അവസാന സായാഹ്നത്തില്‍
ഒരിക്കല്‍ കൂടി നീയെന്നിലേക്കുള്ള
വഴിയൊന്നു തിരയണം.
അപ്പോള്‍ നമുക്കാ പുഴ ചാരി
ഇല പൊഴിഞ്ഞ
അത്തിമരച്ചോട്ടിലിരിക്കാന്‍ തോന്നും.
മരപ്പൊത്തിലെ കിളിക്കൂട്ടങ്ങളുടെ
പ്രണയസ്വരങ്ങള്‍ക്ക് താളം പിടിക്കാനും
മെലിഞ്ഞുണങ്ങിയ പുഴയോട്
നിറഞ്ഞാര്‍ത്ത വസന്തത്തെക്കുറിച്ച്
വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കാനും തോന്നും.
മകരക്കൊയ്ത്തിനു ചിറകരിവാളെറിഞ്ഞു പാറിയ
തത്തമ്മക്കിന്നാരങ്ങളെ കുറിച്ച്
ജട തീണ്ടിയ കണ്ടങ്ങളോട് ചിലക്കാനും
പുഴമീനുകള്‍ക്കായി നീര്‍ച്ചാലുകളില്‍ വെച്ച
ഈര്‍ക്കില്‍ കുരുത്തിയില്‍
പരല്‍മീന്‍ക്കണ്ണിളക്കങ്ങള്‍ പരതാനും തോന്നും.
വെളുത്തോന്റെ കാമച്ചതുപ്പിലാണ്ട
കറുത്ത ചിരുതയ്ക്ക് ഓര്‍മപ്പൂക്കളായി
ആമ്പല്‍ മൊട്ടുകള്‍ വിരിഞ്ഞെങ്കിലെന്നു തോന്നും.
എല്ലാമൊരു തോന്നലായ് തോന്നലായ്
തോന്നുമപ്പോള്‍,
നിനക്കെന്നിലേക്കുള്ള വഴിയടക്കം.