സി എ മുഹമ്മദ് മൗലവി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ത്യാഗോജ്വല യാത്ര


മികച്ച എഴുത്തുകാരനായിരുന്ന മുഹമ്മദ് മൗലവി, അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍മനാര്‍, മുസല്‍മാന്‍, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതി. മങ്കൂസ് മൗലിദിനെ കുറിച്ചുള്ള വിവര്‍ത്തനമാണ് ആദ്യ കൃതി.

കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയവരാണ് ചാലിലകത്ത് കുടുംബം. ഈ കുടുംബത്തിലെ നവോത്ഥാന നായകരില്‍ അവസാനത്തെ കണ്ണിയാണ് സി എ മുഹമ്മദ് മൗലവി.

ചാലിലകത്ത് അബ്ദുല്ല മൗലവിയുടെയും ബിയ്യാമയുടെയും മകനായി 1897ലാണ് ജനനം. തിരൂരങ്ങാടിയിലെ കാട്ടിപ്പരുത്തി മൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക പഠനം അഭ്യസിച്ചത്. തുടര്‍ന്ന് ചേറൂര്‍ ജുമുഅത്ത് പള്ളിദര്‍സ്, വാഴക്കാട് ദാറുല്‍ഉലൂം, കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍ നടത്തിയിരുന്ന പള്ളിദര്‍സ്, മണ്ണാര്‍ക്കാട് പള്ളിദര്‍സ് എന്നിവിടങ്ങളില്‍ ചേര്‍ന്നു.

മണ്ണാര്‍ക്കാട് മദ്‌റസയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പാലക്കാട് ജില്ലയില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയപ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുഹമ്മദ് മൗലവിയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തനകേന്ദ്രം അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് മാറ്റി. അവിടെ എറിയാട് ഇത്തിഹാദിയ്യ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു.

പില്‍ക്കാലത്ത് വടകര മനാറുല്‍ ഉലൂം മദ്‌റസയില്‍ അധ്യാപകനായി. ഈ കാലത്താണ് സൂറത്തുല്‍ ഫാതിഹയുടെ പരിഭാഷയും വ്യാഖ്യാനവും മൗലവി എഴുതിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. പരിഭാഷ പിന്‍വലിക്കണമെന്ന് മദ്‌റസാ ഭാരവാഹികള്‍ ശാഠ്യം പിടിച്ചു.

എന്നാല്‍ ഇതിന് മൗലവി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് അദ്ദേഹം കാസര്‍കോഡ് കുമ്പളയില്‍ അസ്വരിയ്യ മദ്‌റസ സ്ഥാപിക്കുകയും വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ മാതൃകകള്‍ ഈ ജില്ലയില്‍ സൃഷ്ടിക്കുകയും ചെയ്തു.

ഇതിനിടയില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പരീക്ഷ പ്രൈവറ്റായി എഴുതി വിജയിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ അറബിക് മുന്‍ഷിയായി നിയമിതനായി. കതിരൂര്‍, തിരൂര്‍, ചാവക്കാട് എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1952ല്‍ ചാവക്കാട് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു.

1955ല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂള്‍ ആരംഭിച്ചപ്പോള്‍ അവിടെ അധ്യാപകനായി. പിന്നീട് തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ശയ്യാവലംബിയാവുന്നതുവരെ ഈ സ്ഥാപനത്തില്‍ സേവനം തുടര്‍ന്നു. ഇതിനിടയില്‍ തിരൂരങ്ങാടി കെ എം മൗലവി മെമ്മോറിയല്‍ അറബിക് കോളജിലും മൗലവി അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

പിതാവിനെപ്പോലെ മൗലവിയും മികച്ച എഴുത്തുകാരനായിരുന്നു. അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍മനാര്‍, മുസല്‍മാന്‍, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി അദ്ദേഹം എഴുതി. മങ്കൂസ് മൗലിദിനെ കുറിച്ചുള്ള വിവര്‍ത്തനമാണ് ആദ്യ കൃതി. ഗ്രന്ഥത്തിന്റെ മുഖവുരയില്‍ തന്നെ മൗലിദ് ആശയത്തെ അതിശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു.

