ഗസ്സ മുതല്‍ അസം വരെ; ആദര്‍ശത്തിലും രീതിശാസ്ത്രത്തിലും ഐക്യപ്പെടുന്ന ഹിന്ദുത്വയും സയണിസവും


സവര്‍ക്കര്‍ വിഭാവനം ചെയ്യുന്ന 'പിതൃഭൂമിയും പുണ്യഭൂമിയുമായി വരുന്ന ഇന്ത്യ' എന്ന ആശയത്തെ അപ്പടി ഉള്‍ക്കൊള്ളുന്ന ദേശീയതയാണ് ഇസ്രായേലും മുന്നോട്ടുവെക്കുന്നത്.

ഹിന്ദുത്വയും സയണിസവും ഭീകരമായ രണ്ട് വംശീയ-ദേശീയ പ്രത്യയശാസ്ത്രങ്ങളാണ്. അവ വിഭാവനം ചെയ്യുന്നത് വംശത്തിന് പുറത്തുനില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെ ഉന്മൂലനം ചെയ്യണം എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വങ്ങളാണ്. സവര്‍ക്കര്‍ വിഭാവനം ചെയ്യുന്ന 'പിതൃഭൂമിയും പുണ്യഭൂമിയുമായി വരുന്ന ഇന്ത്യ' എന്ന ആശയത്തെ അപ്പടി ഉള്‍ക്കൊള്ളുന്ന ദേശീയതയാണ് ഇസ്രായേലും മുന്നോട്ടുവെക്കുന്നത്.

തങ്ങളുടെ ശുദ്ധമായ വംശം ജന്മം കൊണ്ട ദേശവും ഞങ്ങളുടെ പുണ്യഭൂമിയും ഒന്നായി വരുന്ന ഹിന്ദുവല്ലാത്ത ഒരേയൊരു വംശം ജൂതന്മാര്‍ ആയിരിക്കും എന്നാണ് സവര്‍ക്കര്‍ പറയുന്നത്. എസ്സെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വയില്‍ സവര്‍ക്കര്‍ എഴുതി:

'എന്നെങ്കിലും സയണിസ്റ്റുകളുടെ സ്വപ്‌നം പൂവണിയുകയും ഫലസ്തീന്‍ ജൂതരാഷ്ട്രമാവുകയും ചെയ്താല്‍, നമ്മുടെ ജൂത സുഹൃത്തുക്കളുടേതിന് സമാനമായ സന്തോഷം നമുക്ക് ഉണ്ടാവും.' ഗോള്‍വാള്‍ക്കറും പിന്നീട് ഇതുതന്നെ എഴുതി.

ഇന്ത്യന്‍ ഹിന്ദു ദേശീയതയെ പരിപൂര്‍ണമാക്കുന്ന അഞ്ച് ഘടകങ്ങളായ വംശം, മതം, സംസ്‌കാരം, ഭാഷ, അതിര്‍ത്തി എന്നിവയില്‍ ഹിന്ദുക്കളില്‍ നിന്ന് ജൂതന്മാര്‍ക്ക് കുറവായുണ്ടായിരുന്നത് അതിര്‍ത്തി ദേശമാണെന്നും അത് നേടാന്‍ ഇന്ത്യ അവരെ പിന്തുണക്കേണ്ടതുണ്ടെന്നും എഴുതുന്നുണ്ട്.

ലോകത്ത് എവിടെയുമുള്ള ഹിന്ദു സ്വാഭാവികമായി ഇന്ത്യയുടെ പൗരനാവുമെന്നും എന്നാല്‍ പതിറ്റാണ്ടുകളും തലമുറകളും ഇന്ത്യയില്‍ സഹവസിച്ച മുസ്‌ലിം ഏതു നിമിഷവും പൗരനല്ലാതായി മാറുമെന്നുമുള്ള ഹിന്ദുത്വയുടെ അടിസ്ഥാന പ്രമാണമാണ് സിഎഎ എന്ന നിയമത്തിലൂടെ ഭരണഘടനയുടെ ഭാഗമായി മാറിയത്. എല്ലാ രേഖകളും കൈവശമുണ്ടെങ്കില്‍ പോലും ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് മുസ്‌ലിം പുറന്തള്ളപ്പെടുമെന്നതിന്റെ ചിത്രങ്ങളാണ് ബംഗാളി മുസ്‌ലിംകളുടെ വിഷയത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

