ഫലസ്തീനികളെ നിരായുധീകരിക്കാനും എല്ലാ പ്രതിരോധ ശേഷികളും തകര്‍ക്കാനും വിദേശ ഭരണത്തിന് കീഴടങ്ങാനും ബന്ദികളെ കൈമാറാനുമുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് ട്രംപ് മുന്നോട്ടുവച്ചത്.
ഇസ്രായേല്‍ പിന്തുണയോടെ പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച 20 പോയിന്റ് 'സമാധാന പദ്ധതി' വാസ്തവത്തില്‍ ഒരു സമാധാന നിര്‍ദേശമേയല്ല. പകരം വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഫലസ്തീനികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു അന്ത്യശാസന മാത്രമാണ്. ഫലസ്തീനികളെ നിരായുധീകരിക്കുക, ബന്ദികളെ കൈമാറുക, എല്ലാ പ്രതിരോധ ശേഷികളും തകര്‍ക്കുക, വിദേശ ഭരണത്തിന് കീഴടങ്ങുക എന്നതാണ് ട്രംപ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പ്രധാനം.
ഗസ്സയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ ഈ പദ്ധതി രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ: പൂര്‍ണ്ണമായ കീഴടങ്ങല്‍, അല്ലെങ്കില്‍ വംശഹത്യ. നീതിക്കും ശാശ്വത സമാധാനത്തിനും അടിത്തറയിടുന്നതിനുപകരം, അത് ഇസ്രായേലിന്റെ അധികാരം ഉറപ്പിക്കുകയും ഫലസ്തീന്‍ പരമാധികാരത്തിന്റെ ഭാവിയെ ശാശ്വത അനിശ്ചിതത്വത്തിലാക്കുകയും ചെയ്യും.
ഏറ്റവും പുതിയ നിര്‍ദ്ദേശം ട്രംപ് 2025 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 'ഗസ്സ റിവിയേര' പദ്ധതിയുമായി ശ്രദ്ധേയമായ സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. ഗസ്സ റിവിയേര ഗസ്സയെ യുഎസ് നിയന്ത്രണത്തിലുള്ള ഒരു ബീച്ച് ഫ്രണ്ട് ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് വിഭാവനം ചെയ്യുന്നത്. മുന്‍ പദ്ധതിയില്‍ ഗസ്സയിലെ രണ്ടു ദശലക്ഷം നിവാസികളെ 'സ്വമേധയാ' മാറ്റിപ്പാര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.
ഫലസ്തീനികളെ സ്ഥിരമായി നാടുവിടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് ബോണസും വാടക സബ്സിഡിയും വാഗ്ദാനം ചെയ്തിരുന്നു. പദ്ധതി പ്രകാരം ഗസ്സയില്‍ ആഡംബര റിസോര്‍ട്ടുകള്‍, കൃത്രിമ ദ്വീപുകള്‍, ഏ ഐ- നിയന്ത്രിത ഡാറ്റാ സെന്ററുകളുള്ള 'സ്മാര്‍ട്ട് സിറ്റികള്‍' എന്നിവ ഉള്‍പ്പെടുന്നു. അടിസ്ഥാനപരമായി ഫലസ്തീന്‍ മണ്ണിനെ വിദേശ കച്ചവടക്കാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് അവസരങ്ങളായി മാത്രം കണക്കാക്കുകയാണ് ട്രംപ് ചെയ്തത്.
ജെറാള്‍ഡ് കുഷ്നര്‍ മുമ്പ് അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തെ 'വെറും ഒരു റിയല്‍ എസ്റ്റേറ്റ് തര്‍ക്കം' ആയി വിശേഷിപ്പിക്കുകയും ഗസ്സയുടെ 'കടല്‍ത്തീര സ്വത്തുക്കള്‍' വികസിപ്പിക്കുന്നതിനായി ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 'മിഡ്ല്‍ ഈസ്റ്റില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ആധുനിക അത്ഭുത നഗരങ്ങള്‍' നിര്‍മിച്ച വിദഗ്ധ പാനലുകള്‍ ഉള്‍പ്പെടുന്ന 'ട്രംപ് സാമ്പത്തിക വികസന സംരംഭം' എന്ന വാഗ്ദാനത്തോടെ, നിലവിലെ 20 പോയിന്റ് പദ്ധതി കുഷ്‌നറുടെ സമീപനത്തെ പ്രതിധ്വനിപ്പിക്കുകയാണ്.
സ്വന്തം രാജ്യത്തിന്റെ നിയമപരമായ അവകാശികള്‍ എന്നതിനെക്കാള്‍, ഫലസ്തീനികളെ വികസനത്തിന് തടസ്സമായി മാത്രം കാണുന്ന കൊളോണിയല്‍ ചൂഷണ മനോഭാവമാണ് നിര്‍ദേശം വെളിപ്പെടുത്തുന്നുത്.
