അവര്‍ കൊലയാളിക്കും കൊല്ലപ്പെട്ടവര്‍ക്കും ഇടയില്‍, കശാപ്പുകാരനും ബലിയാടിനും ഇടയില്‍ 'സമാധാനം' സ്ഥാപിക്കുകയും അതിനെ പുരോഗതി എന്ന് വിളിക്കുകയും ചെയ്യുകയാണ്
2023 നവംബര്‍ 7ന് അല്‍ശിഫ ആശുപത്രിയിലെ ക്യാമറകള്‍ക്ക് മുന്നില്‍ കുട്ടികള്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയില്‍ അല്ലായിരുന്നു. അവരെ രക്ഷിക്കുമെന്ന് അവര്‍ കരുതിയവരുടെ ഭാഷയിലായിരുന്നു അത്: ''ഞങ്ങള്‍ക്ക് ജീവിക്കണം, ഞങ്ങള്‍ക്ക് സമാധാനം വേണം, കുട്ടികളെ കൊലപ്പെടുത്തുന്നവരെ വധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഒരു ആണ്‍കുട്ടി പറഞ്ഞു: ''ഞങ്ങള്‍ക്ക് മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും വേണം. മറ്റ് കുട്ടികള്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.''
വംശഹത്യ നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അവര്‍ക്ക് ശുദ്ധമായ കുടിവെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലായിരുന്നു. അത് മനുഷ്യത്വപൂര്‍വം ചിന്തിക്കാന്‍ സഹായിക്കുമെന്ന് കരുതി അവര്‍ കൊളോണിയലിസ്റ്റുകളുടെ ഭാഷയിലായിരുന്നു യാചിച്ചത്.
ആ കുട്ടികളില്‍ എത്ര പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്, എത്ര പേര്‍ക്ക് ഈ 'സമാധാന' നിമിഷത്തിലേക്ക് എത്താന്‍ സാധിച്ചില്ല, ലോകം അവരുടെ വിളിക്ക് ഉത്തരം നല്‍കുമെന്ന് നിഷ്‌കളങ്കമായി വിശ്വസിച്ച് അവര്‍ മരിച്ച് പോയിരിക്കുമോ എന്നീ കാര്യങ്ങളില്‍ എനിക്ക് ആധിയുണ്ട്.
ഇപ്പോള്‍, ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷം, 'സമാധാന പദ്ധതിയുടെ' ആദ്യഘട്ടത്തില്‍ ഒപ്പുവെച്ചതില്‍ 'ഏറെ അഭിമാനിക്കുന്നു' എന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഇടപെടലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രശംസിച്ചപ്പോള്‍ ഇസ്രായേലി നേതാവ് യെയര്‍ ലാപിഡ് ട്രംപിന് സമാധാന സമ്മാനം നല്‍കണമെന്ന് നൊബേല്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്.
രണ്ടുവര്‍ഷം നീണ്ടുനിന്ന കശാപ്പ് അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ നേതാക്കള്‍ അണിനിരക്കുന്നു. എന്നാല്‍ ഗസ്സയ്ക്ക് വേണ്ടിയിരുന്നത് ഒരിക്കലും രക്ഷാപ്രവര്‍ത്തനം അല്ലായിരുന്നു. ഗസ്സയെ കൊല്ലുന്നത് നിര്‍ത്താനായിരുന്നു അവര്‍ക്ക് ലോകരാഷ്ട്രങ്ങളുടെ സഹായം ആവശ്യമായിരുന്നത്.
 അധിനിവേശം, വര്‍ണവിവേചനം, വംശഹത്യ എന്നിവയില്‍ നിന്ന് മുക്തമായി, തങ്ങളുടെ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കുക എന്നത് ഗസ്സയുടെ ആവശ്യമായിരുന്നു. നീതി പ്രസംഗിക്കുന്നതിനോടൊപ്പം തന്നെ അടിച്ചമര്‍ത്തലിന് ധനസഹായം നല്‍കുന്ന ഒരു ലോകത്തെയും അതിജീവനത്തെ തന്നെ പോരാട്ടമാക്കി മാറ്റിയ ഒരു ജനതയെയും ഗസ്സയിലെ ഇസ്രാഈല്‍ കൂട്ടക്കൊല തുറന്നുകാട്ടി.