2019ല്‍ നിലവില്‍ വന്ന ഈ നിയമത്തിന്റെ മാതൃക ഇസ്രായേല്‍ ആണ്. ഇസ്രായേലിലെ 1950-ലെ ലോ ഓഫ് റിട്ടേണും 2018-ലെ ബേസിക് ലോയും ഉള്‍ച്ചേര്‍ന്നതാണ് ഇന്ത്യയിലെ എന്‍ ആര്‍ സി- സി എ എ. ലോകത്ത് എവിടെയുമുള്ള ജൂതന്‍ ഇസ്രായേലിന്റെ ഭാഗമാവുകയും, ഔദ്യോഗിക ഇസ്രായേലില്‍ പൗരത്വമുണ്ടായിരുന്ന അറബികളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണ് 2018-ല്‍ ഇസ്രായേല്‍ നിര്‍മിച്ചത്.

ബാബരി മസ്ജിദിനു മേല്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നതായിരുന്നു ഹിന്ദുത്വയെ ഒരു രാഷ്ട്രീയ ശക്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെങ്കില്‍, ജറൂസലമിലെ അല്‍അഖ്‌സയുടെ സ്ഥാനത്ത് സോളമന്‍ ടെമ്പിള്‍ നിര്‍മിക്കണം എന്നത് സയണിസ്റ്റുകളുടെ പ്രധാന വാദമാണ്.

1992-ല്‍ തകര്‍ത്ത ബാബരി മസ്ജിദിനു മേല്‍ രാമക്ഷേത്രം സ്ഥാപിച്ച് ഏതാനും മാസങ്ങള്‍ക്കിപ്പുറമാണ് അല്‍അഖ്‌സയുടെ കോമ്പൗണ്ടില്‍ നിന്നുകൊണ്ട് ഇതാമര്‍ ബെന്‍ഗ്വിര്‍ 'ഈ യുദ്ധം ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ അവസാനമാണ്' എന്ന് പ്രഖ്യാപിച്ചത്. ആദര്‍ശപരമായി മാത്രമല്ല, ഈ രണ്ടു വംശീയ പ്രത്യയശാസ്ത്രങ്ങളും രീതിശാസ്ത്രപരമായും പരസ്പര കൊള്ളക്കൊടുക്കലുകളിലൂടെയാണ് നിലനില്‍ക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഈ സാമ്യത ചൂണ്ടിക്കാണിച്ചത്.

അതുകൊണ്ടുതന്നെയാണ് ഇന്ത്യ ഇസ്രായേലിന്റെയും ഇസ്രായേല്‍ ഇന്ത്യയുടെയും ഉറ്റ സുഹൃത്തായി ഈ വംശഹത്യക്കാലത്ത് വളര്‍ച്ച പ്രാപിക്കുന്നത്.

പ്രതിരോധത്തിന്റെ പാഠങ്ങള്‍

സയണിസവും ഹിന്ദുത്വയും ഇന്ന് ലോകത്തെ മുസ്‌ലിം വിരുദ്ധ വംശീയതയുടെ, ഇസ്‌ലാമോഫോബിയയുടെ നേതൃത്വം വഹിക്കുന്ന വ്യാവസായിക പങ്കാളികളാണ്. ഒക്ടോബര്‍ 7ന് തൂഫാനുല്‍ അഖ്‌സയുടെ നാള്‍ തൊട്ടിന്നുവരെ ആഗോളതലത്തില്‍ ഫലസ്തീനികളും പ്രോ ഫലസ്തീന്‍ ആക്ടിവിസ്റ്റുകളും നേതൃത്വം നല്‍കുന്ന ഒരു പ്രതിരോധത്തിന്റെ ഭാഷയുണ്ട്.

അതിന്റെ സവിശേഷത നൈരന്തര്യം തന്നെയാണ്. ലോക രാജ്യങ്ങളുടെ രാഷ്ട്രീയ ഭാഷ നിര്‍ണയിക്കുന്നതില്‍ ഈ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രാധാന്യം നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല.