 നിര്‍ദേശങ്ങളിലെ ഏറ്റവും ഗുരുതരമായ ഭവിഷ്യത്തുകളിലൊന്ന്, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശവും പരമാധികാര രാഷ്ട്രം സ്ഥാപിക്കപ്പെടുക എന്ന കാതലായ പ്രശ്‌നവും തകര്‍ക്കുക എന്നതാണ്. പദ്ധതിയുടെ മുഴുവന്‍ ഘടനയും നിയന്ത്രണം ബാഹ്യ ഏജന്റുമാര്‍ക്ക് താലത്തില്‍ വെച്ചു നല്‍കുന്നതാണ്.
ട്രംപും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും നയിക്കുന്ന 'സമാധാന ബോര്‍ഡ്' ആണ് പ്രധാനമായും ഈ പദ്ധതിക്ക് ശേഷം നിയന്ത്രണം ഏറ്റെടുക്കുക. പുനര്‍നിര്‍മ്മാണം, ഭരണം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് അമേരിക്കക്കാരും ഇസ്രായേലികളും തിരഞ്ഞെടുത്ത വിദേശ ഉദ്യോഗസ്ഥരുമാണ് എന്നര്‍ത്ഥം. അതേസമയം ഫലസ്തീനികള്‍ പുറമേ നിന്നുള്ള സംഭാവനകളുടെ സ്വീകര്‍ത്താക്കളും മേല്‍നോട്ടത്തിനു കീഴിലുള്ള ഇരകളുമായി ചുരുങ്ങുന്നു.
താല്‍ക്കാലിക കമ്മിറ്റികളും അന്താരാഷ്ട്ര സേനകളും പോയതിനുശേഷം പിന്നീടുള്ള ഘട്ടങ്ങളില്‍ പോലും, ഗസ്സയ്ക്ക് രാഷ്ട്രീയ സ്വയംഭരണാവകാശം ലഭിക്കുമെന്ന് കരുതാനാവില്ല. ഗസ്സക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്ത് വേണമെന്ന് പോലും പരിഗണിക്കാതെ, ഹമാസ് ഉള്‍പ്പെടെ യു എസ്സോ ഇസ്രായേലോ അസ്വീകാര്യമെന്ന് കരുതുന്ന ഏതൊരു കക്ഷിയെയും ഒഴിവാക്കാനുള്ള അധികാരം പദ്ധതിയില്‍ നിക്ഷിപ്തമാണ്.
ഇവിടെയാണ് ഒരു അടിസ്ഥാന ചോദ്യം ഉയര്‍ന്നുവരുന്നത്: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, ഗസ്സയിലെ ജനങ്ങള്‍ ഹമാസിനെയോ യുഎസ് മുന്‍ഗണനകളുമായി പൊരുത്തപ്പെടാത്ത ഒരു നേതൃത്വത്തെയോ തിരഞ്ഞെടുത്താല്‍ എന്ത് സംഭവിക്കും?
ഇസ്രായേല്‍ അതിന്റെ വിപുലീകരണ അജണ്ടയെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള എല്ലാ ഘട്ടത്തിലും സമാധാന കരാറുകളെ നിഷ്‌കരുണം ലംഘിച്ചതാണ് നമുക്കു മുന്നിലുള്ള ചരിത്രം. ഒട്ടുമിക്ക ഉടമ്പടി നിര്‍ദേശങ്ങളും, ഇസ്രായേലിന് അനുകൂലമായി രൂപപ്പെടുത്തിയ 1993-ലെ ഓസ്ലോ ഉടമ്പടികളില്‍ പോലും ഇസ്രായേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.
പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടും, വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 700,000 ജൂത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഏകദേശം 160 കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2025 മെയ് മാസത്തില്‍ മാത്രം, വെസ്റ്റ് ബാങ്കില്‍ 22 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം നല്‍കി. 'ഇസ്രായേലിനെ അപകടത്തിലാക്കുന്ന ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത്' തടയുന്നതായാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിത്ു. പ്രദേശത്തിനു മേല്‍ 'ഇസ്രായേല്‍ നിയന്ത്രണം' നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 'തന്ത്രപരമായ നീക്കം' എന്നാണ് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇതിനെ പരസ്യമായി വിലയിരുത്തിയത്. ഓസ്ലോയ്ക്ക് ശേഷമുള്ള ഏറ്റവും ബൃഹത്തായ കുടിയേറ്റ വിപുലീകരണമാണിത്.
