കെ സി അലവി മൗലവി: മദീനത്തുല്‍ ഉലൂമിനും ഇസ്‌ലാഹിനും സമര്‍പ്പിച്ച ജീവിതം


നവോത്ഥാന ആശയങ്ങളുടെയും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും ഗരിമക്കു വേണ്ടി ഭൗതിക താല്പര്യങ്ങളുടെ സ്വാധീനമില്ലാതെ കര്‍മവസന്തങ്ങള്‍ തീര്‍ത്ത അതുല്യ പ്രതിഭ.

തപണ്ഡിതന്‍, പ്രബോധകന്‍, സംഘാടകന്‍, അധ്യാപകന്‍, കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി മേഖലകളില്‍ അവിസ്മരണീയ സംഭാവനകള്‍ അര്‍പ്പിച്ച അതുല്യ പ്രതിഭയായിരുന്നു കെ സി അലവി മൗലവി. 1919 ജൂലൈ ഒന്നിന് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത ഉഗ്രപുരം പ്രദേശത്തെ കുറ്റിപ്പുറത്ത് ചാലില്‍ രായിന്‍കുട്ടിയുടെയും പുത്തന്‍പീടിയേക്കല്‍ ഉമ്മാച്ചക്കുട്ടിയുടെയും മകനായാണ് മൗലവിയുടെ ജനനം.

ഒരു കാര്‍ഷിക കുടുംബമായിരുന്നു അലവി മൗലവിയുടേത്. കന്നുപൂട്ടായിരുന്നു പിതാവിന്റെ പ്രധാന തൊഴില്‍. തന്നോടൊപ്പം തൊഴില്‍ ചെയ്യാന്‍ അലവി മൗലവിയെയും അനുജന്‍ കെ സി അബൂബക്കര്‍ മൗലവിയെയും പിതാവ് നിര്‍ബന്ധിക്കുമായിരുന്നു. ഒരു ദിവസം അലവി മൗലവിക്ക് കന്നുപൂട്ടാന്‍ കരിയും നുകവും മൂരികളുടെ കഴുത്തില്‍ കെട്ടിക്കൊടുത്തു.

പിതാവിന്റെ നിര്‍ദേശം അനുസരിച്ച് അദ്ദേഹം വയലില്‍ കന്നുപൂട്ടാന്‍ തുടങ്ങിയപ്പോഴേക്കും കരിയും നുകവും പല കഷണങ്ങളായി പൊട്ടിത്തകര്‍ന്നു. ഇതോടെ അലവിയെ ഈ പണിക്ക് പറ്റില്ല എന്നു പറഞ്ഞ് ക്ഷുഭിതനായ പിതാവ് അദ്ദേഹത്തെ പള്ളിദര്‍സില്‍ തന്നെ പോകാന്‍ സമ്മതിക്കുകയായിരുന്നു.

ഉഗ്രപുരത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പള്ളി ദര്‍സുകളിലാണ് അലവി മൗലവി പ്രാഥമിക പഠനം നടത്തിയത്. വാഴക്കാട് ദാറുല്‍ ഉലൂമിലായിരുന്നു കൂടുതല്‍ കാലം പഠിച്ചത്. എം സി സി സഹോദരന്മാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മൗലവിയുടെ ഗുരുനാഥന്മാരായിരുന്നു.

പിന്നീട് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് കോളജില്‍ പഠിക്കാന്‍ പോയി. വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരായിരുന്നു അന്ന് അലവി മൗലവിയുടെ പ്രധാന സതീര്‍ഥ്യന്‍. ഇവിടെ നിന്ന് ബാഖവി ബിരുദം കരസ്ഥമാക്കി. ശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പരീക്ഷ പാസായി.

എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ കൂടെ വാഴക്കാട് ദാറുല്‍ഉലൂം അറബിക് കോളജില്‍ ചേര്‍ന്ന് അധ്യാപന ജീവിതത്തിന് തുടക്കമിട്ടു. പിന്നീട് മുജാഹിദ് പണ്ഡിതരുടെ നേതൃത്വത്തില്‍ പുളിക്കല്‍ മാംഗളാരികുന്നില്‍ അറബിക് കോളജ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എം സി സി സഹോദരന്മാര്‍, പി പി ഉണ്ണീന്‍കുട്ടി മൗലവി, പി കെ മൂസ മൗലവി, എം ആലിക്കുട്ടി മൗലവി, കുഞ്ഞഹമ്മദ് മൗലവി തുടങ്ങിയവരോടൊപ്പം അലവി മൗലവിയും കഠിനാധ്വാനം ചെയ്ത് ഈ മഹത്തായ സംരംഭത്തില്‍ പങ്കാളിയായി.

ഇവരുടെയെല്ലാം ത്യാഗഫലമായാണ് മദീനത്തുല്‍ ഉലൂം അറബിക് കോളജ് യാഥാര്‍ഥ്യമായത്. കോളജ് ഹോസ്റ്റലിലെയും അനാഥശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു വേണ്ടിയുള്ള സാമ്പത്തിക ബാധ്യത അക്കാലത്ത് സങ്കീര്‍ണമായ പ്രശ്‌നമായിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് ഒരുപാട് സ്ഥലങ്ങളില്‍ പോയി അലവി മൗലവി സാമ്പത്തിക സമാഹരണം നടത്തിയിരുന്നത്.

