പൊലീസ് ഭരണവും ഔട്ട്‌സോഴ്‌സ് ചെയ്തുവോ?


മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ മാധ്യമമായ ദി ഹിന്ദുവിന്റെ രാഷ്ട്രീയ ലേഖികയുമായി ദല്‍ഹിയില്‍ ഒരു അഭിമുഖം ഏര്‍പ്പാടാക്കിയത് പ്രമുഖ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് എന്ന് പ്രസ്തുത പത്രത്തിന്റെ പത്രാധിപര്‍ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചത്. അഭിമുഖത്തില്‍ പറയാത്ത ചില കാര്യങ്ങള്‍ വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ത്തത് സംബന്ധിച്ച വിവാദം കത്തിപ്പടര്‍ന്നപ്പോഴാണ് തങ്ങള്‍ക്കു അതില്‍ ചില പിഴവുകള്‍ പറ്റിയെന്നും ഏജന്‍സി എത്തിച്ചുതന്ന വിഷയങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം അറിയിച്ചത്.

മാധ്യമപ്രവര്‍ത്തനത്തില്‍ അതൊരു മാന്യമായ രീതിയാണ്. തെറ്റുപറ്റിയാല്‍ അത് അംഗീകരിച്ചു തിരുത്തുക. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഖേദപ്രകടനം നടത്തുക. വിശ്വാസ്യത നിലനിര്‍ത്താന്‍ അത്തരം തുറന്ന സമീപനങ്ങള്‍ അനിവാര്യമാണ് എന്ന് നിലവാരമുള്ള മാധ്യമങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ അവ പൊതുസമൂഹത്തില്‍ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ട് ഒരു അഭിമുഖം നടത്താനായി മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയുടെ സഹായം തേടി എന്ന ചോദ്യം നിലനില്‍ക്കുന്നു. അതൊരു ഗുരുതരമായ വിഷയമാണ്. അദ്ദേഹത്തിനു മാധ്യമ ഉപദേശകര്‍ തന്നെയുണ്ട് രണ്ടു പേര്‍. പിന്നെ മാധ്യമ സെക്രട്ടറിയും നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന ഒരു സെക്രട്ടറിയറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പൊരു കാലത്തും ഇത്രയും വിപുലമായ ഒരു മാധ്യമ സാമ്രാജ്യം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മാധ്യമബന്ധങ്ങള്‍ വെറും ഒന്നോ രണ്ടോ പേരെ മാത്രം വെച്ചാണ് നടത്തിവന്നിരുന്നത്. വി എസ് അച്യുതാന്ദന്റെ കാലത്തും കാര്യങ്ങള്‍ അപ്രകാരം തന്നെ. അവര്‍ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചില്ല. അതിനാല്‍ അതിന്റെ പേരില്‍ ആപത്തുകള്‍ നേരിടുകയും ചെയ്തില്ല.


എന്‍ പി ചെക്കുട്ടി സാംസ്കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