വിവാഹം സാമൂഹിക ജീവിതത്തിലേക്കുള്ള വാതില്‍


സ്ത്രീയുടെ ന്യായമായ എല്ലാ ചിലവും വഹിക്കേണ്ടത് വിവാഹം കഴിച്ച പുരുഷന്റെ ബാധ്യതയാണ്. വിവാഹം സാമൂഹിക ജീവിതത്തിന്റെ ആരംഭം കൂടിയാണ്.

സ്‌ലാമില്‍ വിവാഹം കൊണ്ടുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് ഒരു സ്ത്രീയുടെ സംരക്ഷണമാണ്. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ വിവാഹത്തോടെ ഒരു പുരുഷന്റെ സംരക്ഷണത്തിലായിത്തീരുന്നു. പിന്നീട് അവളുടെ ന്യായമായ എല്ലാ ചിലവും വഹിക്കേണ്ടത് വിവാഹം കഴിച്ച പുരുഷന്റെ ബാധ്യതയാണ്.

അല്ലാഹു പറയുന്നു: 'കഴിവുള്ളവന്‍ അവന്റെ കഴിവിനനുസരിച്ച് ചെലവിന് കൊടുക്കട്ടെ. വല്ലവനും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന് കൊടുത്തതില്‍ നിന്നും അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് നല്‍കിയതല്ലാതെ കൊടുക്കാന്‍ നിര്‍ബന്ധിക്കുകയില്ല' (ത്വലാഖ് 7).

കുടുംബത്തിന്റെ മൊത്തം ചിലവ് വഹിക്കേണ്ടത് ഭര്‍ത്താവാണ്. അല്ലാഹു പറയുന്നു: 'മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു' (അല്‍ബഖറ 233). വിവാഹം കഴിക്കാനും സാമ്പത്തികശേഷി ആവശ്യമാണ്.

സാമ്പത്തിക ശേഷിയുള്ള ഒരു വ്യക്തി വിവാഹം കഴിക്കാതെ, വല്ല ഹറാമുകളിലും ആപതിക്കും എന്ന് ഭയപ്പെടുന്നപക്ഷം അത്തരക്കാര്‍ വിവാഹം കഴിക്കല്‍ നിര്‍ബന്ധമാകുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ വലിയ സമ്പന്നനൊന്നും ആകേണ്ടതില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

''നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്'' (നൂര്‍ 32).

വിവാഹം കൊണ്ട് ഒരുപാട് നന്മകള്‍ നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. 'യുവസമൂഹമേ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ലൈംഗികബന്ധത്തിന് സാധിക്കുന്നപക്ഷം അവന്‍ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് കണ്ണിനെ (അനാവശ്യത്തിലേക്ക് നോക്കാതെ) കീഴ്‌പ്പോട്ടു താഴ്ത്തുന്നതും ഗുഹ്യാവയവത്തെ (തെറ്റുകളില്‍ നിന്നും) സംരക്ഷിക്കുന്നതുമാണ്.

(സാമ്പത്തികമായി) കഴിയാത്തപക്ഷം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതാണ്. അതാണ് അതിനുള്ള പ്രതിവിധി' (അല്‍ ജമാഅത്ത്). അഥവാ നോമ്പനുഷ്ഠിച്ചാല്‍ അധമ ചിന്തകള്‍ കുറയുമെന്നാണ് നബി(സ) ഇവിടെ പഠിപ്പിക്കുന്നത്.

വിവാഹം എന്നത് സാമൂഹിക ജീവിതത്തിന്റെ ആരംഭം കൂടിയാണ്. വിവാഹത്തിന് മുമ്പ് ആരോടും സംസാരിക്കാത്ത ചിലര്‍ വിവാഹശേഷം എല്ലാവരോടും നല്ല നിലയില്‍ സംസാരിക്കുന്നതായി നാം കാണാറുണ്ട്. വിവാഹം കൊണ്ടുണ്ടാകുന്ന മറ്റൊരു ഗുണം മനുഷ്യര്‍ തോന്നിവാസങ്ങളിലേക്ക് പോകാതെ ചാരിത്ര്യവിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നതാണ്.

അതാണ് അത് കണ്ണിനെ കീഴ്‌പ്പോട്ടു താഴ്ത്തുന്നതും ഗുഹ്യാവയവത്തെ സംരക്ഷിക്കുന്നതുമാണെന്ന് നബി(സ) പറഞ്ഞത്. 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് നീചവൃത്തിയും ദുഷിച്ച വഴിയുമാകുന്നു' (ഇസ്റാഅ് 32). വിവാഹം കൊണ്ടുള്ള മറ്റൊരു ഗുണം ഒരു വ്യക്തി ഇന്നവന്റെ മകനാണെന്ന് സംശയലേശമെന്യേ പറയാന്‍ സാധിക്കുന്നു എന്നതാണ്.

