വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന മമ്മു മൗലവി കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ശിക്ഷണം നേടി. തുടര്‍ന്ന് തൊടികപ്പുലം പള്ളിദര്‍സില്‍ അധ്യാപകനായി.
മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്കും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര സേനാനിയും മതപണ്ഡിതനുമായിരുന്നു എന്‍ മമ്മു മൗലവി തൊടികപ്പുലം. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തൊടികപ്പുലത്തെ പൗരപ്രമുഖനായ നീലേങ്ങാടന്‍ മൂസ ഹാജിയുടെയും ഫാത്തിമയുടെയും മകനായി 1896ലാണ് മമ്മു മൗലവിയുടെ ജനനം.
വീടിനടുത്ത ഓത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൊടികപ്പുലം പള്ളിദര്‍സില്‍ വിദ്യാര്‍ഥിയായി. മതപണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ ആയിരുന്നു ഗുരുനാഥന്‍.
പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന മമ്മു മൗലവി കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ശിക്ഷണത്തിലും വളര്‍ന്നു. തുടര്‍ന്ന് അദ്ദേഹം നേരത്തെ പഠനം നടത്തിയ തൊടികപ്പുലം പള്ളിദര്‍സില്‍ അധ്യാപകനായി നിയമിതനായി. പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്മാരായ എടവണ്ണ അലവി മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി തുടങ്ങിയവര്‍ ഈ ദര്‍സില്‍ മമ്മു മൗലവിയുടെ ശിഷ്യന്മാരായിരുന്നു.
പില്‍ക്കാലത്ത് പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി എടത്തനാട്ടുകരയിലേക്കും എ അലവി മൗലവി എടവണ്ണയിലേക്കും പ്രബോധകരായി നിയമിതരായത് മമ്മു മൗലവിയുടെ നിര്‍ദേശപ്രകാരമായിരുന്നു.
ജന്മനാട്ടിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മമ്മു മൗലവി നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രബോധന പ്രവര്‍ത്തനങ്ങളും ധീരമായ ഇടപെടലുകളും നിമിത്തം അക്കാലത്ത് തൊടികപ്പുലത്തെ ആയിരത്തോളം മുസ്‌ലിം കുടുംബങ്ങളില്‍ ഭൂരിഭാഗവും നവോത്ഥാന ആശയങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.
നാട്ടിലെ മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മൗലവി പ്രദേശത്തെ ജനകീയ മധ്യസ്ഥന്‍ കൂടിയായിരുന്നു. സാമ്പത്തിക മേഖലകളിലും വൈവാഹിക കാര്യങ്ങളിലും അക്കാലത്ത് ഉയര്‍ന്നുവന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് മൗലവി ഇസ്‌ലാമിലെ മൗലിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഫത്‌വകള്‍ നല്‍കിയിരുന്നു.
1921ല്‍ നടന്ന മലബാര്‍ സമരത്തെ തുടര്‍ന്ന് അനാഥത്വം അനുഭവിച്ച നിരവധി പേര്‍ക്കു വേണ്ടി വലിയ തോതില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മമ്മു മൗലവി നേതൃത്വം നല്‍കി. 1922ല്‍ രൂപീകൃതമായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങിയ മൗലവി 1924ല്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിവിധ സംരംഭങ്ങളിലും സജീവമായിരുന്നു.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1933-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി മമ്മു മൗലവി തിരഞ്ഞെടുക്കപ്പെട്ടു. കുറേ വര്‍ഷം വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായി 1935ല്‍ അല്‍മുര്‍ശിദ് അറബിമലയാള മാസിക തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോഴും കെ ജെ യുവിനു കീഴില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജും അനാഥശാലയും സ്ഥാപിച്ചപ്പോഴുമെല്ലാം മമ്മു മൗലവിയുടെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു.
1934 ജനുവരി 5ന് കെ ജെ യു 11-ാം വാര്‍ഷിക സമ്മേളനം പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറയിലും 12-ാം വാര്‍ഷിക സമ്മേളനം 1936 ഫെബ്രുവരി 22, 23 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിനടുത്ത പുണര്‍പ്പയില്‍ നടന്നപ്പോഴും ഇതിന്റെയെല്ലാം വിജയത്തിനു വേണ്ടി മമ്മു മൗലവി അഹോരാത്രം പരിശ്രമിച്ചു. ഈ സമ്മേളനങ്ങളില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.
