നിന്നെയും എന്നെയും കുറിച്ച്

റസാഖ്മലോറം

ആ രണ്ടടിക്കട്ടിലായിരുന്നെങ്കില്‍
വീഴാതിരിക്കാനെങ്കിലും
ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു.

മണ്ണാങ്കട്ടയും കരിയിലയും

നമ്മള്‍ പ്രണയത്തിലായിരുന്നപ്പോള്‍
ഞാന്‍
മണ്ണാങ്കട്ടയും
നീ
കരിയിലയുമായിരുന്നു.
നമ്മള്‍
ജീവിതം തുടങ്ങിയപ്പോള്‍
നീ
പേമാരിയും
ഞാന്‍
കൊടുങ്കാറ്റുമായതെങ്ങനെ?
ഇനിയെന്നാണ്
എപ്പോഴാണ്
എങ്ങനെയാണ്
നാമിരുവരും
കാശിയിലെത്തുക?

രണ്ടടിക്കട്ടില്‍

ദാമ്പത്യ ജീവിതത്തിന്
ഫാമിലികോട്ടു തന്നെ
വേണമെന്ന്
ആരാണ് പറഞ്ഞത്?
പണ്ട്
ഉപ്പയും ഉമ്മയും കിടന്ന
പഴയ
ആ രണ്ടടിക്കട്ടിലായിരുന്നെങ്കില്‍
വീഴാതിരിക്കാനെങ്കിലും
ഒന്ന്
കെട്ടിപ്പിടിക്കാമായിരുന്നു.

കുടുക്ക്

കുടില്‍ വിടുമ്പോള്‍
കുടുക്കിടുന്നതും
കൂടണയുമ്പോള്‍
കുടുക്കഴിക്കുന്നതും
നീയായിരുന്നു.
നീ
എനിക്ക് വസ്ത്രമാണ്;
ഞാന്‍ നിനക്കും.