വിവാഹബന്ധമില്ലാതെ നാല്‍ക്കാലികളുടെയും പക്ഷികളുടേയും മറ്റു ജീവജാലങ്ങളുടേയും അവസ്ഥയില്‍ കണ്ടതിനെ മുഴുവന്‍ ഭോഗിക്കുന്ന അവസ്ഥയിലായിരുന്നു മനുഷ്യനെങ്കില്‍ പിതാവില്ലാത്ത (അറിയപ്പെടാത്ത) നൂറുകൂട്ടം സന്താനങ്ങള്‍ മറ്റു ധാര്‍മികബോധമുള്ള തലമുറയിലും ഉണ്ടായിത്തീരുമായിരുന്നു, ഒരു വ്യക്തിയെ വിളിക്കേണ്ടത് പിതാവിലേക്ക് ചേര്‍ത്തുകൊണ്ടാണ്.

അല്ലാഹു അരുളി: നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെയും മറ്റും) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തുവിളിക്കുക'(അഹ്‌സാബ് 5). അല്ലാഹു പറയുന്നു: 'അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്' (അഹ്‌സാബ് 5). അഥവാ മാതാവ് പ്രസവിക്കുന്നതുകൊണ്ടുമാത്രം ഇന്ന വ്യക്തിയുടെ സന്താനമാണെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ല.

വിവാഹബന്ധം കൊണ്ടുള്ള മറ്റൊരു ഗുണം ജീവിതത്തില്‍ സമാധാനവും സ്‌നേഹവും കാരുണ്യവും ഉണ്ടായിത്തീരുമെന്നതാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ സമാധാനത്തോടെ ഒത്തുചേരുന്നതിന്നായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു' (റൂം 21).

അഥവാ ദമ്പതിമാര്‍ക്കിടയില്‍ യുവത്വത്തില്‍ സ്‌നേഹവും വാര്‍ധക്യത്തില്‍ പരസ്പര കാരുണ്യവും നാം കണ്ടുവരുന്നത് അതുകൊണ്ടാണ്. വിവാഹമല്ലാത്ത മറ്റു ബന്ധങ്ങള്‍ക്കൊണ്ട് ഈ സ്‌നേഹവും കാരുണ്യവും ഒരിക്കലും നിലനിര്‍ത്താന്‍ സാധ്യമല്ല. എന്റെ ശരീരം, എന്റെ ബുദ്ധി എനിക്കിഷ്ടമുള്ളത് പ്രവര്‍ത്തിക്കാനാണ് എന്ന ലിബറല്‍ ചിന്ത തലക്ക് പിടിച്ച ചില യുവതികള്‍ വിവാഹത്തിനെതിരാണ്.

വിവാഹം കഴിച്ചാല്‍ ഒരന്യപുരുഷന്റെ ഇംഗിതപ്രകാരം ജീവിക്കേണ്ടിവരും. പ്രസവിക്കേണ്ടിവരും, പ്രസവ വേദന സഹിക്കേണ്ടിവരും, കുഞ്ഞുണ്ടായാല്‍ അതിനെ നോക്കേണ്ടിവരും, അമ്മായിയമ്മയെ അനുസരിക്കേണ്ടിവരും, എനിക്ക് എന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ സാധ്യമല്ല തുടങ്ങിയ ചിന്തകളാണ് യുവതികളെ വിവാഹ വിരുദ്ധ ചിന്തയിലേക്ക് നയിക്കുന്നത്.

അതോടൊപ്പം, നമ്മുടെ കുടുംബ പരിസരങ്ങളിലും ആത്മപരിശോധന ആവശ്യമാണ്. വിവാഹം എന്ന സംവിധാനം മുസ്‌ലിംകള്‍ മാത്രം പ്രാധാന്യം കൊടുക്കുന്ന ഒന്നല്ല. വിവാഹം എല്ലാ മതത്തിലുമുണ്ട്. മനുഷ്യസൃഷ്ടിയോടൊപ്പം തന്നെ അല്ലാഹു വിവാഹ സംവിധാനവും നിശ്ചയിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരേയും സ്ത്രീകളേയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍' (നിസാഅ് 1).