ഏറ്റവും കൂടുതല്‍ സയണിസ്റ്റ് ലോബികളും ജൂതരും അധിവസിക്കുന്ന ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിയെ പോലെ, സയണിസത്തിനെതിരെ ശക്തമായ ഭാഷ സ്വീകരിക്കുന്ന, പ്രോ ഫലസ്തീനി രാഷ്ട്രീയക്കാരന് എങ്ങനെ ഒരു ഇലക്ടറല്‍ കാന്‍ഡിഡേറ്റായി ജയിക്കാന്‍ കഴിയുന്നു എന്നതിന്റെ ഉത്തരം, നിരന്തരമായ സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ബോധവത്കരണങ്ങളിലൂടെയും ആഖ്യാന നിര്‍മിതികളിലൂടെയും പാശ്ചാത്യലോകത്ത് സ്ഥാപിക്കപ്പെട്ട പുതിയൊരു ഫലസ്തീന്‍ അനുകൂല പൊതുബോധത്തിന്റെ കൂടി ഫലമാണത് എന്നതാണ്.

എന്നാല്‍ ഇന്ത്യയിലെ സ്ഥിതി എന്താണ്? ഇത്രയും സംഘശക്തിയും ആള്‍ബലവുമുള്ള മുസ്‌ലിം സമുദായത്തിന് ഒരുമിച്ചുനിന്ന് ശക്തമായ പ്രക്ഷോഭം നയിക്കാന്‍ സാധിക്കുന്നില്ല എന്നത് എത്രത്തോളം പരിഹാസ്യമാണ്! സിഎഎ സമയത്ത് തെരുവില്‍ ഇറങ്ങിയ നമ്മളും, നമ്മുടെ കൂടെ നിന്ന ഇന്ത്യയിലെ മതേതര കക്ഷികളും എല്ലാവരും ആ പ്രക്ഷോഭം അവിടെ അവസാനിപ്പിച്ചു. ആരെ ഉദ്ദേശിച്ചാണോ പ്രധാനമായും എന്‍ആര്‍സിയും സിഎഎയും നിലവില്‍ വന്നത്, അവര്‍ക്കു മേല്‍ അത് ക്രൂരമായി നടപ്പാക്കപ്പെടുന്ന ഈയൊരു സാഹചര്യത്തില്‍ പോലും അസമിലെ മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്?

വഖ്ഫ് പ്രക്ഷോഭത്തിന്റെയും സ്ഥിതി മറ്റൊന്നല്ല. സിഎഎയുടെ വിഷയത്തില്‍ കോടതി തീരുമാനം വരാതെ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് അസമില്‍ ഇക്കണ്ട പ്രശ്‌നങ്ങള്‍ മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. വഖ്ഫ് ബില്ലിന്റെ വിഷയത്തിലും, കോടതിയുടെ ഭാഗത്തുനിന്ന് ആദ്യ ഘട്ടത്തില്‍ ഉണ്ടായ ചില അനുകൂല ചലനങ്ങളില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍, ബാബരി മസ്ജിദിനു സംഭവിച്ചതുപോലെ, എന്‍ആര്‍സിയുടെ കാര്യത്തില്‍ അസമില്‍ സംഭവിച്ചതുപോലെ, വഖ്ഫ് ബില്ലിലും സംഭവിക്കുന്ന കാലവും വിദൂരമാവില്ല.

സഹകരണത്തിന്റെ രാഷ്ട്രീയം വിപുലപ്പെടുത്തുക എന്നത് അതിപ്രധാനമാണ്. ഇന്ത്യയില്‍ ഫാസിസം അതിന്റെ അപരന്മാരെ വിശാലമാക്കിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിമിനു മാത്രമല്ല, ആദിവാസിക്കും ക്രിസ്ത്യാനിക്കും ദലിതനും ഒക്കെ ഫാസിസത്തിന്റെ ക്രൂരമായ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുകയാണ്.

മണിപ്പൂരിലും ഛത്തീസ്ഗഡിലുമൊക്കെ ആദിവാസി വിഭാഗങ്ങള്‍ക്കു നേരെ വന്ന ആക്രമണങ്ങള്‍ നമ്മുടെ ഓര്‍മകളിലുണ്ട്. ഇന്ത്യയില്‍ ദലിതര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ജാതീയ അധിക്ഷേപങ്ങള്‍ നടന്നതും ഹിന്ദുത്വയുടെ കാലത്താണ്.

