ഓപ്പറേഷന്‍ തൂഫാന്‍: ലഹരി മാഫിയക്കെതിരെയുള്ള നടപടികള്‍ സ്വാഗതാര്‍ഹം

വെബ് ഡെസ്ക്

നിയമനടപടികള്‍ക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള കൗണ്‍സലിംഗ്, ഡീഅഡിക്ഷന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും എം എസ് എം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എം എസ് എം സംസ്ഥാന കൗണ്‍സില്‍. ലഹരി മാഫിയക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന അധികൃതരുടെ നടപടികള്‍ സ്വാഗതാര്‍ഹമാണ്.

പദ്ധതിയുടെ ഭാഗമായി ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കര്‍ശന നടപടികള്‍ തുടരണമെന്നും വില്‍പ്പനക്കാരെ മാത്രമല്ല ലഹരിമരുന്നിന്റെ പ്രധാന സ്രോതസ്സുകളെയും വിതരണ ശൃംഖലയെയും കണ്ടെത്തി പൂര്‍ണമായും നശിപ്പിക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കണമെന്നും 'ഹറകത്ത്' കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

നിയമനടപടികള്‍ കൊണ്ട് മാത്രം ലഹരിയെന്ന വിപത്തിനെ തുടച്ചുനീക്കാനാകില്ല. ലഹരിക്ക് അടിമപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗ്, ഡീഅഡിക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ സംസ്ഥാനത്തുടനീളം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും എം എസ് എം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ് അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തെ പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.

ഐ എസ് എം സംസ്ഥാന വൈ. പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫഹീം പുളിക്കല്‍, ട്രഷറര്‍ ശഹീം പാറന്നൂര്‍, നദീര്‍ കടവത്തൂര്‍, ഫഹീം ആലുക്കല്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, സവാദ് പൂനൂര്‍, ബാദുഷ ഫൈസല്‍ തൊടുപുഴ, വാജിദ് ഒറ്റപ്പാലം, ജംഷാദ് എടക്കര, യഹ്‌യ മുബാറക്, മഷ്ഹൂദ് എടത്തനാട്ടുകര, ഇജാസ് ഇരിണാവ്, അദ്‌നാന്‍ ഹാദി, സുഹൈല്‍ കെ പി പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്