള്ള ബില്ലുകളും കൊണ്ടുവരുന്നത്. ഇത് മൂന്നും ചേര്‍ത്ത് വായിക്കേണ്ട സംഭവങ്ങളാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സിനെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് നടമാടിക്കൊണ്ടിരിക്കുന്നത്.
മണ്ഡല പുനര്‍വിഭജനം
രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചയിക്കുന്നതാണ് ഡീലിമിറ്റേഷന്‍ ബില്‍ 2026. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനര്‍വിഭജനം രാജ്യത്ത് മരവിപ്പിച്ചിരുന്നു. 2001ലെ 84ാം ഭരണഘടനാ ഭേദഗതിയില്‍ 2026 വരെ മണ്ഡല പുനര്‍ വിഭജനം മരവിപ്പിച്ചു.
2026ല്‍ രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിച്ചിരിക്കുന്നു. 2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വരുന്നത് പുതിയ സെന്‍സസ് റിപ്പോര്‍ട്ടിന് ശേഷമാണ്. അഥവാ 2027ല്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും 2029 പാര്‍ലമെന്റില്‍ വനിതാ സംവരണം നടപ്പാക്കുകയും ആണ് ബി ജെ പി അജണ്ട.
രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ പൗരത്വവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി നല്‍കേണ്ടത് സര്‍ക്കാരാണ്.
മൂന്നിലൊന്ന് വനിതാ സംവരണം എന്ന മനോഹരമായ ആശയത്തിന് ഒപ്പം മണ്ഡലം പുനര്‍വിഭജനം എന്ന ആശയവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നു. ജനസംഖ്യാ ആനുപാതികമായിട്ടാണ് മണ്ഡലം പുനര്‍വിഭജനം വിഭാവന ചെയ്തിരിക്കുന്നത്. അതോടൊപ്പം ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 850 ആയി ഉയര്‍ത്താനാണ് ധാരണ.
2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഉത്തര്‍പ്രദേശില്‍ 53 സീറ്റുകള്‍ വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. പശ്ചിമബംഗാളില്‍ 19, ബീഹാറില്‍ 29, മഹാരാഷ്ട്രയില്‍ 27 എന്നതാണ് വര്‍ധനവിന്റെ സാധ്യത. കേരളത്തില്‍ രണ്ട് സീറ്റുകള്‍ വര്‍ധിക്കുമെന്നാണ് അനുമാനം.
സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഏകദേശ ധാരണ ആണിത്. എസ് ഐ ആറില്‍ ക്രമക്കേട് നടത്തിയത് പോലെ സെന്‍സസില്‍ ക്രമക്കേട് നടത്താനുള്ള സാധ്യതയും, മണ്ഡലം വിഭജനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
2029ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ മണ്ഡലം അതിര്‍ത്തികള്‍ പുനര്‍ നിശ്ചയിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളത്. ഒരു മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ മാറ്റിവരക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് റിസള്‍ട്ട് മാറ്റിമറിക്കാനാവും.
അങ്ങനെ ബി ജെ പിക്ക് അനുകൂലമായ റിസള്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉണ്ടാകുമെന്ന ആശങ്കയുടെ കൂടി പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നിലവില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ചോദ്യം ചെയ്തിരിക്കുന്നത്.
രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട നിരന്തരമായ സംവാദങ്ങളും അതോടുകൂടി ശക്തിപ്പെടുകയാണ്. ഇന്ത്യയിലെ പൗരന്മാര്‍ എല്ലാവരും പുരാരേഖ സൂക്ഷിപ്പുകാരല്ല. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ അവരുടെ ആര്‍ക്കൈവല്‍ ഡാറ്റ സൂക്ഷിക്കുന്നില്ല.
ആദിവാസികള്‍, നാടോടികള്‍, തെരുവില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ചരിത്രപരമായ അവരുടെ അടയാളങ്ങള്‍ സൂക്ഷിക്കുന്നില്ല. വെള്ളപ്പൊക്കം, വരള്‍ച്ച, കലാപങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പലായനം ചെയ്യുന്ന ജനവിഭാഗങ്ങളും അവരുടെ രേഖകള്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല.
ബ്രഹ്മപുത്ര നദിയുടെ തീരങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളെയാണ് നിരന്തരമായി അഭയാര്‍ഥികളാക്കുന്നത്. അവരുടെ പതിറ്റാണ്ടുകള്‍ മുമ്പത്തെ വോട്ടര്‍ പട്ടികയില്‍ നിന്നുള്ള തങ്ങളുടെ പൂര്‍വ പിതാക്കളുടെ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞാല്‍ അത് കടുത്ത അനീതിയും മര്യാദകേടും അപ്രായോഗികവുമാണ്.