ഹിന്ദുത്വ വൈരുദ്ധ്യാത്മകത, സാമുദായിക സഹകരണം

12 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച മതപരിവര്‍ത്തന നിയമം പ്രധാനമായും ക്രിസ്ത്യന്‍ മിഷണറികളെ ലക്ഷ്യംവെക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഉത്തരാഖണ്ഡിലെ നിയമത്തിന്റെ മാത്രം ഒരുദാഹരണം എടുത്താല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം എത്രത്തോളം അപകടത്തിലാണെന്നു കാണാം. കുറ്റകൃത്യത്തിന്റെ പേര് 'നിര്‍ബന്ധിത' മതപരിവര്‍ത്തനം എന്നാണെങ്കിലും, മെച്ചപ്പെട്ട ജീവിതസ്ഥിതിക്കു വേണ്ടി മതങ്ങള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുകയും പിന്നീട് ആ മതത്തിലേക്ക് കുട്ടി മാറുകയും ചെയ്താല്‍ പോലും മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവാണ്.

ഇതില്‍ 'വിദേശ ഫണ്ട്' വല്ലതും ഉണ്ടെങ്കില്‍ അത് ഏഴു മുതല്‍ 14 വര്‍ഷം വരെ നീളും. ഇനി ഇത്തരം മതപരിവര്‍ത്തനം നടത്തിയത് എസ്‌സി-എസ്ടി, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട ആരെങ്കിലുമാണെങ്കില്‍ ശിക്ഷ 14 വര്‍ഷമാണ്. ഇത്തരം അപഹാസ്യമായ നിയമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില്‍ ഈയിടെ ഉണ്ടായ കന്യാസ്ത്രീകളുടെ അറസ്റ്റ് പോലും സംഭവിക്കുന്നത്.

2024ല്‍ 840 വംശീയ അതിക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014ല്‍ ഇത് 140 എണ്ണം മാത്രമായിരുന്നു. കാസ പോലുള്ള ക്രിസ്ത്യന്‍ തീവ്ര വര്‍ഗീയ സംഘടനകള്‍ ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്.

ആദിവാസികള്‍ക്കു നേരെ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ നടന്ന തീവ്രമായ യുദ്ധമാണ് ഓപറേഷന്‍ കഗാറിലൂടെ അമിത്ഷാ നടത്തിയത്. കോണ്‍ഗ്രസ് ഗവണ്മെന്റുകളും ഇതിനെ പിന്തുണച്ചു. 2024ല്‍ 245 പേരാണ് മാവോയിസ്റ്റ് എന്ന പേരില്‍ കൊല്ലപ്പെട്ടതെങ്കില്‍ 2025ല്‍ കേവലം മൂന്നു മാസം കൊണ്ട് അത് 140 ആയി. ഈ വളര്‍ച്ച ചരിത്രത്തില്‍ തന്നെ താരതമ്യമില്ലാത്തതാണ്.

2023ല്‍ അത് 23 പേരായിരുന്നു എന്നു കൂടി അറിയുമ്പോഴാണ് ഉന്മൂലനത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുക. 'കോര്‍പറേറ്റുകള്‍ക്കു വേണ്ടി ആദിവാസികളെ കൊന്നൊടുക്കുകയും വനഭൂമികളില്‍ നിന്ന് അവരെ പുറന്തള്ളുകയും ചെയ്യുന്ന മെക്കാനിസത്തെയാണ് നക്‌സല്‍ വേട്ട എന്നു വിളിക്കുന്നത്' എന്ന് മീന കന്തസ്വാമിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകത്ത് എവിടെയുമുള്ള ഹിന്ദു സ്വാഭാവികമായി ഇന്ത്യന്‍ പൗരനാവുമെന്നും പതിറ്റാണ്ടുകളും തലമുറകളും സഹവസിച്ച മുസ്‌ലിം ഏതു നിമിഷവും പൗരനല്ലാതായി മാറുമെന്നുമുള്ള ഹിന്ദുത്വയുടെ അടിസ്ഥാന പ്രമാണമാണ് സിഎഎ.

