ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്: അറഫയില്‍ കൂടുതല്‍ തവണ പ്രസംഗിച്ച പണ്ഡിതന്‍


പതിനെട്ടാം വയസ്സില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട ആലു ശൈഖിന്, വിജ്ഞാന പാതയില്‍ സഞ്ചരിക്കുന്നതിനോ മുസ്‌ലിം ലോകത്തിന് നേതൃത്വം നല്‍കുന്നതിനോ പരിമിതി തടസ്സമായില്ല.

സുഊദിയിലെ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ അധ്യക്ഷനും റാബിത്വത്തില്‍ ആലമില്‍ ഇസ്‌ലാമി പ്രസിഡന്റുമായ ശൈഖ് അബ്ദുല്‍അസീസ് ആലു ശൈഖിന്റെ വേര്‍പാട് ഇസ്‌ലാമിക ലോകത്തിനും മുസ്‌ലിം സമൂഹത്തിനും വലിയ വേദനയാണ് സൃഷ്ടിച്ചത്. നിലപാടുകളില്‍ പ്രമാണബദ്ധമായ കണിശത പുലര്‍ത്തുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത മഹാ പണ്ഡിതനാണ് 2025 സപ്തംബര്‍ 23ന് വിടപറഞ്ഞ ആലു ശൈഖ്. 82 വയസ്സായിരുന്നു.

1982 മുതല്‍ 34 തവണകളിലായി അറഫയില്‍ മുസ്‌ലിം സമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിക്കാന്‍ അവസരം ലഭിച്ചുവെന്നതാണ് അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കിയത്. സ്ഫുടമായ അറബി ഭാഷയില്‍ അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ചും പ്രവാചക ചര്യയുടെ മഹത്വത്തെ സംബന്ധിച്ചും ലോകത്തിന്റെയും കാലത്തിന്റെയും പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് ശൈഖിന്റെ പ്രൗഢോജ്വലമയ സംസാരം വലിയ പ്രചോദനവും ഭക്തിപ്രദാനവുമായിരുന്നു.

ജനനവും വിദ്യാഭ്യാസവും

1943ല്‍ മക്കയില്‍ സലഫി പണ്ഡിത ശ്രേഷ്ഠനായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബിന്റെ വംശപരമ്പരയിലാണ് ശൈഖ് അബ്ദുല്‍അസീസിന്റെ ജനനം. അതുകൊണ്ടാണ് ആലു ശൈഖ് എന്ന പേരില്‍ അറിയപ്പെട്ടത്. ശൈഖിന്റെ എട്ടാം വയസ്സില്‍ പിതാവ് അബ്ദുല്ല ബിന്‍ മുഹമ്മദ് മരണമടഞ്ഞു.

പിന്നീട് മാതാവിന്റെ പരിചരണത്തിലാണ് വളര്‍ന്നത്. ഖുര്‍ആന്‍ പഠിപ്പിച്ചതും വിജ്ഞാനം പകര്‍ന്നതുമെല്ലാം മാതാവ് തന്നെയായിരുന്നു. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സിനാനിന്റെ ശിഷ്യത്വം സ്വീകരിച്ചു. 12-ാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റിയാദിലെ ഇമാം ദഅ്‌വ ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂണിവേഴ്‌സിറ്റിയില്‍ ശരീഅ കോളജിലും പഠിച്ചു. 1964-ല്‍ ഇവിടെ നിന്നു ബിരുദം നേടി. ഈ വര്‍ഷം തന്നെ ദഅ്‌വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ആരംഭിക്കുകയും ചെയ്തു. പിന്നീട് റിയാദ് ശരീഅ കോളജിലും അധ്യാപകനായി.

ശൈഖ് മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ആലു ശൈഖ്, ശൈഖ് അബ്ദുല്‍അസീസ് ഇബ്‌നു ബാസ്, ശൈഖ് അബ്ദുല്‍അസീസ് ശത്‌രീ തുടങ്ങിയവരാണ് അബ്ദുല്‍ അസീസ് ആലു ശൈഖിന്റെ പ്രധാന ഗുരുനാഥന്മാര്‍. ശൈഖ് ഇബ്‌നു ബാസുമായി ആലു ശൈഖിന് വേര്‍പിരിക്കാനാവാത്ത ആത്മബന്ധമാണുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ പല സമാനതകളുമുണ്ടുതാനും.

