എന്‍ജി. പി മമ്മദ്‌കോയ: കര്‍മോത്സുകമായിരുന്നു ആ ജീവിതം


സംഘടനാ പ്രവര്‍ത്തനത്തെ ഔദ്യോഗിക ഉത്തരവാദിത്തമായി കാണാതെ, സാമൂഹിക ദൗത്യമായി ഏറ്റെടുത്ത വ്യക്തിത്വം.

എന്‍ജിനീയര്‍ പി. മമ്മദ്കോയ സാഹിബും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായി. മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയും നടുക്കത്തോടെയുമാണ് ശ്രവിച്ചത്.

അസര്‍ബൈജാനില്‍ വെച്ചുണ്ടായ ഈ വേര്‍പാട് എം.എസ്.എസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. സംഘടനാ പ്രവര്‍ത്തനത്തെ കേവലം ഔദ്യോഗിക ഉത്തരവാദിത്തമായി കാണാതെ, സാമൂഹിക ദൗത്യമായി ഏറ്റെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

മികച്ച സംഘാടനവും ആസൂത്രണത്തിലെ ദീര്‍ഘവീക്ഷണവും സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്താനുള്ള കഴിവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ കോഴിക്കോട്ട് നടന്ന എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണ്.

വിപുലമായ ആ സംഘടനാ സംഗമം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമവും കൃത്യമായ ആസൂത്രണവും പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. സമ്മേളനത്തോടനുബന്ധിച്ച് സംഘടനാ ചരിത്രത്തിലാദ്യമായി പുറത്തിറക്കിയ സ്മരണികയ്ക്ക് പിന്നിലും അദ്ദേഹത്തിന്റെ സര്‍ഗാത്മകമായ ഇടപെടലും സംഘാടന വൈഭവവും ഉണ്ടായിരുന്നു.

സമ്മേളനത്തിന്റെ ഓര്‍മകള്‍ക്കപ്പുറം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന ചരിത്രരേഖയായി സ്മരണിക മാറിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. വായന അദ്ദേഹത്തിന് കേവലം വിനോദമായിരുന്നില്ല; അറിവ് വികസിപ്പിക്കാനും ചിന്തയെ വിശാലമാക്കാനും ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാനുമുള്ള വഴിയായിരുന്നു.

വൈവിധ്യമാര്‍ന്ന വിഷയങ്ങളിലെ പരന്ന വായനയും പുതിയ അറിവുകള്‍ തേടാനുള്ള താല്‍പര്യവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ആഴവും പരപ്പും നല്‍കി. അദ്ദേഹം രചിച്ച 'ഹജ്ജ് യാത്ര: ഓര്‍മകള്‍, അനുഭവങ്ങള്‍' എന്ന കൃതി തീര്‍ഥാടനാനുഭവങ്ങളും ഹറമിലെ കാഴ്ചകളും ഹൃദയസ്പര്‍ശിയായി വിവരിച്ച മികച്ച രചനയാണ്.

ഞാന്‍ രചിച്ച 'ഹജ്ജും ഉംറയും' എന്ന പുസ്തകം വായിച്ച് അദ്ദേഹം 'ശബാബ്' വാരികയില്‍ ആസ്വാദനക്കുറിപ്പ് എഴുതുകയുമുണ്ടായി. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഓരോ സഞ്ചാരത്തെയും പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും അന്വേഷണമാക്കി മാറ്റി.

ഊര്‍ജസ്വലതയും ബന്ധങ്ങളിലെ ഊഷ്മളതയും ആശയങ്ങളോടുള്ള തുറന്ന സമീപനവും അദ്ദേഹത്തെ പ്രിയങ്കരനാക്കി.

സ്ഥലങ്ങള്‍ കാണുന്നതിനപ്പുറം മനുഷ്യരെയും സംസ്‌കാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാനുള്ള അവസരമായി അദ്ദേഹം യാത്രകളെ കണ്ടു. ആ അനുഭവങ്ങളെ നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും പിന്‍ബലത്തില്‍ എഴുതിഫലിപ്പിക്കാനും, പുതിയ കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഉസ്ബെക്കിസ്താനിലേക്കുള്ള യാത്രാനുഭവങ്ങള്‍ 'ഉസ്ബെക്കിസ്ഥാനിലെ മുന്തിരിവള്ളികള്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മികച്ച സംഘാടകന്‍, എഴുത്തുകാരന്‍, വായനക്കാരന്‍, സഞ്ചാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

സംഘടനാ പ്രവര്‍ത്തനത്തിലെ ഊര്‍ജസ്വലതയും വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും ആശയങ്ങളോടുള്ള തുറന്ന സമീപനവും അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. അദ്ദേഹത്തിന്റെ അഭാവം സംഘടനാരംഗത്തു മാത്രമല്ല, സൗഹൃദത്തിന്റെയും അറിവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മേഖലകളിലും അനുഭവപ്പെടും.

അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സല്‍കര്‍മങ്ങള്‍ സ്വീകരിക്കുകയും സ്വര്‍ഗീയാരാമത്തില്‍ ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈ വേര്‍പാടിന്റെ വേദന താങ്ങാനുള്ള ക്ഷമയും സമാധാനവും കരുത്തും നല്‍കുമാറാകട്ടെ.