പ്രമുഖ പണ്ഡിതൻ പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി നിര്യാതനായി

വെബ് ഡെസ്ക്

ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 4:15 ന്

കെ ജെ യു ഉപദേശക സമിതി ചെയർമാനും ഗ്രന്ഥകാരനു മായിരുന്നു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (കെ ജെ യു) ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.15ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും. ഉച്ചതിരിഞ്ഞ് 2 മുതൽ മയ്യിത്ത് റൗളത്തുൽ ഉലും അറബിക് കോളജിലായിരിക്കും ഉണ്ടാവുക.

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്, കെ എൻ എം മർകസ് ദഅവ സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ ജെ യു ഉപദേശക സമിതി ചെയർമാനും ഐ എച്ച് ഐ ആർ സീനിയർ ഫാക്കൽറ്റിയും ആയിരുന്നു.

ബിരുദ പഠനത്തിനുശേഷം മദീന യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിനു പോയ ആദ്യകാല ഇസ്ലാഹി പണ്ഡിതരിൽ പ്രമുഖനാണ് പ്രൊഫ. അബ്ദുൽ ഹമീദ് മദീനി. ഫാറൂഖ് കോളേജ് സ്ഥാപകൻ അബുസ്വബാഹ് മൗലവിയുടെ പ്രിയ ശിഷ്യനായിരുന്നു. ഫറൂഖ് റൗളതുൽ ഉലൂം അറബിക് കോളേജിലെ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനിടെ പ്രിൻസിപ്പാളായാണ് വിരമിച്ചത്.

സഊദി അറേബ്യയിലെ ദാറുൽ ഇഫ്തയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ദാഇമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം.

'ഫത്ഹുൽ അസീസ് ' എന്ന പേരിൽ വിശുദ്ധ ഖുർആൻ പരിഭാഷ എട്ടു വാല്യങ്ങളിൽ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിൽ നിരതനായിരുന്നു മൗലവി. രണ്ടു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ശിയാഇസം, മദ്ഹബുകൾ, ഇസ്ലാം- മൗലിക പ്രമാണങ്ങൾ, ഉസ്വൂലുൽ ഫിഖ്ഹ്, മാസപ്പിറവി, ഖുതുബകളുടെ ക്രോഡീകരണം (അറബിക്) തുടങ്ങി വൈജ്ഞാനിക മേഖലയെ ധന്യമാക്കിയ പത്തോളം ഗ്രന്ഥങ്ങൾ മദീനിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് മുഹിയുദ്ദീൻ പള്ളി, കടലുണ്ടി തെക്കുമ്പാട് മസ്ജിദ്, ഫറോക് ചുങ്കം ജുമുഅത്ത് പള്ളി, ഫാറൂഖ് കോളേജ് ക്യാമ്പസ് മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഖതീബായി സേവനമനുഷ്ടിച്ചു.

അഞ്ചര പതിറ്റാണ്ടു കാലം കേരളത്തിലെ ഇസ്ലാഹി പ്രവർത്തന രംഗത്ത് എഴുത്തും ചിന്തയും പ്രഭാഷണവും കൊണ്ട് നേതൃപരമായ പങ്കു നിർവ്വഹിച്ച പണ്ഡിതനാണ് വിടവാങ്ങിയത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മർഹമതും ചൊരിഞ്ഞ് അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കട്ടെ.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്