കുനാഫ ചോക്ലേറ്റ്


ബുര്‍ജ് ഖലീഫയ്ക്കരികില്‍
കടും കാപ്പി നിറത്തില്‍
കുര്‍ത്തയിട്ട ഒരുവള്‍
എമാര്‍ എന്ന് പേരെഴുതിയ
കെട്ടിടത്തിലെ
സൂക്ക് അല്‍ ബഹറില്‍ നിന്നു വാങ്ങിയ
കുനാഫ ചോക്ലേറ്റുകള്‍
തന്റെ വളരെ ചെറിയ
കറുത്ത സ്ലിംഗ് ബാഗില്‍
കുത്തി നിറച്ചു.
അത് ആരാണ് കഴിക്കുക എന്ന്
അവള്‍ക്കപ്പോള്‍ വലിയ
ധാരണയൊന്നുമില്ലായിരുന്നു

വാച്ചിലേക്ക് നോക്കി
മൊബൈലെടുത്ത് റിംഗ് ചെയ്തു
'നീ പുറപ്പെട്ടോ...'
ചിന്താ ശൂന്യമായ ഒരു ചോദ്യം
'ഇതിനൊക്കെ ഒരു സമയവും
കാലവുമൊക്കെയുണ്ട്
മനുഷ്യത്തിയേ'
മറുതലക്കല്‍ നിന്നും
പതിഞ്ഞ ഒരു ശബ്ദം.
ഫസ്റ്റ് ടൈം ഇന്‍ ലൈഫ്
സംബഡി കാളിംഗ് 'മനുഷ്യത്തി'
ഹൃദയം ആ വാക്കിനു ചുറ്റും മിടിച്ചു.
അപ്പോള്‍ ഓഫീസ് കഴിയാറായിട്ടില്ല
ഫൈവ് ഓ ക്ലോക്കിനെ
പലതരത്തില്‍ വായിച്ചെടുക്കാന്‍
പഠിച്ചതങ്ങനെയാണ്.
കൈയില്‍ കെട്ടിയ
കാസിയോ വാച്ചിലെ ഇന്ത്യന്‍ സമയം.
ഡൗണ്‍ ടൗണിനെ ഉമ്മ വെക്കുന്ന
ചുവന്ന സൂര്യന്‍
അടയാളപ്പെടുത്തുന്ന
DXB സമയം.
തനിക്കു പോലും മനസ്സിലാവാതെ
കാലം കൊണ്ടെത്തിച്ച
മായ്ച്ചു കളയാനാവാത്ത
സ്വന്തം സമയം.