പ്രവാചകന്‍ പഠിപ്പിച്ച ഏതു നന്മയാണ് ലോകം തിന്മയായി വിലയിരുത്തുന്നത്?


വിശുദ്ധ ഖുര്‍ആന്‍ അവതരണവും ആശയങ്ങളുടെ അജയ്യതയും മാനവകുലത്തിന് തെറ്റില്ലാത്തതും ചൊവ്വായതുമായ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറ്റം ചെയ്യുകയായിരുന്നു.

മുഹമ്മദ് നബിയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ടുള്ള നയപ്രഖ്യാപനമായി ഖുര്‍ആന്‍ പ്രസ്താവിക്കുന്ന ഒരു വചനം, ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും മുമ്പില്‍ പ്രോജ്വലിച്ചു നില്‍ക്കുന്നുണ്ട്. ലോകാന്ത്യം വരെയുള്ള അവസാന മനുഷ്യനു പോലും പ്രായോഗികവും ചൂഷണരഹിതവുമായി പിന്‍പറ്റാവുന്ന പ്രകൃതിമതമായി ഇസ്‌ലാമിനെ (സമര്‍പ്പണത്തിന്റെ ദൈവിക പാത) അംഗീകരിച്ചിരിക്കുന്നു.

മാത്രമല്ല, നൂറ്റാണ്ടുകളുടെ ഇളകിയാട്ടങ്ങളിലും ആശയതലത്തിലും മൗലികതയിലും കാലാതിവര്‍ത്തിയായി ആദര്‍ശം നിലനില്‍ക്കുന്നതാണെന്ന സാക്ഷ്യം കൂടിയാണത്. ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതരുകയും ചെയ്തിരിക്കുന്നു'' (5:3).

വിശുദ്ധ ഖുര്‍ആനിന്റെ അവതരണവും ആശയങ്ങളുടെ അജയ്യതയും മാനവകുലത്തിന് തെറ്റില്ലാത്തതും ചൊവ്വായതുമായ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറ്റം ചെയ്യുകയാണുണ്ടായത്. മനുഷ്യന്റെ ജീവിതത്തിലെ സൂക്ഷ്മവും സങ്കീര്‍ണവും ബൃഹത്തായതുമായ എല്ലാ മേഖലകളിലേക്കും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ ദൈവിക മതസംസ്‌കൃതിയും വിശ്വാസ-കര്‍മ സംസ്‌കാരങ്ങളും ചോദ്യം ചെയ്യാതെ സ്വീകരിക്കാവുന്ന വിധം അന്യൂനമാക്കിത്തന്നിരിക്കുന്നു എന്നര്‍ഥം.

ഖുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (17:9).

മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതിന്- മാനവകുലത്തിനു മാര്‍ഗദര്‍ശനം പകരുന്നതിന്- ഖുര്‍ആനിന്റെ സംരക്ഷണം സ്രഷ്ടാവ് ഏറ്റെടുക്കുക കൂടി ചെയ്തിരിക്കുന്നു (15:9). ഈ മാര്‍ഗദര്‍ശനത്തെ എല്ലാ അര്‍ഥത്തിലും ലോകം തേടുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.

പ്രത്യയശാസ്ത്രങ്ങളുടെ ആശയവൈരുദ്ധ്യങ്ങളിലും അപ്രായോഗികതയിലും ഉഴറി ജീവിക്കുന്ന മാനവന് ആശ്വാസത്തിന്റെയും സുസ്ഥിരതയുടെയും സന്ദേശം ലഭ്യമാവുന്നത് പ്രവാചക അധ്യാപനങ്ങള്‍ വഴിയാണ് എന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ച വസ്തുതയാണ്. തകര്‍ക്കാനാകാത്ത ഇസ്‌ലാമിന്റെ സന്മാര്‍ഗ ചൈതന്യത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുമ്പോഴെല്ലാം ഉജ്ജ്വല ശോഭയോടെ പ്രകാശിക്കുകയാണ് ഇസ്‌ലാം.