എന്നാല്‍, ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ദൃഢതയ്ക്കും അവരുടെ കൂട്ടായ ശക്തിക്കും മഹത്വമേറെയാണ്. സഹായം തേടുന്ന യാചകരാണെന്നും, പണം നല്‍കേണ്ടിവരുന്ന 'ഭീകരരാണെന്നും' അതുമല്ലെങ്കില്‍ സംവരണമോ അധഃപതനമോ ഇല്ലാതെ ഉയര്‍ത്തിപ്പിടിക്കാന്‍ അര്‍ഹതയുള്ള ഒരു ജനതയാണെന്നും ഉള്ള ഒരു വിവരണത്തിന് വഴങ്ങാന്‍ ഫലസ്തീനികള്‍ വിസമ്മതിച്ചു.
ഗസ്സ പരാജയപ്പെട്ടില്ല. നമ്മളാണ് പരാജയപ്പെട്ടത്. ലോകം അവര്‍ തകരുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ ഗസ്സ ചെറുത്തുനിന്നു. ഒരിക്കലും ഒറ്റയ്ക്ക് നില്‍ക്കാന്‍ സമ്മതിക്കരുതായിരുന്ന സമയത്തു പോലും ഗസ്സ ഒറ്റയ്ക്ക് തന്നെ നിന്നു. അന്താരാഷ്ട്ര തലത്തില്‍ ഉപേക്ഷിക്കപ്പെട്ടിട്ടും തങ്ങളുടെ നാശത്തിന് ധനസഹായം നല്‍കിയ സര്‍ക്കാരുകള്‍ ഇപ്പോള്‍ സമാധാന നിര്‍മാതാക്കളായി സ്വയം അവരോധിക്കുമ്പോഴും ഗസ്സ ക്ഷമിച്ചു.
'ഭൂമിയില്‍ അഴിമതി വ്യാപിപ്പിക്കരുത്' എന്ന് അവരോട് പറയുമ്പോള്‍, അവര്‍ മറുപടി പറയും, 'ഞങ്ങള്‍ സമാധാന നിര്‍മാതാക്കള്‍ മാത്രമാണ്!'' (ഖുര്‍ആന്‍ 2:11) എന്ന സൂക്തത്തെ ഓര്‍മിപ്പിക്കും വിധം അവര്‍ പെരുമാറി.
രണ്ട് വര്‍ഷത്തെ പട്ടിണി, ബോംബാക്രമണം, കൂട്ടക്കുഴിമാടങ്ങള്‍ എന്നിവയും ഭക്ഷണം എത്തിക്കുന്നതിനു പകരം അവര്‍ എത്തിച്ച കഫന്‍പുടവകളും ഏത് തരം സമാധാനം ആണ് അര്‍ഥമാക്കിയത്? ഗസ്സയില്‍ രക്തം വാര്‍ന്നൊലിച്ചപ്പോള്‍ ശക്തരായവര്‍ ഭംഗിയായി മുഖംതിരിച്ചു കളഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ തെരുവുകളില്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ ഈ ആഘോഷം അവരുടേതു മാത്രമാണെന്ന് എനിക്കറിയാം. ഒരിക്കലും അത് ഡൊണാള്‍ഡ് ട്രംപിന്റേതല്ല.
'ചരിത്രപരമായ അവസരം' എന്ന് വിളിച്ച് ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഈ പ്രദേശം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപിന്റേതല്ല. നിഷ്പക്ഷത നടിച്ചുകൊണ്ട് ഗസ്സയുടെ നാശത്തില്‍ നിന്ന് ലാഭം നേടിയ പാശ്ചാത്യ നേതാക്കളുടെതുമല്ല.
