അന്ധകാരത്തിന്റെ കരിമ്പടത്തിനുള്ളില്‍ മുഖം പൂഴ്ത്തിയുറങ്ങിയിരുന്ന തിരൂരങ്ങാടിക്കടുത്ത വെള്ളിലക്കാട് ഗ്രാമത്തില്‍ അക്ഷരത്തിന്റെ അഗ്‌നിയുമായി റാബിയ വിപ്ലവം തീര്‍ത്തത് സാക്ഷരതാ യജ്ഞം പിറവിയെടുക്കുന്നതിനും മുന്‍പായിരുന്നു.
കര്‍മനിരതമായ ജീവിതത്തിന്റെ പ്രതീകമായി ലോകത്തിന് മഹാപാഠം പകര്‍ന്ന പത്മശ്രീ കെ വി റാബിയ (59) 04.05.2025ന് നിര്യാതയായി. അക്ഷര വെളിച്ചവും സ്ത്രീ ശാക്തീകരണ സന്ദേശവും കരുത്താക്കി നാട്ടില്‍ നിരവധി ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച റാബിയ, 90കളിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് പിച്ചവെച്ചത്.