ഇസ്‌ലാമിക വിജ്ഞാനത്തിന് ആലു ശൈഖിന്റെ പ്രധാന സംഭാവന അദ്ദേഹത്തിന്റെ അറഫ പ്രസംഗങ്ങള്‍ തന്നെയാണ്. പ്രസംഗങ്ങളുടെ സമാഹാരം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇരുവരും ഒരേ ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഒരേ പദവിയില്‍ സേവമനുഷ്ഠിക്കുകയും ചെയ്തു. 1999-ല്‍ ശൈഖ് ഇബ്‌നുബാസ് നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹം വഹിച്ച സുഊദി ഗ്രാന്റ് മുഫിതി പദവി ആലുശൈഖിനെ തേടിയെത്തി. 1987ല്‍ സുഊദി ഉന്നത പണ്ഡിത സമിതിയില്‍ അംഗമായ ആലുശൈഖ് പിന്നീട് സമിതി അധ്യക്ഷനായി.

ശൈഖ് ഇബ്‌നുബാസിനെ പോലെ ചെറുപ്രായത്തില്‍ കാഴ്ചക്കുറവ് അനുഭവപ്പെട്ട ആലു ശൈഖിന് പതിനെട്ടാം വയസ്സില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നാല്‍ വിജ്ഞാന പാതയില്‍ സഞ്ചരിക്കുന്നതിനോ മുസ്‌ലിം ലോകത്തിന് നേതൃത്വം നല്‍കുന്നതിനോ ഈ പരിമിതി തടസ്സമായില്ല.

സംഭാവനകള്‍

ഇസ്‌ലാമിക വിജ്ഞാനത്തിന് ആലു ശൈഖിന്റെ പ്രധാനമായ സംഭാവന അദ്ദേഹത്തിന്റെ അറഫ പ്രസംഗങ്ങള്‍ തന്നെയാണ്. ഈ പ്രസംഗങ്ങളുടെ സമാഹാരം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, വിശ്വാസം, കര്‍മശാസ്ത്ര മേഖലകളിലുള്ള വിവിധ മതവിധികളുടെ സമാഹാരം, അല്ലാഹുവിന്റെ ഗ്രന്ഥവും അതിന്റെ മഹത്വവും, രിസാലത്തിന്റെ യാഥാര്‍ഥ്യം തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

ആലുശൈഖിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും പരിശോധിച്ചാല്‍ തൗഹീദിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും ഖുര്‍ആനിന്റെ അമാനുഷികത സ്ഥാപിക്കുന്നതിനും ശിര്‍ക്ക്, ബിദ്അത്തുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനും ഊന്നിയതായി കാണാം. മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാനിടയുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ അപകടങ്ങളെക്കുറിച്ചും ലോകസമാധാനത്തിന്റെ ആവശ്യകതകളെക്കുറിച്ചും അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.

ആലുശൈഖിന് നാല് മക്കളാണുള്ളത്. ദൈവഭക്തിയില്‍ പൊതിഞ്ഞ വിനയവും കാരുണ്യവും സഹാനുഭൂതിയും ആലു ശൈഖിന്റെ മുഖമുദ്രയായിരുന്നു. ലോകോത്തര പണ്ഡിന്മാരായിരുന്ന ശൈഖ് ഇബ്‌നു ബാസിന്റെയും (മരണം 1999) മുഹമ്മദ് സ്വാലിഹ് ഉസൈമീന്റെയും (മരണം 2001) വിയോഗത്തിനു ശേഷം സുഊദി അറേബ്യയില്‍ നിന്നു മറ്റൊരു പണ്ഡിത ശ്രേഷ്ഠന്റെ വിട കൂടിയാണ് ആലു ശൈഖിന്റെ വേര്‍പാട് സൃഷ്ടിച്ചത്. അല്ലാഹു പകരക്കാരെ നല്‍കി മുസ്‌ലിം ലോകത്തെ അനുഗ്രഹിക്കട്ടെ.