ജാര്‍ഖണ്ഡ് പിടിക്കാന്‍ ലാന്റ് ജിഹാദ് എന്ന പുതിയ ആരോപണവും ഹിമന്ത ഉയര്‍ത്തി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസികളെ വിവാഹം ചെയ്ത് അവരുടെ ഭൂമി തട്ടിയെടുക്കുന്നു എന്നു വ്യാപകമായി പ്രചരിപ്പിച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വിദ്വേഷ- വിഭാഗീയ രാഷ്ട്രീയ പ്രചാരണത്തെ തകര്‍ത്തെറിഞ്ഞാണ് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യം ഭരണം നിലനിര്‍ത്തിയത്. വിദ്വേഷ രാഷ്ട്രീയം തന്നെയാണ് ഇവിടെയും ബി ജെ പി പയറ്റിയതെങ്കിലും ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും നിശ്ചയദാര്‍ഢ്യത്തിനും തന്ത്രങ്ങള്‍ക്കും മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.
വിഭാഗീയ- വര്‍ഗീയ രാഷ്ട്രീയത്തിന്റെ എല്ലാ അഭ്യാസങ്ങളും പയറ്റിത്തെളിഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ജാര്‍ഖണ്ഡിലെ ഗോദയില്‍ ബ ജെ പിയെ മുന്നില്‍ നിന്നു നയിച്ചത്. 28 ശതമാനം വരുന്ന ആദിവാസികളെയും ഹിന്ദുക്കളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റം പറഞ്ഞ് പേടിപ്പിച്ച് സമുദായങ്ങളെ തമ്മിലകറ്റി നേട്ടം കൊയ്യാനുള്ള നീക്കമാണ് ബി ജെ പി പയറ്റി നോക്കിയത്.
അതിര്‍ത്തി വഴി ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറി വന്‍തോതില്‍ അനധികൃത പണമിടപാട് നടക്കുന്നെന്നും ഇതിന് ഭരണകക്ഷിയായ ജെ എം എം ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു ബി ജെ പിയുടെയും ഹിമന്തയുടെയും വ്യാപകമായ പ്രചാരണം.
ആരോപണം ശരിയെന്ന് വരുത്തിത്തീര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും പതിനേഴിടങ്ങളില്‍ ഇ ഡി റെയ്ഡ് സംഘടിപ്പിക്കുകയും ചെയ്തു. അവസാന പിടിവള്ളിയെന്ന നിലക്ക് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പഴ്‌സനല്‍ സെക്രട്ടറി സുനില്‍ ശ്രീവാസ്തവയുടെ വീട്ടിലും റെയ്ഡ് അരങ്ങേറി. പക്ഷെ റെയ്ഡ് നാടകമായിരുന്നുവെന്ന് ജനം വിലയിരുത്തി.
രാജ്യം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ ജനീകയ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തുകൊണ്ടാവില്ല ബി ജെ പി തെരഞ്ഞെടുപ്പുകളെ നേരിടുക. ഹിന്ദുത്വ രാഷ്ട്രം സാധ്യമാക്കാനായി വംശീയതയും ജാതീയതയും തിളപ്പിച്ചു നിര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിച്ച് ഭരണം നിലനിര്‍ത്താന്‍ തന്നെയാവും വീണ്ടും വീണ്ടും ശ്രമിക്കുക.
28 ശതമാനം വരുന്ന ആദിവാസികള്‍ക്കിടയില്‍ ലാന്റ് ജിഹാദ് എന്നൊരു പുതിയ ആരോപണവും ഹിമന്ത ഉയര്‍ത്തിക്കൊണ്ടുവന്നു. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആദിവാസികളെ വിവാഹം ചെയ്ത് ആദിവാസി ഭൂമി തട്ടിയെടുക്കുന്നു എന്നും നുഴഞ്ഞു കയറ്റം ആദിവാസി ജനസംഖ്യാനുപാതം അട്ടിമറിക്കുന്നു എന്നും ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചു. ആകെയുള്ള 81 നിയമസഭാ മണ്ഡലങ്ങളില്‍ 28ഉം പട്ടികവര്‍ഗ സംവരണമാണെന്നതിനാല്‍ തന്നെ ജെ എം എമ്മിന്റെ ആദിവാസി വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന തന്ത്രമാണ് ബി ജെ പി പയറ്റിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ജെഎംഎം സഖ്യം നേടിയ 47ല്‍ 25ഉം ഗോത്ര ബെല്‍റ്റില്‍ നിന്നാണെന്നതും 90% ഗോത്ര വോട്ടും ഇന്‍ഡ്യ മുന്നണിക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര മേഖല പൂര്‍ണമായും ഇന്‍ഡ്യ മുന്നണി തൂത്തുവാരുകയുണ്ടായി.
കാര്യമായ ഭരണ വിരുദ്ധ വികാരമൊന്നും എടുത്തു കാണിക്കാനില്ലെന്നിരിക്കെ ബി ജെ പിയുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് വര്‍ധിതാവേശത്തോടെ ജാര്‍ഖണ്ഡ് ജനത ഇന്‍ഡ്യ സഖ്യത്തെ പിന്തുണച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ അംഗബലവും (56 സീറ്റ്) ഭൂരിപക്ഷവും നേടിയാണ് ഇന്‍ഡ്യാ സഖ്യം വീണ്ടും അധികാരത്തിലേറുന്നത്.
ഒരു കാര്യം ക്ലിയറാണ്. രാജ്യം ഇന്നഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ ജനീകയ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തുകൊണ്ടാവില്ല ബി ജെ പി വരും തെരഞ്ഞെടുപ്പുകളെ നേരിടുക. ആഗോള തലത്തില്‍ ശക്തി പ്രാപിച്ചു വരുന്ന വലതുപക്ഷ തീവ്രവാദത്തെ ചേര്‍ത്തുപിടിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യ സാധ്യത്തിനായി വംശീയതയും ജാതീയതയും ഊതിക്കത്തിച്ച് പൗരന്‍മാരെ തമ്മിലടിപ്പിച്ച് ഭരണം നിലനിര്‍ത്താന്‍ തന്നെയാവും ബി ജെ പി പിന്നെയും പിന്നെയും ശ്രമിക്കുക.