വംശഹത്യ സാധ്യമാക്കിയവരും കോടിക്കണക്കിന് സൈനിക പിന്തുണ വഴി ധനസഹായം നല്‍കിയവരും കൃത്യതയോടെ നയിക്കപ്പെടുന്ന മിസൈലുകള്‍ ഉപയോഗിച്ചവരും ഐക്യരാഷ്ട്രസഭയില്‍ നയതന്ത്ര പരിരക്ഷ നല്‍കിയവരും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ വെടിനിര്‍ത്തല്‍ പ്രമേയങ്ങളെ ആവര്‍ത്തിച്ച് വീറ്റോ ചെയ്തവരും തന്നെയാണ് വംശഹത്യയുടെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഓടിയെത്തുന്നവര്‍ എന്നതാണ് വാസ്തവം.
വംശഹത്യയ്ക്കിടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ മിസൈലുകള്‍, 155 എംഎം പീരങ്കി ഷെല്ലുകള്‍, നൈറ്റ്-വിഷന്‍ ഉപകരണങ്ങള്‍, ബങ്കര്‍ തകര്‍ക്കുന്ന ബോംബുകള്‍ എന്നിവ ഉപയോഗിച്ച് പലതവണ ആക്രമണം നടത്താന്‍ അമേരിക്ക 14.3 ബില്യണ്‍ ഡോളര്‍ സൈനിക സഹായം ആണ് അനുവദിച്ചത്. പടിഞ്ഞാറിന്റെ സുഖസൗകര്യങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നാണക്കേട് തോന്നണം.
 ചരിത്രത്തില്‍ ശരിയുടെ കൂടെ സ്വയം അവരോധിക്കാന്‍ അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്നു. ജിം ക്രോയുടെയോ ഹോളോകോസ്റ്റിന്റെയോ കാലത്ത് നമ്മള്‍ ജീവിച്ചിരുന്നെങ്കില്‍ അത് തടയാന്‍ എന്തും ചെയ്യുമായിരുന്നുവെന്ന് പറയുന്ന നമ്മള്‍ ഫലസ്തീനിനുവേണ്ടി എന്താണ് ചെയ്തത്? വിശന്നിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി ഫോര്‍മുല എത്തിക്കാന്‍ പോലും നമ്മള്‍ക്ക് സാധിച്ചിട്ടില്ല.
ഒഴികഴിവ് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് ഒഴികഴിവുകള്‍ പറഞ്ഞവരാണ് നമ്മള്‍. അറിയാതെയോ അറിഞ്ഞോ നമ്മളും അവയില്‍ പങ്കാളികളായി. നമ്മുടെ രാജ്യങ്ങളിലെ ഗവണ്മെന്റ് നല്‍കുന്ന ധനസഹായം പിന്‍വലിക്കാന്‍ പോലും നമ്മള്‍ക്ക് സാധിച്ചില്ല. ഇസ്രായേല്‍ അനുഭവിച്ച ഒരേയൊരു സമ്മര്‍ദ്ദം അവര്‍ക്ക് നിശബ്ദമാക്കാന്‍ കഴിയാത്ത ആളുകളില്‍ നിന്ന് തന്നെ ആയിരുന്നു.
ലോകത്തിന് അജ്ഞത അവകാശപ്പെടാനോ ഇസ്രായേലിന്റെ നുണകള്‍ സത്യമായി അംഗീകരിക്കാനോ കഴിയാത്തവിധം സ്വന്തം മരണങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ഫലസ്തീനികള്‍ തന്നെ ആയിരുന്നു അത്. സ്വന്തം പ്രതിരോധം മൂലമാണ് ഗസ്സ അതിജീവിച്ചത്. ബോംബുകള്‍ക്ക് തൊടാന്‍ കഴിയാത്ത ഒന്ന് ഫലസ്തീന്‍ ജനതയുടെ സ്ഥൈര്യവും ധൈര്യവും തന്നെയായിരുന്നു.
