പതിയെ
വളരെ പതിയെ
റൂഹിനെ
തുറന്നുവിടുന്നവര്‍
പുലരിയിലേക്ക്
രാവിനെ
ലയിപ്പിക്കുന്നവര്‍
മനസ്സിനെ
ഉരുകാന്‍ വിടാതെ
കുളിരു തുന്നുന്നവര്‍
ജീവഛവമായി
ജീവിക്കുമ്പോഴും
സ്വപ്‌നം
നട്ടു നനയ്ക്കുന്നവര്‍
അത്ഭുതങ്ങള്‍ക്ക്
കയറിക്കിടക്കാന്‍
എവിടെയും
ഒരു കീറ്
പായച്ചുരുളെങ്കിലും കാണും.
എന്നിരുന്നാലും
കാലത്തോട്
രഹസ്യം ചോദിക്കരുത്
പറഞ്ഞുതുടങ്ങിയാല്‍
ഇറ്റുവീഴുന്ന
അവസാന
തുള്ളിയില്‍ നിന്ന് പോലും
നെടുവീര്‍പ്പുകളുയരും
ഗദ്ഗദങ്ങള്‍ക്ക്
ചിറകു മുളയ്ക്കും
നമ്മളൊന്നും
ഈ കാലത്തിലേയല്ലെന്ന്
മുഖത്തു നോക്കി പറയും
അഴിഞ്ഞു വേര്‍പെട്ടകന്ന
കെട്ടുകള്‍
അക്കഥകള്‍ കേട്ട്
പിന്നെയും കെട്ടിപ്പിണരും.
വാടിക്കരിഞ്ഞ
വാക്കുകളൊന്നും
പുനര്‍ജനിക്കില്ലായിരിക്കാം
അതില്‍ പിറന്ന
അക്ഷരക്കുഞ്ഞുങ്ങള്‍
പടനയിച്ചു വരുന്നത്
അറിയാനുമിടയില്ല
എങ്കിലുമൊന്നുണ്ട്
വാക്ക് പിറക്കും മുന്നേ
എഴുത്തുകാരെ
വെടിവെച്ചിടുന്നു
എതിര്‍ സ്വരങ്ങള്‍
ഈഡി വെച്ചടിക്കുന്നു
ദേശഹൃദയത്തില്‍
കുത്തിയിറക്കിയ
വര്‍ഗീയതയുടെ
കത്തിപ്പിടിയിലമര്‍ന്ന്
മൂല്യങ്ങള്‍
പിടഞ്ഞമരുന്നു.
ചോദിക്കുന്നവര്‍
വെറുക്കപ്പെട്ടവരാവുന്നതും
കണ്ണും കരളുമായ്
കാവലിരുന്നവര്‍
റോസിതള്‍ പോലെ
കൊഴിഞ്ഞുവീഴുന്നതും
നിസ്സഹായരായി
നോക്കിനില്‍ക്കുന്നതിനിടെ
സ്വര്‍ഗമായിരുന്നിടങ്ങള്‍
എത്ര പെട്ടെന്ന്
അസഹിഷ്ണുതയുടെ
മുഖപടമണിയുന്നു
നിലനില്‍പിനായുള്ള
പോരാട്ടങ്ങള്‍ക്ക്
തീ കൊളുത്തേണ്ടിയിരിക്കുന്നു
ശേഷിക്കുന്ന
ശോഷിച്ച മൂല്യങ്ങള്‍ക്കിത്തിരി
തണലെങ്കിലുമേകാന്‍.