അന്നത്തെ ഒരു പണപ്പിരിവ് യാത്രയെക്കുറിച്ച് അലവി മൗലവിയുടെ മക്കള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''കോഴിക്കോട് ജില്ലയിലെ മുക്കം അങ്ങാടിയില്‍ നിന്ന് പുളിക്കല്‍ കോളജിനും അനാഥശാലയ്ക്കും വേണ്ടി ഉപ്പ ഒരിക്കല്‍ പിരിവ് നടത്തുകയായിരുന്നു. പ്രദേശത്തെ ഏറ്റവും വലിയ ധനികനെ സമീപിച്ചപ്പോള്‍ അദ്ദേഹം 25 പൈസയുടെ നാണയത്തുട്ടാണ് സംഭാവനയായി നല്‍കിയത്.

'നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ ചോദിച്ചുപോയതാണ്. ഇതാ എന്റെ വക നിങ്ങള്‍ക്ക് ഒരു സഹായം' എന്നു പറഞ്ഞ് ഉപ്പ 10 രൂപ അദ്ദേഹത്തിനു നേരെ നീട്ടി. 'ഞാന്‍ നിങ്ങളോട് ഭിക്ഷ യാചിച്ചതല്ല, ഞങ്ങളുടെ സ്ഥാപനത്തിലെ യതീംകുട്ടികള്‍ക്ക് വിശപ്പടക്കാന്‍ വേണ്ടി ചോദിച്ചതാണ്' എന്നു പറയുകയും ചെയ്തു.

കേരളത്തിലെ പ്രഗല്‍ഭ ഇസ്‌ലാഹി പണ്ഡിതരില്‍ നല്ലൊരു ശതമാനം അലവി മൗലവിയുടെ ശിഷ്യരാണ്. നവോത്ഥാന ആശയങ്ങളെ ജനകീയമാക്കുന്നതില്‍ മൗലവി രൂപപ്പെടുത്തിയ പ്രബോധനശൈലി പഠനവിധേയമാക്കേണ്ടതാണ്.

ഇത് കേള്‍ക്കേണ്ട താമസം, പൗരപ്രമുഖന്റെ പരിവാരങ്ങള്‍ ഉപ്പയെ ആക്രമിക്കാന്‍ വേണ്ടി മുന്നോട്ടുവന്നു. പരിവാരങ്ങളെ തടഞ്ഞ ഈ പൗരപ്രമുഖന്‍ 'ഇതില്‍ നിങ്ങളാരും ഇടപെടേണ്ടതില്ല, ഇത് മൗലവിയും ഞാനും തമ്മിലുള്ള പ്രശ്‌നമാണ്, ഞങ്ങള്‍ പരിഹരിക്കാം' എന്ന് പറയുകയും പുഞ്ചിരിച്ചുകൊണ്ട് 25 രൂപ ഉപ്പാക്ക് നല്‍കുകയും ചെയ്തു.''

കേരള ജംഇയ്യത്തുല്‍ ഉലമയുടെ തുടക്കം മുതല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച പണ്ഡിതനാണ് അലവി മൗലവി. 1940 മുതല്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയുടെ സഹചാരിയായി രംഗത്തുവന്നു. അദ്ദേഹത്തോടൊപ്പം ആദ്യം വാഴക്കാട് ദാറുല്‍ഉലൂമിലും പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.

കേരളത്തിലെ പ്രഗല്‍ഭരായ ഇസ്‌ലാഹി പണ്ഡിതരില്‍ നല്ലൊരു ശതമാനം അലവി മൗലവിയുടെ ശിഷ്യരാണ്. ദീര്‍ഘകാലം പുളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ ഖതീബായി സേവനമനുഷ്ഠിച്ചു. കേരളത്തില്‍ നവോത്ഥാന ആശയങ്ങളെ ജനകീയമാക്കുന്നതില്‍ അലവി മൗലവി രൂപപ്പെടുത്തിയ പ്രബോധനശൈലി പ്രത്യേകം പഠനവിധേയമാക്കേണ്ട ഘടകമാണ്.

മതവിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം അര നൂറ്റാണ്ടു കാലം വിവിധ മേഖലകളില്‍ മാതൃകാപരമായ സേവനങ്ങള്‍ അനുഷ്ഠിച്ചു. ഇതര പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും നേതാക്കളുമായും പണ്ഡിതന്മാരുമായും അനുകരണീയമായ സൗഹൃദബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധ്യമായി.

അലവി മൗലവിയുടെ പ്രഭാഷണത്തെക്കുറിച്ച് പ്രമുഖ പണ്ഡിതന്‍ പി പി അബ്ദുല്‍ഗഫൂര്‍ മൗലവി ഇങ്ങനെ എഴുതിയിട്ടുണ്ട്: ''കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പി സൈദ് മൗലവിയുടെ ഹജ്ജ് യാത്രയോട് അനുബന്ധിച്ച് പുളിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ഒരു യാത്രയയപ്പ് യോഗത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് വൈസ് പ്രസിഡന്റ് കെ സി അലവി മൗലവി സാര്‍ഥകമായ ഒരു ജീവിതത്തിന്റെ ചിത്രം പറഞ്ഞുവെച്ചു. തന്റെ തിളക്കമാര്‍ന്ന വ്യക്തിത്വം ഭംഗിയായി പ്രതിഫലിച്ച ഏതാനും വാക്കുകള്‍...'' (ശബാബ്, 15-08-1986).

നവോത്ഥാന ആശയങ്ങളുടെയും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും ഗരിമക്കു വേണ്ടി ഭൗതിക താല്പര്യങ്ങളുടെ സ്വാധീനമില്ലാതെ കര്‍മവസന്തങ്ങള്‍ തീര്‍ക്കുന്നതിനിടെ 66-ാം വയസ്സില്‍ 1986 ജൂലൈ 23ന് രാത്രി 8 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കെ സി അലവി മൗലവി നിര്യാതനായി. ജനാസ പുളിക്കല്‍ മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.