വീടകങ്ങളില്‍ നിന്നു പുതുചരിതം; 'കുടുംബം സ്വര്‍ഗ കവാടം' കാമ്പയിന് തുടക്കം

വെബ് ഡെസ്ക്

'കുടുംബം സ്വര്‍ഗ കവാടം' ഫാമിലി കാമ്പയിന്‍ ഉദ്ഘാടനം ഇസ്‌ലാഹി കേരളത്തിന് പുതിയ ചരിത്രം സമ്മാനിക്കുകയാണ്.

2025 ഒക്ടോബര്‍ 10 വെള്ളിയാഴ്ച ഇസ്‌ലാഹി കേരളം തികച്ചും വ്യത്യസ്തവും വിപ്ലവകരവുമായ ഒരു പ്രചാരണ ദൗത്യത്തിന് തിരികൊളുത്തുകയായിരുന്നു. 'കുടുംബം സ്വര്‍ഗകവാടം' എന്ന ശീര്‍ഷകത്തില്‍ 2025 ഒക്ടോബര്‍ മുതല്‍ 2026 ജനുവരി വരെ നീളുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഫാമിലി കാമ്പയിന്‍ സംസ്ഥാന ഉദ്ഘാടനത്തിന് പതിനായിരം വീടുകളില്‍ നാന്ദി കുറിച്ചു.

പുതു രീതിയില്‍ കേരളത്തിലെ പതിനായിരം വീടുകളിലായി കാമ്പയിന്‍ ഉദ്ഘാടനം നടത്താനുള്ള സംസ്ഥാന സമിതി തീരുമാനം കണക്കു കൂട്ടിയിലും മനോഹരമായാണ് സംഘടിപ്പിക്കപ്പെട്ടത്. സാമൂഹിക ഭദ്രതയുടെ അടിസ്ഥാനഘടകമാണ് കുടുംബം. നാഗരികതകളും പുരോഗതിയും രൂപപ്പെട്ടത് കുടുംബം, സമൂഹം എന്നീ ആധാരശിലകളിലാണ്.

മനുഷ്യജീവിതത്തിലെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും കേന്ദ്രബിന്ദു കുടുംബ വ്യവസ്ഥിതിയും സാമൂഹിക സുസ്ഥിതിയും അത് നിലനിര്‍ത്തുന്ന മൂല്യവ്യവസ്ഥിതിയുമാണ്. സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്ന മനുഷ്യര്‍ മയക്കുമരുന്നുകളിലും ലഹരിയിലും ഉറക്കഗുളികളിലും അഭയം തേടുന്നു.

സാമ്രാജ്യത്വ- മുതലാളിത്ത ശക്തികള്‍ പണം കൊയ്യുന്നത് ഈ വിപണിയില്‍ നിന്നാണ്. മനുഷ്യമനസ്സിന്റെ സമാധാനം തകര്‍ക്കുക എന്നത് ലാഭക്കൊതിയന്മാരുടെ താല്‍പര്യമാണ്. അരാജകത്വവാദവും സ്വതന്ത്രവാദവും ലിബറലിസവും വഴി കുടുംബവ്യവസ്ഥക്ക് പരിക്കേല്‍പ്പിച്ച് ലാഭം അടിച്ചെടുക്കാനാണ് സാമ്രാജ്യത്വ ശ്രമം.

ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ശക്തമായ ഒരു സാമൂഹിക, കുടുംബ, മൂല്യവ്യവസ്ഥ ഇസ്‌ലാമിനുണ്ട്. പട്ടിലും പകിട്ടിലും പൊതിഞ്ഞവതരിപ്പിക്കുന്ന ആശയമാലിന്യങ്ങള്‍ കുടുംബങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകരുത് എന്നതാണ് ഫാമിലി കാമ്പയിന്റെ അടിസ്ഥാന സന്ദേശം.

അതോടൊപ്പം സൈബര്‍ ലോകം ബന്ധങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച വിടവുകളും അതുവഴി വീടുകളിലേക്ക് കടന്നുവരാന്‍ ശ്രമിക്കുന്ന ജീര്‍ണതകളും തിരിച്ചറിയുകയും വേണം. കുടുംബ സംവിധാനത്തിന്റെ ഔന്നത്യം, കുടുംബാംഗങ്ങളുടെ ധാര്‍മിക ബോധം, സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തല്‍ തുടങ്ങിയവയാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്.