മമ്മു മൗലവിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്റ് കെ എം മൗലവി അല്‍മനാര്‍ മാസികയില്‍ എഴുതി: ''1956 ജനുവരി 28ന് ശനിയാഴ്ച രാത്രി എട്ടു മണിക്ക് കേന്ദ്രം പ്രസിഡന്റ് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ ഒരു പ്രചാരണ യോഗം തൊടികപ്പുലത്ത് നടക്കുകയുണ്ടായി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കള്‍ നടത്തുന്ന ഒരു പര്യടനത്തിന്റെ ഭാഗമായിരുന്നു അത്.
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കുന്നതില്‍ മമ്മു മൗലവിയുടെ നീലേങ്ങാടന്‍ കുടുംബം അമാനി മൗലവിയെ നിര്‍ലോഭമായി സഹായിച്ചു.
എന്‍ മമ്മു മൗലവി ആയിരുന്നു സ്വാഗത പ്രസംഗകന്‍. യോഗത്തിന്റെ പ്രധാന സംഘാടകന്‍ എന്ന നിലയില്‍ കെജെയുവിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന അദ്ദേഹം നടത്തിയ പ്രസംഗം നദ്‌വത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലായിരുന്നു. എന്റെ അഭയാര്‍ഥി ജീവിതം അവസാനിച്ച് മലബാറില്‍ തിരിച്ചെത്തിയതിനു ശേഷം ഞാന്‍ ഒന്നാമതായി ഒരു യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ചത് തൊടികപ്പുലത്താണ്.
എന്‍ മമ്മു മൗലവിയുടെ പരിശ്രമമായിരുന്നു അതിനു വഴിതെളിയിച്ചത്. കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിന്റെ പ്രസിഡന്റ് സ്ഥാനം സധൈര്യം സ്വീകരിച്ചതും മമ്മു മൗലവി സാഹിബ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നാടായ തൊടികപ്പുലത്ത് ഈ പ്രചാരണ യോഗം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിനും പുറമേ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നിശ്ചയിച്ച മദ്‌റസാ സിലബസ് കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടിന് അവസാന രൂപം കൊടുത്ത യോഗവും ഇവിടെ മൗലവി സാഹിബിന്റെ സാന്നിധ്യത്തിലാണ് ചേര്‍ന്നിട്ടുള്ളത് എന്ന കാര്യവും എന്നെ അത്യധികം സന്തോഷവാനാക്കിയിട്ടുണ്ട്'' (അല്‍മനാര്‍ മാസിക, 1956 ഫെബ്രുവരി 5).
മമ്മു മൗലവിയുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന തൊടികപ്പുലം ദര്‍സില്‍ എടവണ്ണ അലവി മൗലവി, മുഹമ്മദ് അമാനി മൗലവി, ടി മുഹമ്മദ് ഇസ്ഹാഖ് മൗലവി തുടങ്ങി പല പ്രമുഖ പണ്ഡിതന്മാരും അധ്യാപകരായിരുന്നു. അമാനി മൗലവി വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ വ്യാഖ്യാന ഗ്രന്ഥത്തിനു തുടക്കമിട്ടത് ഇവിടെ സേവനമനുഷ്ഠിക്കുന്ന കാലത്താണ്.
മമ്മു മൗലവിയുടെ നീലേങ്ങാടന്‍ കുടുംബം അമാനി മൗലവിയെ ഈ മഹാ ദൗത്യത്തില്‍ നിര്‍ലോഭമായി സഹായിച്ചിരുന്നു. പില്‍ക്കാലത്ത് മമ്മു മൗലവിയുടെ വൈജ്ഞാനിക സേവനങ്ങളുടെ തുടര്‍ച്ചയായി മന്‍ബഉല്‍ ഉലൂം അറബിക് കോളജ് ഇവിടെ സ്ഥാപിതമായി.
നവോത്ഥാന പ്രസ്ഥാനത്തിന് കരുത്തും ശോഭയും പകര്‍ന്ന എന്‍ മമ്മു മൗലവി 1959ല്‍ 63-ാമത്തെ വയസ്സില്‍ നിര്യാതനായി. തൊടികപ്പുലം മഹല്ല് ജുമുഅത്തു പള്ളി ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്.