ചരിത്രത്തിന്റെ പൂര്‍ണപ്രകാശത്തില്‍ ജനിച്ചു വളര്‍ന്ന് ദൗത്യം നിര്‍വഹിച്ച മുഹമ്മദ് നബിയെ എത്ര ശക്തമായി നിരൂപണം ചെയ്യുമ്പോഴും മാനവകുലത്തിനു മാതൃക പകരുന്ന അന്തിമ ദൂതനായിട്ടേ ലോകത്തിന് സത്യസന്ധമായി വിലയിരുത്താനാവൂ.

മുഹമ്മദ് നബി(സ)യുടെ സന്ദേശം എന്നതിന്റെ ഊന്നല്‍ ഖുര്‍ആനിക ആശയങ്ങളുടെ അജയ്യത കൂടിയാണ്. ഖുര്‍ആനിന്റെ വിശദീകരണമാണല്ലോ പ്രവാചക ജീവിതം. ഒരു പ്രവാചകന്‍, അന്തിമ പ്രവാചകനായി എന്നതിന്റെ താല്പര്യം, ലോകാന്ത്യം വരെ ആ പ്രവാചക അധ്യാപനങ്ങളെ കാലഹരണപ്പെടാതെ നിലനിര്‍ത്തുമെന്നു കൂടിയാണ്.

സ്വാഭാവികമായും 15 നൂറ്റാണ്ടിനടുത്ത് മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം ലോകം മുന്നോട്ടുപോയിട്ടുണ്ട്. നാഗരികതകളും സംസ്‌കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉദയം ചെയ്തും വളര്‍ന്നും തളര്‍ന്നും കാലചക്രം മുന്നോട്ടുപോയി. മനുഷ്യ ജീവിതത്തിന്റെ ഒട്ടുമിക്ക രംഗങ്ങളിലും സമൂലമായ പരിവര്‍ത്തനത്തിനും ജീവിത സാഹചര്യങ്ങള്‍ക്കും കാരണമായി.

ഇത്രയേറെ ഇളകിമറിഞ്ഞ കാലഘട്ടങ്ങളും ജീവിതശൈലികളും വികസനങ്ങളും ഉണ്ടായിട്ടും മുഹമ്മദ് നബി(സ) മനുഷ്യകുലത്തിന്റെ മാതൃകാ വ്യക്തിത്വമായും ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനങ്ങള്‍ നിത്യപ്രസക്തമായും നിലനില്‍ക്കുന്നുവെന്ന് കാണാം. അതോടൊപ്പം തന്നെ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന നന്മകള്‍ക്കും തിന്മകള്‍ക്കും പകരം കൂടുതല്‍ പ്രായോഗികവും വസ്തുനിഷ്ഠവുമായ ഒന്ന് പുനഃസ്ഥാപിക്കണമെന്ന് സത്യസന്ധമായി ലോകത്തിന് തോന്നിയിട്ടുമില്ല.

ജീവിത സാഹചര്യങ്ങളും വികസന മാനദണ്ഡങ്ങള്‍ നവീകരിക്കപ്പെടുമ്പോഴും ഒരു ദൈവിക മാര്‍ഗദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാം മതനവീകരണത്തിന് മാര്‍ഗദര്‍ശനം പകര്‍ന്നു.

ചരിത്രകാരനായ ഗോയ്‌ഥേയുടെ വാക്കുകള്‍ പ്രസക്തമാണ്: ''നാം എത്രത്തോളം അതിനു നേരെ തിരിയുന്നുവോ അത്രത്തോളം അത് നമ്മെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്. അവസാനം നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നു. അപ്രകാരം ഈ ഗ്രന്ഥം എല്ലാ കാലങ്ങളിലും ഏറ്റവും ശക്തമായ ഒരു സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കും'' (Eckermann, Johann Peter, Conversation of Goethe, 1827).

ജോര്‍ജ് ബര്‍ണാഡ് ഷായും സമാനമായ പ്രസ്താവന നടത്തിയത്, വസ്തുതകളെ നിഷ്പക്ഷമായി വിലയിരുത്തിയ ശേഷമാണ്: ''അതിന്റെ (ഖുര്‍ആന്‍) അത്ഭുതകരമായ ചൈതന്യം കാരണം മുഹമ്മദിന്റെ മതത്തോട് എനിക്ക് എന്നും വലിയ മതിപ്പായിരുന്നു. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പഠിച്ചിരുന്നു. ഒരത്ഭുത മനുഷ്യന്‍! എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ അന്ത്യക്രിസ്തുവായി കാണരുതെന്നു മാത്രമല്ല, മറിച്ച് മനുഷ്യവംശത്തിന്റെ മോചകനായി പരിഗണിക്കുകയും വേണം.

അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സര്‍വാധികാരം ഏറ്റെടുത്താല്‍ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും വിജയപൂര്‍വം പരിഹരിക്കപ്പെട്ടേനെ. മുഹമ്മദിന്റെ മതം ഇന്നത്തെ യൂറോപ്പിന് സ്വീകാര്യമായിത്തുടങ്ങിയതുപോലെ, നാളത്തെ യൂറോപ്പിന് സ്വീകാര്യമാവുമെന്ന് ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു'' (George Bernard Shaw, The Genuine Islam, Muhammed Marmaduke Pickthal, 1927).

മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തെയാണ് (6,7 നൂറ്റാണ്ട്) പ്രഥമ അഭിസംബോധിതര്‍ എന്ന നിലയില്‍ അദ്ദേഹവും വിശുദ്ധ ഖുര്‍ആനും ആശയവിനിമയം നടത്തിയത്. എന്നാല്‍, ആ കാലഘട്ടത്തിലെ അവിശ്വാസികളായ മനുഷ്യരുടെ അധര്‍മങ്ങളും തിന്‍മകളും നൂറ്റാണ്ടുകള്‍ക്കപ്പുറത്തും രൂപ-ഭാവവ്യത്യാസങ്ങളോടെ തുടരുന്നുവെന്നു മാത്രം.

വര്‍ണവെറി, വര്‍ഗീയത, സ്വജനപക്ഷപാതിത്വം, ലൈംഗിക കുറ്റകൃത്യങ്ങള്‍, സ്ത്രീകളോടുള്ള നീചമായ പെരുമാറ്റങ്ങള്‍, മദ്യം, ആസക്തി, കുടുംബ ശൈഥില്യങ്ങള്‍, യുദ്ധം, സ്വഭാവഹത്യകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സാമൂഹിക തിന്മകള്‍ തുടങ്ങി മിക്ക രംഗങ്ങളും ആധുനിക കാലഘട്ടത്തിലും അനുസ്യൂതം തുടരുന്നു.

നന്‍മകള്‍ എപ്പോഴും സ്ഥായിത്വമുള്ളതായിരിക്കണം. കാലാന്തരേണ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റപ്പെട്ടുകൊണ്ടിരിക്കാന്‍ പാടില്ല. നിര്‍വഹണതലത്തില്‍ വൈവിധ്യങ്ങള്‍ കാണപ്പെടുമെങ്കിലും മൗലികമായി ഖുര്‍ആന്‍ പഠിപ്പിക്കുന്ന നന്‍മയും ധര്‍മങ്ങളും നിത്യപ്രസക്തമാണ്.

ഏകദൈവവിശ്വാസമാണ് അടിസ്ഥാന ദൈവവിശ്വാസം. അതിന്റെ വിപരീതമായി വരുന്ന തെറ്റായ ദൈവവിശ്വാസങ്ങള്‍, വ്യക്തിപൂജ, ബിംബാരാധന, ശുപാര്‍ശകള്‍, പ്രകൃതിപ്രതിഭാസങ്ങളിലുള്ള ആരാധനാഭാവം തുടങ്ങിയവയും ദൈവവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അധര്‍മങ്ങളും ആധുനിക കാലഘട്ടത്തിലും വകഭേദങ്ങളോടെയും ആവിഷ്‌കാര വ്യത്യാസങ്ങളോടെയും ഇന്നും തുടരുന്നുണ്ട്.

അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഏകദൈവവിശ്വാസം നിത്യപ്രസക്തമാണ്, ശാശ്വതത്വമുള്ളതാണ്. മുഹമ്മദ് നബി(സ) പഠിപ്പിച്ച ഏതു നന്മയാണ് ലോകം തിന്മയായി വിലയിരുത്തുന്നത്? ഏതു തിന്മകളാണ് നന്മയായി പുനഃസ്ഥാപിക്കണമെന്നു പറയുന്നത്? ഈ അടിസ്ഥാന ചോദ്യത്തിന് ഏതു കാലഘട്ടത്തിലെ മനുഷ്യ സമൂഹത്തിനും ഒരു ഉത്തരമേ സത്യസന്ധമായി നല്‍കാനാവൂ.

സ്രഷ്ടാവില്‍ നിന്നുള്ള സന്മാര്‍ഗ ദര്‍ശനത്തിനു മാത്രമേ ഏതു കാലത്തുള്ള സൃഷ്ടികള്‍ക്കും സുവ്യക്തമായ വഴി കാണിക്കാന്‍ കഴിയൂ.

അത് ഇസ്‌ലാം പഠിപ്പിച്ച നന്മകള്‍ തിന്മകളായോ തിന്മകള്‍ നന്‍മകളായോ പരിഗണിക്കേണ്ടതില്ല എന്നു മാത്രമല്ല, ഇസ്‌ലാം പഠിപ്പിച്ച മാര്‍ഗദര്‍ശനത്തിനു പകരം വെക്കാനോ ഇതുവരെ ഒരാദര്‍ശവും ആത്യന്തികമായി പര്യാപ്തമായിട്ടില്ല. കേവല വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.

ബന്ധങ്ങളുടെ ഊഷ്മളത, പെരുമാറ്റ മര്യാദകള്‍, ആരോഗ്യം, പരിസ്ഥിതി, സുസ്ഥിതി, വികസനം, കുടുംബം, വിദ്യാഭ്യാസം, അടിമവിമോചനം, സ്ത്രീസുരക്ഷ, സദാചാര ജീവിതം, മാതാപിതാക്കള്‍, അയല്‍പക്കം, സൗഹൃദം, സാമൂഹിക ബാധ്യതകള്‍, സമസൃഷ്ടിസ്‌നേഹം, മതമൈത്രി, ലിംഗനീതി, ഭവനസംസ്‌കാരം, ശൈശവം, വാര്‍ധക്യം, യൗവനം തുടങ്ങി ലോക ജനതയിലെ മനുഷ്യന്‍ ഇടപെടുന്ന എല്ലാ കൈവഴികളിലും സുവ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയ പ്രവാചക അധ്യാപനങ്ങള്‍ ലോകം ഗൗരവത്തോടെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെയാണ് പ്രവാചകത്വ പരിസമാപ്തി തെറ്റു പറ്റാത്ത ദൈവിക മാര്‍ഗദര്‍ശനത്തിന്റെ (ഹിദായത്ത്) ആധാരശില കൂടിയാണെന്നു പറയുന്നത്. സ്രഷ്ടാവില്‍ നിന്നുള്ള സന്മാര്‍ഗ ദര്‍ശനത്തിനു മാത്രമേ ഏതു കാലത്തുള്ള സൃഷ്ടികള്‍ക്കും സുവ്യക്തമായ വഴി കാണിക്കാന്‍ കഴിയൂ എന്നുകൂടി ബോധ്യപ്പെടുത്തുന്നു.

കാരണം, ശാസ്ത്രവും പ്രത്യയശാസ്ത്രങ്ങളും സൃഷ്ടികളിലൂടെ പ്രകടമാവുന്നതാണ്, പ്രപഞ്ചാതീതമല്ല.

''ശാസ്ത്രത്തിന് പ്രകൃതിയുടെ ആത്യന്തിക നിഗൂഢതകളെ പരിഹരിക്കാനാവില്ല. കാരണം മനുഷ്യരായ നമ്മളും പരിഹാരം തേടുന്ന പ്രാപഞ്ചിക നിഗൂഢതയുടെ ഭാഗമാണ്.

ഏറ്റവും തുളച്ചുകയറുന്ന കണ്ണിനും അതിനെ സ്വയം കാണാനാവില്ല. ഒരു പണിയായുധത്തിനും അതിന്‍മേല്‍ തന്നെ പണിയെടുക്കാന്‍ കഴിയില്ല''

(Dr. Radha Krishnan, Where is Science Going? Religious and Culture).


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