1979ല്‍ ഈജിപ്തുമായുള്ള ക്യാമ്പ് ഡേവിഡ് ഉടമ്പടിയും ഇസ്രായേല്‍ ഭംഗിയായി ലംഘിച്ചിട്ടുണ്ട്. ഗസ്സ-ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡല്‍ഫി ഇടനാഴിയില്‍ ഇസ്രായേല്‍ സൈനികരുടെ സാന്നിധ്യം സമാധാന ഉടമ്പടി പ്രകാരം പാടില്ലാത്തത് ആണ്. എന്നിട്ടും നിലവിലെ യുദ്ധസമയത്ത് 2024 മെയ് മാസത്തില്‍ ഇസ്രായേലി ടാങ്കുകള്‍ ഈ പ്രദേശത്തേക്ക് പ്രവേശിച്ചു. 'യുദ്ധം, ശത്രുത, അല്ലെങ്കില്‍ അക്രമം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഭീഷണികളോ അവരുടെ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്നില്ലെന്നും അവ നടക്കുന്നില്ലെന്നും' ഇരു കക്ഷികളും ഉറപ്പാക്കണമെന്ന് ഉടമ്പടി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇസ്രായേല്‍ ഈ ഇടനാഴി ഉപയോഗിച്ച് ഗസ്സയില്‍ ആക്രമണം അഴിച്ചുവിടുകയും ഉടമ്പടി വ്യവസ്ഥകള്‍ ക്രൂരമായി ലംഘിക്കുകയും ചെയ്തു.
 ഓസ്ലോ കരാറില്‍ ഫലസ്തീന്‍ ഭരണസമിതിയായി സ്ഥാപിച്ച ഫലസ്തീന്‍ അതോറിറ്റിയെ ഇസ്രായേല്‍ ആസൂത്രിതമായി തകര്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഫലസ്തീന്‍ അതോറിറ്റിക്ക് പൂര്‍ണ്ണ നിയന്ത്രണം കൈമാറാന്‍ ഇസ്രായേല്‍ നിരന്തരം വിസമ്മതിക്കുകയും ഫലസ്തീന്‍ അതോറിറ്റിക്ക് മേല്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുകയും ഫലസ്തീന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ സൈനിക നടപടികള്‍ തുടരുകയും ചെയ്തു.
സ്വന്തം രാജ്യത്തിന്റെ നിയമപരമായ അവകാശികള്‍ എന്നതിനെക്കാള്‍, ഫലസ്തീനികളെ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഒബ്ജക്ടുകള്‍ മാത്രമായി കാണുന്ന കൊളോണിയല്‍ ചൂഷണ മനോഭാവമാണ് നിര്‍ദേശം വെളിപ്പെടുത്തുന്നത്.
ഫലസ്തീന്‍ അതോറിറ്റിക്ക് നികുതി വരുമാനം തടഞ്ഞുവയ്ക്കുന്നതിനെ ന്യായീകരിക്കാനും ഫലസ്തീന്‍ ഭരണശേഷിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനും ഇസ്രയേല്‍ വളഞ്ഞ വഴിക്കു ശ്രമിച്ചു.
ഇരകളെ കുറ്റപ്പെടുത്തി കൊലയാളികളെ സംരക്ഷിക്കുക എന്നത് പദ്ധതിയുടെ മറ്റൊരു അപകടകരമായ സവിശേഷതയാണ്. പതിറ്റാണ്ടുകളുടെ അധിനിവേശം, ഉപരോധം, നാടുകടത്തല്‍, യുദ്ധങ്ങള്‍, വംശീയ ഉന്‍മൂലനം, വംശഹത്യ തുടങ്ങിയ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം, ഫലസ്തീനികളെ ഉത്തരവാദികളായി ചിത്രീകരിക്കുകയാണ് ട്രമ്പിന്റെ പുതിയ പദ്ധതി.
ഗസ്സസയെ 'തീവ്രവത്കരിക്കുക' എന്നതും ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം ഇല്ലാതാക്കുക എന്നതും ഇസ്രായേലിനെ വിശുദ്ധമാക്കാനും ഇസ്രായേല്‍ സേനയെ അവര്‍ വരുത്തിയ കുറ്റകൃത്യങ്ങളില്‍ രക്ഷപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ്. അങ്ങനെ വംശഹത്യ ആത്യന്തികമായി ഫലസ്തീനികളുടെ മാത്രം 'തെറ്റായി' മാറുന്നു. ഇസ്രായേല്‍ പാപത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഫലസ്തീന്‍ പക്ഷത്തിന്റെ ഏക വിലപേശല്‍ സാധ്യത ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളാണ്. എല്ലാ ബന്ദികളെയും 72 മണിക്കൂറിനകം വിട്ടയക്കണമെന്ന് ഈ പദ്ധതി ആവശ്യപ്പെടുമ്പോള്‍ തന്നെ ഇസ്രായേലി സേനയുടെ ഗസ്സയില്‍ നിന്നുള്ള പിന്‍മാറ്റം ഘട്ടംഘട്ടമായി മാത്രം പരിമിതപ്പെടുകയും ചെയ്യുന്നു.