പാരമ്പര്യ ഉദ്ഘാടന രീതികള്‍ മാറ്റിവെച്ച് പതിനായിരം ഭവനങ്ങളില്‍ ഒരേസമയം കാമ്പയിന്‍ ഉദ്ഘാടനം നടക്കുക എന്ന സന്ദേശം സംഘടനയുടെ ഓരോ ഘടകവും ആവേശപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു. ചിട്ടയായ മുന്നൊരുക്കങ്ങളും നല്ല ഗൃഹപാഠവും ഏതൊരു പ്രവര്‍ത്തനത്തിനും മികവുറ്റ സദ്ഫലം ലഭ്യമാക്കും എന്നതിന്റെ തെളിവായിരുന്നു കാമ്പയിന്‍ ഉദ്ഘാടനം.

പതിനായിരം ഭവനങ്ങളില്‍ വെള്ളിയാഴ്ച ഇതിന്റെ മുന്നൊരുക്കങ്ങള്‍ നടന്നു. ഇശാ നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഒത്തുചേര്‍ന്നു. ആമുഖ സംസാരം നിര്‍വഹിച്ചത് ഗൃഹനാഥനാണ്. ഉള്‍പ്പെടുത്തേണ്ട സൂചകങ്ങള്‍ നല്‍കിയിരുന്നു. എല്ലാ കുടുംബങ്ങളിലും ഈ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു.

തുടര്‍ന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹ്മദ്കുട്ടി മദനിയുടെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃദ്യമായ ഭാഷണം റീകാസ്റ്റ് മീഡിയ, റേഡിയോ ഇസ്‌ലാം എന്നിവ വഴി കുടുംബങ്ങള്‍ കേട്ടു. സുഹൈല്‍ ആലുക്കല്‍ രചിച്ച മനോഹരമായ കാമ്പയിന്‍ തീംസോങ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

]

ഗസ്സയില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ ഓര്‍മ്മകളില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ചിത്രങ്ങള്‍ വരക്കുകയുമായിരുന്നു തുടര്‍ന്നുള്ള പരിപാടി. സര്‍ഗാത്മക പ്രതിരോധത്തില്‍ ഇളംതലമുറ ശ്രദ്ധേയമായ പങ്കാളിത്തം നിര്‍വഹിച്ചു.

വീടകങ്ങളില്‍ നിന്ന് നന്മയുടെ പുതു വിപ്ലവത്തിന് തുടക്കമിടാന്‍ ഫാമിലി കാമ്പയിനിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കാം.

തുടര്‍ന്ന് കുടുംബനാഥന്റെ നേതൃത്വത്തില്‍ കുടുംബ പ്രതിജ്ഞ. പ്രതിജ്ഞാ വാചകങ്ങള്‍ സംസ്ഥാന സമിതി നല്‍കിയിരുന്നു. കുടുംബജീവിതത്തില്‍ പുലര്‍ത്തേണ്ട നന്മയും മൂല്യങ്ങളും വ്യക്തിജീവിതത്തിലെ സൂക്ഷ്മതയും ചിട്ടകളും ആരാധനാനിഷ്ഠകളും ഓര്‍മപ്പെടുത്തുന്ന പ്രതിജ്ഞാവാചകങ്ങള്‍ കുടുംബങ്ങള്‍ ഏറ്റുചൊല്ലി. പല കുടുംബങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ നല്ല മാറ്റങ്ങളായി വിലയിരുത്താന്‍ കഴിഞ്ഞു.

പ്രതിജ്ഞയ്ക്കു ശേഷം കുടുംബത്തിലെ രോഗികളെയും മരണപ്പെട്ടവരെയും ഓര്‍മ്മിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്താണ് ഉദ്ഘാടന പ്രോഗ്രാം അവസാനിച്ചത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം നിശ്ചയിച്ച പ്രോഗ്രാം ചര്‍ച്ചകളും സര്‍ഗാത്മക പ്രകടനകളും ഒരുമിച്ച് ചേരലിന്റെ സന്തോഷവുമായി പല വീടുകളിലും രണ്ടു മൂന്നു മണിക്കൂറുകള്‍ നീണ്ടു.

ഇസ്‌ലാഹി കേരളത്തിന് ഈ കാമ്പയിന്‍ ഉദ്ഘാടനം ഒരു പുതിയ ചരിത്രം സമ്മാനിക്കുകയാണ്. വീടകങ്ങളില്‍ നിന്ന് നന്മയുടെ പുതു വിപ്ലവത്തിന് തുടക്കമിടാന്‍ ഈ കാമ്പയിനിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കാം.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്