തത്സമയം സംപ്രേഷണം ചെയ്ത ക്രൂരതയുടെ ഭാരത്തില്‍ ഇസ്രായേലിന്റെ ഇരവാദ മുഖംമൂടി തകര്‍ന്നതിനാലും, വംശഹത്യയ്ക്ക് സമ്മതം ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ആഗോള പൊതുജനാഭിപ്രായം ഇസ്രായേലിനെതിരെ തിരിഞ്ഞതിനാലുമാണ് വെടിനിര്‍ത്തല്‍ വന്നത്. കുതിച്ചു കേറിയ സിവിലിയന്‍ മരണ നിരക്കാണ് ഈ വെടിനിര്‍ത്തലിനെ നിര്‍ബന്ധിതമാക്കിയത്.
ഫലസ്തീനിലെ ഏറ്റവും പ്രശസ്തനായ കവി മഹ്മൂദ് ദര്‍വീശിന് ഇത് എങ്ങനെയായിരിക്കുമെന്ന് അറിയാമായിരുന്നു: 'യുദ്ധം അവസാനിക്കും. നേതാക്കള്‍ ഹസ്തദാനം നടത്തും. വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. പെണ്‍കുട്ടി തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനെ കാത്തിരിക്കും. കുട്ടികള്‍ അവരുടെ വീരനായ പിതാവിനെ കാത്തിരിക്കും. നമ്മുടെ ജന്മദേശം ആരാണ് വിറ്റതെന്ന് എനിക്കറിയില്ല. പക്ഷേ ആരാണ് വില കൊടുത്തതെന്ന് ഞാന്‍ കണ്ടു.''
ഇപ്പോള്‍ അവര്‍ കൊലയാളിക്കും കൊല്ലപ്പെട്ടവര്‍ക്കും ഇടയില്‍, കശാപ്പുകാരനും ബലിയാടിനും ഇടയില്‍ സമാധാനം സ്ഥാപിക്കുകയും അതിനെ പുരോഗതി എന്ന് വിളിക്കുകയും ചെയ്യുന്നു. എവിടെയോ, ഒരു വൃദ്ധ, നവവധു അല്ലെങ്കില്‍ അനാഥയായ മകള്‍ ഇപ്പോഴും അവരുടെ പ്രിയപ്പെട്ടവര്‍ വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ്.
ഇസ്രായേലിന് മാത്രമല്ല, ഈ വംശഹത്യ സാധ്യമാക്കിയ എല്ലാ രാഷ്ട്രങ്ങള്‍ക്കും സര്‍ക്കാരിനും നേതാക്കള്‍ക്കും ഇതില്‍ പൂര്‍ണ ഉത്തരവാദിത്തം ഉണ്ട്. ഇസ്രായേലിനെതിരെ ഉടനടി സമഗ്രമായ ആയുധ ഉപരോധം, അധിനിവേശ പ്രദേശത്ത് നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നതുവരെ സാമ്പത്തിക ഉപരോധം, 10,000-ത്തിലധികം ഫലസ്തീന്‍ ബന്ദികളെ മോചിപ്പിക്കല്‍, ഫലസ്തീനികള്‍ സ്വയം നിര്‍ണയിക്കുകയും അവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന പുനര്‍നിര്‍മാണത്തിനുള്ള നഷ്ടപരിഹാരം എന്നിവ സാധ്യമാക്കേണ്ടതുണ്ട്.
 ഏത് രാഷ്ട്രം എതിര്‍ത്താലും ഹേഗില്‍ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യണം. നീതി എന്നത് ഒരു നയതന്ത്ര ഓപ്ഷനല്ല; നമ്മുടെ പൊതുവായ മാനവികതയുടെ ഏറ്റവും കുറഞ്ഞ പരിഹാരമാണ്. ട്രമ്പിന്റെ സമാധാന പദ്ധതി ഗസ്സയിലെ ഓരോ കുട്ടിയോട് കൂടെയും കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തോടൊപ്പവും എല്ലാ ദിവസവും ലോകം വംശഹത്യയെ 'സ്വയം പ്രതിരോധം' എന്ന് വിളിച്ചപ്പോഴുമൊക്കെ തകര്‍ന്നു പോയതാണ്.