മുസ്‌ലിംകളെ മാത്രം പുറന്തള്ളുകയും ക്രിസ്ത്യാനികളെ പോലും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്ന ഒരു ആശയപ്രതലം എന്‍ആര്‍സി- സിഎ എ പോലുള്ള നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ മറ്റൊരു നിയമനിര്‍മാണത്തിലൂടെ ക്രിസ്ത്യാനികളെയും ഇതര ന്യൂനപക്ഷങ്ങളെയും നിരന്തര ഉന്മൂലനത്തിനു വിധേയരാക്കുന്നു.

കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് ജയിക്കാതെത്തന്നെ കുര്യനെപ്പോലെ ഒരു ക്രിസ്ത്യന്‍ മന്ത്രി ഉണ്ടാവുകയും അതേസമയം തന്നെ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു എന്നതാണ് എളുപ്പത്തില്‍ പറഞ്ഞാല്‍ ഹിന്ദുത്വയുടെ വൈരുധ്യാത്മകത.

ഇന്ത്യയിലെ മുസ്‌ലിംകളുമായുള്ള ഹിന്ദുത്വയുടെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണിത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ ഒരേസമയം സിഎഎ പോലുള്ള നിയമങ്ങളിലൂടെ അവരുടെ ജന്മദേശത്തു നിന്നും, പുഷ്ബാക്ക് എന്ന പോളിസിയിലൂടെ ബ്യൂറോക്രാറ്റിക്കായും, ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെ തെരുവുകളില്‍ നിന്നും, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ലാത്ത ആദ്യത്തെ മന്ത്രിസഭയിലൂടെ അധികാര പങ്കാളിത്തത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു.

എന്നാല്‍ ക്രിസ്ത്യന്‍ മന്ത്രി ഉണ്ടായിരിക്കെത്തന്നെ, അല്ലെങ്കില്‍ സിഎഎ പോലുള്ള നിയമങ്ങളില്‍ ഇന്‍ക്ലൂസീവാണ് എന്ന പ്രതീതി ഉണ്ടാക്കിക്കൊണ്ടിരിക്കെ തന്നെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഈ വൈരുധ്യാത്മകത തന്നെ മറ്റു സമുദായങ്ങളിലും നമുക്ക് കാണാന്‍ കഴിയും.

ഒരു ആദിവാസി പ്രസിഡന്റ് ഉണ്ടായിരിക്കെയാണ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസിവിരുദ്ധ നീക്കങ്ങള്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ദലിത് മന്ത്രിമാര്‍ ഉണ്ടായിരിക്കെത്തന്നെയാണ്, ഇന്ത്യയില്‍ ദലിതര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വ രൂപീകരിച്ച ഈ വൈരുദ്ധ്യാത്മകതയെ കൃത്യമായി പഠിച്ചുകൊണ്ട് സാമുദായിക സഹകരണങ്ങള്‍ രൂപപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ഇത് ഒരുപക്ഷേ ഇരകളുടെ കൂടെ നിന്നുകൊണ്ട്, താഴേക്കിടയില്‍ തന്നെ രൂപപ്പെടേണ്ടുന്ന ഒരു ഐക്യ മുന്നേറ്റമായി മാറും. വംശഹത്യക്കാലത്തെ സാമൂഹിക സഹകരണ രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം രൂപപ്പെടുത്താന്‍ ഇതിനു കഴിയേണ്ടതുമുണ്ട്.

ഫലസ്തീനിനെ പറ്റിയും അസമിനെപ്പറ്റിയും, ഇന്ത്യയുടെയും ലോകത്തിന്റെയും വ്യത്യസ്ത ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന മുസ്‌ലിം ജനവിഭാഗത്തെ കുറിച്ച് നാം നിരന്തരമായി സംസാരിക്കുമ്പോള്‍ പോലും, നമ്മുടെ പ്രാര്‍ഥനകളില്‍ അവരൊക്കെ എത്രത്തോളം ഇടം പിടിച്ചിട്ടുണ്ട് എന്ന് നാം നിരന്തരം നമ്മോടുതന്നെ ചോദിച്ചുകൊണ്ടിരിക്കണം.