തിരുദൂതര്‍


ഹിറായില്‍ നിന്നുദിച്ചു
വേദവെളിച്ച
കിരണവുമായ്
പ്രവാചക പുംഗവര്‍

പേടിച്ചരണ്ട ദൂതരെ
ചേര്‍ത്തുപിടിച്ചു
സാന്ത്വനമൊഴിയുമായ്
മഹതിയവര്‍കള്‍

അശരണര്‍ക്കാശ്രയമാം
തിരുദൂതരെ കൈവിടില്ല
കരുണാമയനെന്ന്
പ്രിയതമയാം ഖദീജ

കാരുണ്യമായ് വന്നവര്‍
ലോക ഗുരു നബിയവര്‍
ചേര്‍ത്തുപിടിച്ചനുചരര്‍
ഹൃദയത്തിലേറ്റി നടന്നവര്‍

വിശ്വസ്തനാം നബി മുത്തിനെ
ഹൃദയത്തിലേറ്റിയെന്നോതിയോര്‍
പിന്നെയൊരിക്കലാക്ഷേപിച്ചൂ
മാരണമേറ്റവനെന്നുമേ

നമ്രശിരസ്‌കനാമവരുടെ
ചുമലില്‍ മാലിന്യക്കെട്ടിട്ട്
ദ്രോഹമെയ്ത മനുജരെ
സ്‌നേഹത്താല്‍ ചേര്‍ത്തുനിറുത്തിയേ
സ്‌നേഹാലുവാം തിരുദൂതര്‍

പ്രതീക്ഷയോടെ
ചെന്നു ത്വാഇഫില്‍
ഉറ്റവര്‍ കല്ലെറിഞ്ഞു
രക്തമയമായല്ലോ
അവിടുത്തെ തിരുപാദം
കീഴ്‌മേല്‍ മറിച്ചിടാമെന്ന്
ഗബ്രിയേല്‍ മാലാഖ
അറിവില്ലാത്തവരാണവരെന്നും
അതിനാല്‍ അരുതെന്നും
പ്രവാചക പുംഗവര്‍

പച്ചില തിന്ന് വിശപ്പടക്കി
പലയിടങ്ങളിലായ്
ചെന്നവര്‍
ഒരു തുരുത്തിനായ്

ദിവ്യബോധനം വന്നു
പലായനത്തിനായ്
മുത്തുരത്‌നം ദുഃഖിതനായ്
ജന്മഭൂമി വിട്ടവര്‍
മദീനയിലേക്ക് യാത്രയായ്

ചേര്‍ത്തുപിടിച്ചു
പ്രവാചകരെ അനുചരര്‍
പോറലേല്‍പിക്കാതെ
നിന്നവര്‍ പരിചയായ്

വിണ്ണില്‍ വിജയക്കൊടി
പാറിച്ച് മക്കയില്‍
തിരികെയെത്തി
കാരുണ്യക്കടലായ ദൂതര്‍
തിരുമേനി അവര്‍കള്‍

ദ്രോഹിച്ചവരോടായ്
ദൂതര്‍ കേട്ടു നിങ്ങള്‍
സ്വതന്ത്രരാണെന്ന്
വീണവര്‍ സാഷ്ടാംഗം
സ്രഷ്ടാവിന്‍ സമക്ഷത്തിലായ്