അധിനിവേശത്തിന്റെയും വര്‍ണവിവേചനത്തിന്റെയും മുഴുവന്‍ വ്യവസ്ഥയും പൊളിച്ചുമാറ്റി വിമോചനം സ്ഥാപിക്കുന്നതുവരെ നമുക്ക് വിശ്രമിക്കാന്‍ കഴിയില്ല.
അധിനിവേശത്തിനെതിരെ ഒരു അധിനിവേശക്കാരന് സ്വയം പ്രതിരോധം അവകാശപ്പെടാന്‍ കഴിയില്ല എന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 2004ലെ വിധി അവഗണിച്ചുകൊണ്ട് ആയിരുന്നു ഇസ്രായേലിന്റെ പ്രതിരോധ നാടകം. സമ്പൂര്‍ണ വിമോചനം മാത്രമാണ് നീതിയുക്തമായ ഭാവി - എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഒരു ജനാധിപത്യ രാഷ്ട്രം, ഉപരോധമില്ലാതെ, അധിനിവേശമില്ലാതെ, സമാധാനപാലനത്തിന്റെ വേഷം ധരിച്ച വിദേശ നിയന്ത്രണമില്ലാതെ ഗസ്സയ്ക്ക് സ്വന്തം വിധി നിര്‍ണയിക്കാനുള്ള അവകാശം ഗസക്ക് ലഭിക്കണം.
എല്ലാത്തിനും മുന്നേ ഗസ്സയിലെ ജനങ്ങള്‍ വിലപിക്കാനും, മരിച്ചവരെ എണ്ണാനും, അവരെ ശരിയായി സംസ്‌കരിക്കാനുമുള്ള അവകാശം നേടിയിട്ടുണ്ട്. കൂടാതെ സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെ സ്വാതന്ത്ര്യം എങ്ങനെയായിരിക്കുമെന്ന് നിര്‍വചിക്കാനുള്ള അവകാശം പലസ്തീനികള്‍ നേടിയിട്ടുണ്ട്. ലോകത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് അവരോട് മറിച്ചൊന്നും പറയാന്‍ അവകാശമില്ല.
വിദേശ രാജ്യങ്ങളിലുള്ള നമ്മെ സംബന്ധിച്ചിടത്തോളം, ലോകം മുന്‍ നിലയിലേക്ക് മടങ്ങുന്നില്ലെന്ന് നാം ഉറപ്പാക്കണം. അധിനിവേശം തുടരുന്നതിനിടയില്‍ വ്യോമാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതു കണ്ട് നാം ഉറക്കത്തിലേക്ക് വീഴരുത്.
ഈ തലമുറ കണ്ട ഏറ്റവും വലിയ കുറ്റകൃത്യം ചെയ്തിട്ടില്ലാത്തതുപോലെയാണ് ഇസ്രായേല്‍ പെരുമാറുന്നത്. അങ്ങനെ ഇനിയും അവര്‍ക്ക് തുടരാനാവില്ല. അതിന് നാം സമ്മതിക്കരുത്. രക്തസാക്ഷികളും അംഗവൈകല്യമുള്ളവരുമായ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ആവശ്യപ്പെടുന്നത് നിഷേധിക്കാനാവാത്ത നീതിയാണ്.
അധിനിവേശത്തിന്റെയും വര്‍ണവിവേചനത്തിന്റെയും മുഴുവന്‍ വ്യവസ്ഥയും പൊളിച്ചുമാറ്റി വിമോചനം സ്ഥാപിക്കുന്നതുവരെ നമുക്ക് വിശ്രമിക്കാന്‍ കഴിയില്ല. ഇത് ഒരു തുടക്കം മാത്രമാണ്. നദി മുതല്‍ കടല്‍ വരെ ഫലസ്തീനെ സ്വതന്ത്രമാക്കുകതന്നെവേണം.
വിവ: അഫീഫ ഷെറിന്‍