13 കോടി ജനങ്ങള്‍ എസ് ഐ ആറില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ദളിതരും ആദിവാസികളും നാടോടികളും പ്രകൃതിക്ഷോഭങ്ങളുടെ ഇരകളുമാണ് അവരില്‍ ഏറിയ പങ്കും എന്നാണ്. സ്വന്തമായി വീടും ആസ്തികളും ഇല്ലാത്ത പുറമ്പോക്കിലും കോളനികളിലും താമസിക്കുന്ന മനുഷ്യര്‍ എങ്ങനെയാണ് അവരുടെ പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കുന്നത് എന്ന ചോദ്യമാണ് ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇത് രാജ്യത്തെ അടിത്തട്ട് ജനവിഭാഗങ്ങളുടെ പൗരാവകാശങ്ങളുടെ ധ്വംസനമാണ്. പൗരന്‍ രേഖ കണ്ടെത്തണം എന്നല്ല സര്‍ക്കാര്‍ പറയേണ്ടത്; മറിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ പൗരത്വവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി നല്‍കേണ്ടത് സര്‍ക്കാരാണ്.
പൗരത്വം തെളിയിക്കേണ്ട ബാധ്യത പൗരന്മാര്‍ക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അവരെ സഹായിക്കുന്നില്ല എന്ന് മാത്രമല്ല എസ്‌ഐആര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ രേഖകള്‍ നഷ്ടപ്പെടുക കൂടി ചെയ്തു എന്നത് ഇന്ത്യയിലെ യാഥാര്‍ഥ്യമാണ്.
മാത്രമല്ല, കാലങ്ങളായി രാജ്യത്തെ ഏറ്റവും താഴെത്തട്ടില്‍ ഉള്ള ജനവിഭാഗങ്ങളില്‍ വലിയ പങ്കും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് എസ് ഐ ആറില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടുമില്ല. വോട്ടര്‍ പട്ടികയിലെ ആദിവാസി- മുസ്ലിം- നാടോടി പുറന്തള്ളലുകളെ കുറിച്ചുള്ള പഠനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അതേക്കുറിച്ച് എസ് ഐ ആറിന് മുമ്പ് രാജ്യത്തെ അടിത്തട്ട് ജനവിഭാഗങ്ങള്‍ ഏറെയൊന്നും ചര്‍ച്ച ചെയ്തിരുന്നില്ല. സമാനമായ രീതിയില്‍ രാജ്യത്തെ സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്നും ആദിവാസികള്‍, നാടോടികള്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ എന്നിവരെ അവഗണിച്ചതായി ഉള്ള പരാതികള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുള്ളതാണ്.
കേരളത്തില്‍ എസ് ഐ ആര്‍ നടപ്പാക്കിയപ്പോള്‍ ന്യൂനപക്ഷ വോട്ടുകളുടെ ശാക്തീകരണം ആണ് സംഭവിച്ചത്.
ഈ പശ്ചാത്തലത്തില്‍ ആണ് 2026ലെ സെന്‍സസ് റിപ്പോര്‍ട്ടിനെ രാജ്യം ആശങ്കയോടെ നോക്കി കാണുന്നത്. മണ്ഡലങ്ങളുടെ എണ്ണവും അതിര്‍ത്തികളും പുനര്‍ നിശ്ചയിക്കാനുള്ള നീക്കം പ്രതിപക്ഷം ആശങ്കയോടെ നോക്കി കാണുന്നതും ഈ പുറന്തള്ളില്‍ ഭീഷണികളുടെ പശ്ചാത്തലത്തിലാണ്.
കൗതുകകരമായ ഒരു കാര്യം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ എസ് ഐ ആര്‍ നടപ്പാക്കിയപ്പോള്‍ ന്യൂനപക്ഷ വോട്ടുകളുടെ ശാക്തീകരണം ആണ് സംഭവിച്ചത്. അതിന് കാരണം കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാന്നിധ്യമാണ്.
മുസ്ലിംലീഗിന്റെ ഇടപെടല്‍ എസ് ഐ ആര്‍ നടപ്പാക്കിയപ്പോഴും കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വോട്ടര്‍പട്ടികയില്‍ നിലനിര്‍ത്തുന്നതിന് സഹായിച്ചു. എന്നാല്‍ രാഷ്ട്രീയമായി നേതൃത്വം ഇല്ലാത്ത മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പുറന്തള്ളപ്പെടുകയുണ്ടായി.
അവിടെ രാഷ്ട്രീയ അധികാരമുള്ള ബി ജെ പിയും അവരുടെ ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പുറന്തള്ളുകയുണ്ടായി. ന്യൂനപക്ഷ രാഷ്ട്രീയവും പ്രാതിനിധ്യവും പൗരാവകാശവുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൂടി എസ ഐ ആറും മണ്ഡലം പുനര്‍ വിഭജന നീക്കങ്ങളും തുടക്കം കുറിക്കേണ്ടതുണ്ട്.
