ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ശബാബ് ഗോള്‍ഡന്‍ ജൂബിലി സംഗമം

വെബ് ഡെസ്ക്

ഗോള്‍ഡന്‍ ജൂബിലി പതിപ്പ് പ്രകാശനം ചെയ്തു

അരീക്കോട്: കേരളത്തില്‍ ഫാസിസ്റ്റ് ആശയങ്ങള്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനെതിരെ ജനാധിപത്യവാദികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രകാശന സംഗമം ആഹ്വാനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അതിജീവനത്തിന് നിരന്തരമായി ധൈഷണിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടണം.

ബൗദ്ധിക വളര്‍ച്ച കൈവരിച്ച സമൂഹങ്ങള്‍ക്കേ സാമൂഹ്യമായും രാഷ്ട്രീയമായും വളര്‍ച്ചയുണ്ടാകൂ എന്നും സംഗമം ഓര്‍മപ്പെടുത്തി. അര നൂറ്റാണ്ട് പിന്നിട്ട ശബാബ് വാരികയുടെ ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങളുടെ സമാപനവും ജൂബിലി പതിപ്പിന്റെ പ്രകാശനവും അരീക്കോട് നടന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പരിപാടി.

വാരികയുടെ തുടക്കം കുറിച്ച ജന്മനാടായ അരീക്കോട് വെച്ചുതന്നെ സമാപന സമ്മേളനം നടന്നത് ശ്രദ്ധേയമായി. ചീഫ് എഡിറ്റര്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഉമര്‍ സുല്ലമി ഗോള്‍ഡന്‍ ജൂബിലി പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.

പ്രമുഖ സാംസ്‌കാരിക വിമര്‍ശകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തി. വൈജ്ഞാനിക സെഷനില്‍ സി.എം മൗലവി ആലുവ, റാഫി പേരാമ്പ്ര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന 'ശബാബ് അനുഭവങ്ങള്‍ പങ്കുവെക്കല്‍' സെഷനില്‍ പ്രഫ. എന്‍.വി അബ്ദുറഹ്മാന്‍, ഡോ. മുസ്തഫ ഫാറൂഖി, കെ. അബ്ദുസ്സലാം മാസ്റ്റര്‍, അലി പത്തനാപുരം, ഡോ. ജാബിര്‍ അമാനി, ലബീദ് അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. സുഫിയാന്‍, ശബീര്‍ ആലുക്കല്‍, ഡോ. യു.പി യഹ്‌യാ ഖാന്‍, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ സംസാരിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്