അവളുടെ തേങ്ങലുകള്‍ക്ക്
തൊണ്ടയില്‍ നിന്ന്
പുറത്തേക്ക് വരാന്‍ മാത്രം
കരുത്തുണ്ടായിരുന്നില്ല.
കൊടും വിശപ്പ്...
തളര്‍ന്നു വീണ്,
ഇമയനക്കാന്‍ പോലുമാകാതെ
ഒരേ കിടപ്പാണ്.
ഉമിനീര് വറ്റി
വരണ്ടുണങ്ങിയ നാവ്
ഉഷ്ണകാല വയലുപോലെ
വീണ്ടു കീറി.
പകലാണോ?!
രാത്രിയാണോ?!
ഉറക്കമാണോ?!
ഞാന്‍ ഉണര്‍ന്നിരിക്കുകയാണോ?!!.
ഒന്നും തിരിച്ചറിയാത്ത വിധം
മസ്തിഷ്‌കം മരവിച്ചിരിക്കുന്നു.
പോര്‍വിമാനങ്ങളുടെ ഇരമ്പലാണോ?
കെട്ടിടങ്ങള്‍ നിലം പൊത്തുന്നതാണോ?
വെടിയൊച്ചകളാണോ?
അല്ല, അതൊരു നേര്‍ത്ത ഞരക്കമാണ്.
സ്‌ട്രോക്ക് വന്നു തളര്‍ന്ന രോഗിയെ
പിടിച്ചെണീപ്പിക്കും പോലെ
ഞാന്‍ കണ്ണിമകള്‍ പതിയെ ഉയര്‍ത്തി.
ഹൃദയം പകുത്തു നല്‍കിയ പ്രിയതമയാണ്,
വയറ്റില്‍
വിശപ്പ് കൂടുകൂട്ടിയടയിരിക്കുന്ന
അവളുടെ കവിളുകള്‍
പട്ടിണി കാര്‍ന്നു തിന്നിട്ടുണ്ട്.
അവളുടെ തേങ്ങലുകള്‍ക്ക്
തൊണ്ടയില്‍ നിന്ന്
പുറത്തേക്ക് വരാന്‍ മാത്രം
കരുത്തുണ്ടായിരുന്നില്ല.
ശേഷിക്കുന്ന
ഊര്‍ജമെല്ലാമൊരു നിമിഷത്തില്‍,
കൈകളിലേക്കാവാഹിച്ചവള്‍
തൊട്ടപ്പുറത്തേക്ക്
വിരല്‍ ചൂണ്ടി,
അവിടെ
ചലനമറ്റ
കുഞ്ഞസ്ഥികൂടങ്ങളുടെ
നെഞ്ചില്‍
പട്ടിണി താണ്ഡവമാടുന്നു.
പുത്ര വാത്സല്യം
നെഞ്ചില്‍
നിറച്ചയേതോ
അജ്ഞാത ശക്തിയാല്‍
ഞാന്‍ പിടഞ്ഞെഴുന്നേറ്റപാടെ,
എവിടെ നിന്നൊക്കെയോ ഓടിയെത്തിയ
തോക്കുധാരികള്‍
എനിക്ക് നേരെ
നിറയൊഴിച്ചു.
ഞെട്ടിയുണര്‍ന്ന് കണ്ണുതിരുമ്മി നോക്കുമ്പോള്‍,
രാത്രിയില്‍
പട്ടണത്തിലെ
ഹോട്ടലില്‍ നിന്ന് വരുത്തിയ
ഭക്ഷണത്തിന്റെ
തിളങ്ങുന്ന
കവറുകള്‍
എന്റെ നെഞ്ചില്‍
അണയാത്ത തീക്കനല്‍ നിറച്ചു.