വിവാഹബന്ധം കൊണ്ടുള്ള മറ്റൊരു ഗുണം ജീവിതത്തില്‍ സമാധാനവും സ്‌നേഹവും കാരുണ്യവും ഉണ്ടായിത്തീരും എന്നതാണ്.

ഭര്‍ത്താവിനെ അനുസരിക്കുന്നത് വെറുതെയല്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. അല്ലാഹു അരുളി: 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത (കഴിവ്) നല്‍കിയതുകൊണ്ടും പുരുഷന്മാര്‍ (സ്ത്രീകളുടെ മേല്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്' (നിസാഅ് 34). സ്ത്രീകളുടെ എല്ലാ ചെലവുകളും വഹിക്കേണ്ട ബാധ്യത ഭര്‍ത്താവായ പുരുഷന്റേതാണ്.

അനുസരണം മനുഷ്യവര്‍ഗത്തിന് മൊത്തത്തില്‍ പറഞ്ഞതാണ്. ഭരണാധികാരിയെ അനുസരിക്കല്‍ പ്രജകള്‍ക്ക് നിര്‍ബന്ധമാണ്. നബി(സ) പറഞ്ഞു: ഒരാള്‍ ഇഷ്ടപ്പെട്ടാലും വെറുത്താലും ശരി ഭരണാധികാരി കല്‍പിക്കുന്ന കാര്യം കുറ്റകരമല്ലെങ്കില്‍ അത് അനുസരിക്കല്‍ മുസ്‌ലിമായ മനുഷ്യന് നിര്‍ബന്ധമാണ്' (ബുഖാരി, മുസ്‌ലിം).

ആണായാലും പെണ്ണായാലും ഒരു സ്‌കൂളിലോ ഓഫീസിലോ ജോലി ചെയ്യുന്ന പക്ഷം ഹെഡ്മാസ്റ്ററെയോ മേലുദ്യോഗസ്ഥനേയോ അനുസരിക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമായിത്തീരും. വിവാഹം കഴിഞ്ഞാല്‍ പ്രസവിക്കേണ്ടിവരും, കുഞ്ഞുങ്ങളെ നോക്കേണ്ടിവരും. അതൊക്കെ പ്രയാസമുള്ള കാര്യമാണ്, അതിനാല്‍ വിവാഹം കഴിക്കേണ്ടതില്ല എന്നാണെങ്കില്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ വരാവുന്നതാണ്.

നബി(സ) അരുളി: 'ഒരു സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന്ന് ഗുണകരമാകുന്നു. അത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കുന്നതുമല്ല. അവന് ഒരു സന്തോഷം ലഭിക്കുന്ന പക്ഷം അവന്‍ നന്ദി കാണിക്കുന്നു. അതവന്ന് നന്മയാകുന്നു. അവന്നൊരു വിഷമം നേരിട്ടാല്‍ അവന്‍ ക്ഷമിക്കുന്നു. അതും അവന് ഗുണകരം തന്നെ' (മുസ്‌ലിം).

വിവാഹത്തോട് മുസ്‌ലിം യുവതികള്‍ക്ക് വിമ്മിട്ടം വരാന്‍ കാരണം, ഇസ്‌ലാമില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന തരത്തിലുള്ള ചില, യുക്തിവാദികളെന്നു നടിക്കുന്നവരുടെ നിരന്തര വിമര്‍ശനങ്ങളാണ്. ഇസ്‌ലാമിലെ സ്ത്രീകളുടെ പദവി സംബന്ധിച്ച ധാരണ ഇല്ലായ്മയാണ് ഇവിടെ പ്രശ്‌നം.

അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് രണ്ട് സ്ത്രീകളെയാണ്. 'ഫിര്‍ഔനിന്റെ ഭാര്യയും ഇംറാന്റെ മകള്‍ മര്‍യമും' (തഹ്‌രീം 11,12). 'ഒരു വ്യക്തി അല്ലാഹുവിനേയും റസൂലിനേയും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രിയം വെക്കേണ്ടത് മാതാവിനെയാണ്' (ബുഖാരി, മുസ്‌ലിം). 'സ്വര്‍ഗം മാതാക്കളുടെ പാദത്തിന്നടിയിലാണ്' (നസാഈ). നബി(സ) പറഞ്ഞു: 'നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്' (തിര്‍മിദി).

ഇസ്ലാമില്‍ സ്ത്രീക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നബി(സ) പറഞ്ഞു: 'സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാകുന്നു' (ബുഖാരി, മുസ്‌ലിം). ഈ വചനങ്ങളുടെയെല്ലാം പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കണം.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