എല്ലാ തുരങ്കങ്ങളും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കണമെന്ന ആവശ്യം, ഇസ്രേലികളുടെ ആക്രമണങ്ങളില്‍ നിന്ന് ഗസ്സയെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കാനുള്ള ഏക മാര്‍ഗം കൂടി നശിപ്പിക്കുന്നതിന് തുല്യമാണ്. തുടര്‍ച്ചയായ അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തില്‍, ഈ തുരങ്കങ്ങള്‍ സൈനിക ശേഷിയുടെ ഭാഗമായി മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. ബോംബാക്രമണത്തില്‍ നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരുടെ ജീവനാഡികളാണ് ഇപ്പോഴവ. ഇസ്രായേലി/ അന്താരാഷ്ട്ര സേനകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്തുന്ന ഒരു പ്രദേശത്ത് ഫലസ്തീനികള്‍ പ്രതിരോധമില്ലാത്തവരായി മാറുക മാത്രമാണ് പരിണിത ഫലം.
ഈ പുതിയ പദ്ധതി മുന്നോട്ട് വെക്കുന്ന ഏറ്റവും മികച്ച നിര്‍ദേശത്തില്‍ പോലും, ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് ഉടന്‍ വിടാന്‍ ബാധ്യസ്ഥരല്ല. 'നിരീക്ഷിക്കുന്നതിനും സുരക്ഷ നടപ്പിലാക്കുന്നതിനും' സമയവും അതിരും നിശ്ചയിക്കാത്ത അവസരം ഈ പദ്ധതി ഇസ്രാഈലിന് നല്‍കുന്നുണ്ട്. ഇത് ഗസ്സ ഒരിക്കലും അധിനിവേശത്തില്‍ നിന്നോ സൈനിക ഇടപെടലില്‍ നിന്നോ മുക്തമാക്കില്ലെന്ന് ഉറപ്പിക്കുകയാണ്. ഇസ്രായേല്‍ പട്ടാളക്കാരുടെ സാന്നിധ്യം, വിമോചനത്തിന്റെയല്ല, കീഴടക്കലിന്റെ തുടര്‍ച്ചയായ സൂചന മാത്രമാണ്.
ഫലസ്തീനികളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഏക സൂചന, ഒരു 'രാഷ്ട്രീയ ചക്രവാളം' സംബന്ധിച്ച് ഇസ്രായേലും ഫലസ്തീനിയും തമ്മില്‍ അമേരിക്ക 'ഒരു സംഭാഷണം' നടത്തുമെന്ന അവ്യക്തമായ വാഗ്ദാനം മാത്രമാണ്. ഈ ചര്‍ച്ചകളില്‍ നിന്ന് യഥാര്‍ത്ഥവും സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉയര്‍ന്നുവരുമെന്ന് ഉറപ്പിക്കാനാവില്ല. സ്വയംഭരണത്തിന്റെ സ്വപ്‌നം ബാഹ്യ വീറ്റോകളും സുരക്ഷാ കരാറുകളും മൂലം എന്നെന്നേക്കുമായി മാറ്റിവയ്ക്കപ്പെടുന്നത് നാം നിരന്തരം കണ്ടതാണ്.
ചുരുക്കത്തില്‍ ട്രംപിന്റെ 20-പോയിന്റ് പദ്ധതി സമാധാനത്തിന്റെ മേല്‍ വസ്ത്രം ധരിച്ച സമ്പൂര്‍ണ കീഴടങ്ങലിനുള്ള ആഹ്വാനമാണ്. ഫലസ്തീനികള്‍ക്ക് ചെറുത്തുനില്‍ക്കാനോ ഭരിക്കാനോ സ്വയം പ്രതിരോധിക്കാനോ ഉള്ള ഏതൊരു അവസരവും ഉപേക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. പൊള്ളയായ വാഗ്ദാനങ്ങളും വിദേശ ശക്തികളുടെ തുടര്‍ച്ചയായ മേല്‍നോട്ടവും അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഫലസ്തീനികള്‍ക്ക് സ്വന്തം മണ്ണില്‍ അവകാശം ലഭിക്കും വരെ, ഭാവി തീരുമാനിക്കാന്‍ അവസരം കിട്ടും വരെ, അധിനിവേശത്തില്‍ നിന്നു രക്ഷപ്പെടും വരെ, അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു 'കരാറും' സമാധാനം കൊണ്ടുവരില്ല.