ഫൈള് റഹ്മാന്‍ തഫ്‌സീര്‍ ഉമ്മില്‍ ഖുര്‍ആന്‍, ഫദ്‌ലില്‍ ജവാദില്‍ അക്‌റം എന്ന അമ്മ ജുസ്അ് പരിഭാഷ, കിതാബുല്‍ അഖ്‌ലാഖ്, തഅ്‌ലീമുദ്ദീന്‍ (മൂന്നു ഭാഗങ്ങള്‍), സൂറത്തുല്‍ മാഇദ മലയാള പരിഭാഷ, അല്‍മുഈന്‍ അറബി-മലയാളം നിഘണ്ടു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കെ എം മൗലവി, ഇ കെ മൗലവി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളോടൊപ്പം നവോത്ഥാന സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്വത്തുല്‍ മുജാഹിദീനിന്റെയും പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ സജീവമായിരുന്നു.

ഏത് വിഷയമായിരുന്നാലും പണ്ഡിതോചിതമായി അവതരിപ്പിക്കുന്ന ശൈലിയായിരുന്നു മുഹമ്മദ് മൗലവിയുടേത്. അക്കാലത്ത് നിറം പിടിപ്പിച്ച നിരവധി കെട്ടുകഥകളുടെ മേമ്പൊടിയുമായി ചിലര്‍ പ്രചരിപ്പിച്ചിരുന്ന ജിന്നുബാധ, സിഹ്ര്‍ ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മൗലവി വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്.

അന്ധവിശ്വാസങ്ങളോടും വിശ്വാസാചാരങ്ങളിലെ വൈകല്യങ്ങളോടും മൗലവി യുക്തിസഹമായി പ്രതികരിച്ചു. എതിരാളികളെ ഭര്‍ത്സിക്കുന്ന ശൈലി അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. ഹൃദ്യമായ അദ്ദേഹത്തിന്റെ സമീപനം വളരെ വേഗം ആളുകളില്‍ മതിപ്പും മികച്ച പ്രതികരണങ്ങളും വളര്‍ത്തി.

കെ എം മൗലവി, ഇ കെ മൗലവി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളോടൊപ്പം നവോത്ഥാന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്വത്തുല്‍ മുജാഹിദീനിന്റെയും പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ സജീവമായിരുന്നു.

സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു മൗലവിയുടെ ജീവിതം. അദ്ദേഹത്തിന്റെ തണലില്‍ കുടുംബത്തിലെ പലരും വളര്‍ന്നിരുന്നു. കുടുംബത്തില്‍ അനാഥത്വവും ദാരിദ്ര്യവും മൂലം പ്രയാസപ്പെടുന്നവരെ മൗലവി സംരക്ഷിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തു. അര്‍ഹരായ പാവപ്പെട്ടവരെ കണ്ടെത്തുകയും അവരെ നിര്‍ലോഭമായി പിന്തുണക്കുകയും ചെയ്തു.

മിണ്ടാപ്രാണികളോടും വലിയ കാരുണ്യവും സ്‌നേഹവുമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ജീവിതത്തിലെ തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആട്, കോഴി തുടങ്ങിയവയെ വളര്‍ത്തുകയും അവയോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു അദ്ദേഹം. വഴിയരികിലും മറ്റും കാണാറുള്ള അപകടത്തില്‍പ്പെട്ട പക്ഷിമൃഗാദികളെ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുവന്ന് ദീര്‍ഘനാള്‍ പരിചരിക്കുമായിരുന്നു.

മുസ്‌ലിയാരകത്ത് ഖദീജ, ഇ കെ മൗലവിയുടെ സഹോദരീപുത്രി ബീഫാത്തിമ എന്നിവരായിരുന്നു സി എ മുഹമ്മദ് മൗലവിയുടെ പത്‌നിമാര്‍. ദാമ്പത്യവല്ലരിയില്‍ മക്കളെ ലഭിക്കാതിരുന്ന അദ്ദേഹം എല്ലാവരെയും സ്വന്തം മക്കളെപ്പോലെ പരിഗണിക്കുകയും ജീവിതത്തോട് ചേര്‍ത്തുപിടിക്കുകയും ചെയ്ത് നയനാനന്ദകരമായ മാതൃകകള്‍ സൃഷ്ടിച്ചു.

നവോത്ഥാന പ്രസ്ഥാനത്തിന്റെ വിവിധ സംരംഭങ്ങളില്‍ ഒമ്പത് പതിറ്റാണ്ടോളം നിരവധി സേവനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ജീവിതം ധന്യമാക്കിയ സി എ മുഹമ്മദ് മൗലവി 1991 ഫെബ്രുവരി ഏഴിന് 93-ാം വയസ്സില്‍ നിര്യാതനായി. തിരൂരങ്ങാടി തറമ്മല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ജനാസ സംസ്‌കരിച്ചത്.