വിവാഹ ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കുമെതിരെ കര്‍മ പദ്ധതിയുമായി കെ ജെ യു

വെബ് ഡെസ്ക്

കോഴിക്കോട്: വിവാഹ രംഗത്ത് നിന്ന് സ്തീധനം പടിയിറങ്ങി തുടങ്ങിയപ്പോള്‍ ധൂര്‍ത്തും ആര്‍ഭാടവും ആഭാസങ്ങളും കയറി വരുന്നത് ജാഗ്രതയോടെ കാണണമെന്ന് കോഴിക്കോട് നടന്ന കേരള ജംഇയ്യത്തുല്‍ ഉലമ എക്‌സിക്യുട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. വിവാഹ ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്താന്‍ വിപുലമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും കെ എന്‍ എം മര്‍കസുദ്ദഅ്‌വയുമായി സഹകരിച്ച് മഹല്ല്തല സംഗമങ്ങള്‍, ഗൃഹ സമ്പര്‍ക്കം, സന്ദേശ ലഘുലേഖ വിതരണം, ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. മഹല്ല് നിവാസികളും മഹല്ല് നേതൃത്വങ്ങളും ഇമാമുമാരും ഖതീബുമാരും ചേര്‍ന്ന് കൂട്ടുത്തരവാദിത്തത്തില്‍ മഹല്ലുകള്‍ ശാക്തീകരിക്കും.

വിശ്വാസികളുടെ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ സമുദ്ധാരണം ലക്ഷ്യം വെച്ച് വിപുലമായ ബോധവത്കരണം നടത്തും. കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും പുനരാനയിക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടത്താനും തീരുമാനിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു വൈസ് പ്രസിഡന്റ് പി അബ്ദുല്‍അലി മദനി അദ്ധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി, ഡോ. പി എം മുസ്തഫ സുല്ലമി, കെ എന്‍ സുലൈമാന്‍ മദനി, കെ പി സകരിയ്യ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു.

ഡോ. ടി പി മുഹമ്മദ് അബ്ദുറഷീദ്, അബ്ദുസ്സലാം പുത്തൂര്‍, ഡോ. മുഹമ്മദ് അഷ്‌റഫ് മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുല്‍ അസീസ് മദനി, മൂസക്കുട്ടി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ. പി എം ഹനീഫ, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കാടഞ്ചേരി, സനിയ്യ അന്‍വാരിയ്യ, അക്ബര്‍ സാദിഖ്, കെ അലി അന്‍സാരി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്