ഒന്നും പറയാനില്ലാതെ വരുന്ന
അവസരങ്ങളില്‍
കാറ്റ് മലയോടും
കടല്‍ മേഘത്തോടും
പറയാന്‍ ആഗ്രഹിക്കുന്നത്
എന്തായിരിക്കും?
അല്ലെങ്കില്‍
തിരിച്ച്
കേള്‍ക്കാന്‍ കൊതിക്കുന്നത്
എന്തായിരിക്കും?
ശരിയുത്തരം പറയുന്നവര്‍ക്ക്
ഒരദ്ഭുത സമ്മാനം
കാത്തിരിക്കുന്നുണ്ട്
എന്നു പറഞ്ഞ്
ഉത്തരം
വാട്‌സ് ആപ്പായി അയക്കേണ്ട
നമ്പറും പറഞ്ഞ്
അവതാരകന്‍
ചാനല്‍ ഷോ നിര്‍ത്തി പോയി.
അന്നേരം
അവന്‍ ആലോചിച്ചു:
'എന്തായിരിക്കും
അവര്‍ പറയാന്‍ ആഗ്രഹിച്ചത്?
എന്തായിരിക്കും
അവര്‍ കേള്‍ക്കാന്‍ കൊതിച്ചത്?'
ഒരു കുറ്റബോധത്തോടെ
അവന്‍
വാട്‌സ് ആപ്പില്‍
അവള്‍ക്ക്
ടൈപ്പ് ചെയ്തു.
'എന്തായിരുന്നു
നീ പറയാന്‍ ആഗ്രഹിച്ചത്?'
മറുതലയ്ക്കല്‍
രണ്ടു നീല ടിക്കുകള്‍
അവന്‍ കണ്ടു.
'ഇതായിരിക്കുമോ
അവള്‍ കേള്‍ക്കാന്‍ കൊതിച്ചത്?'
