ഗുലുവ്വ് അഥവാ മതത്തില്‍ അതിര് കവിയുന്നതിനെ ഇസ്ലാം നിയന്ത്രിച്ചതെങ്ങനെ?


ഖുര്‍ആനില്‍ കല്പനക്രിയ ദര്‍ശിച്ചാല്‍ ഉടനെ ചാടിവീണ് അതു ഫര്‍ളാണെന്ന് പറയുന്നതു തീവ്രതയാണ്. ഒരു കാര്യം നിഷിദ്ധമാക്കിയ ശേഷം കല്പിക്കുമ്പോള്‍ മിക്കവാറും അനുവദനീയത്തിലേക്കാണ് മടങ്ങുക.

തത്തില്‍ അതിര് കവിയുന്നത് നിയന്ത്രിക്കാന്‍ നിരവധി മൗലിക തത്വങ്ങള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. മനുഷ്യ പ്രകൃതത്തോട് യോജിക്കുന്ന വിധത്തിലാണ് ഇസ്ലാമിക നിയമങ്ങള്‍ സര്‍വശക്തന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇസ്ലാമിക വിധികളിലെ വിവിധ തലങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. എല്ലാം നിര്‍ബന്ധമാക്കുകയോ നിഷിദ്ധമാക്കുകയോ അല്ല ചെയ്തിട്ടുള്ളത്. പലതും പല രൂപത്തിലാണ് വിധികള്‍ നിശ്ചയിച്ചത്. ഏതാനും ത്വതങ്ങളെ താഴെ വിവരിക്കുന്നു.

  1. മതവിധികളുടെ വിഭജനം

എ. നിര്‍ബന്ധം (ഫര്‍ദ്)

ഇസ്ലാം മനുഷ്യര്‍ക്ക് പ്രയാസരഹിതമായ ലളിത മതമാകാനും പ്രായോഗിക മതമാകാനും വേണ്ടി അല്ലാഹു മതവിധികളെ ആദ്യമായി അഞ്ചായി തരം തിരിക്കുന്നു. മനുഷ്യര്‍ ആത്മീയ തീവ്രതയിലേക്ക് പ്രവേശിക്കാതിരിക്കാനും ഇസ്ലാം ഈ വിഭജനം കൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നു. ആദ്യമായി ഈ വിധികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാം.

അല്ലാഹുവിന്റെ കല്പനകള്‍ മനുഷ്യര്‍ അനുഷ്ഠിച്ചാല്‍ പ്രതിഫലം ലഭിക്കുകയും അവ അനുഷ്ഠിക്കാതെ ഉപേക്ഷിച്ചാല്‍ ശിക്ഷ ലഭിക്കുമെന്ന് അവന്‍ പ്രഖ്യാപിക്കുകയും ചെയ്ത മതവിധികള്‍. ഇവയ്ക്ക് ഫര്‍ദ് എന്നും വാജിബ് എന്നും പറയുന്നു. മലയാളത്തില്‍ നാം നിര്‍ബന്ധം എന്നും പറയും.

'ഫര്‍ദ് എന്നോ 'ഔജബ' എന്നോ പ്രയോഗിക്കുന്ന ശൈലിയില്‍ നിന്നോ, ഉപേക്ഷിച്ചാല്‍ ശിക്ഷയുണ്ടെന്ന് പറയുന്ന ശൈലിയില്‍ നിന്നോ 'ഹവ്വന്‍' എന്നു പറയുന്ന ശൈലിയില്‍ നിന്നോ മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലോ നിശ്ചിത കല്പന നിര്‍ബന്ധത്തിനാണെന്ന് ഗ്രഹിക്കാം. കല്പനക്രിയ വരുകയും അതു നിര്‍ബന്ധമല്ലാത്തതാണെന്നതിനോ കേവലം അനുവദനീയമാണെന്നതിനോ തെളിവുകള്‍ ഇല്ലാതിരുന്നാലും ആ കല്പന നിര്‍ബന്ധത്തെ കുറിക്കുന്നു.

കല്പനക്രിയ ദര്‍ശിച്ചാല്‍ ഉടനെ ചാടിവീണ് അതു ഫർദാണെന്ന് പറയുന്നതു തീവ്രതയാണ്. ഒരു കാര്യം നിഷിദ്ധമാക്കിയ ശേഷം കല്പിക്കുമ്പോള്‍ മിക്കവാറും അനുവദനീയത്തിലേക്കാണ് മടങ്ങുക. ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാകും:

''നിങ്ങള്‍ ഇഹ്റാമില്‍ നിന്നു വിരമിച്ചാല്‍ വേട്ടയാടുവിന്‍'' (സൂറഃ മാഇദ). ഹജ്ജില്‍ നിന്നും ഉംറയില്‍ നിന്നും വിരമിച്ചാല്‍ വേട്ടയാടാന്‍ ഇവിടെ കല്പിക്കുകയാണ്. എങ്കിലും ഇതു നിര്‍ബന്ധമോ കേവലം ഒരു പുണ്യകര്‍മമോ അല്ല. അനുവദനീയം മാത്രമാണ്. വേട്ടയാടുന്നവന് വേട്ടയാടുന്നതിനു വിരോധമില്ല എന്നു മാത്രമാണ് ഈ കല്പനക്രിയയുടെ ഉദ്ദേശ്യം.

''അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുവിന്‍, നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം അന്വേഷിക്കുകയും ചെയ്യുവിന്‍'' (സൂറഃ ജുമുഅഃ 10). ഈ കല്പനക്രിയ കേവലം അനുവദനീയത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്ന് ഭൂരിപക്ഷം നിയമ പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കര്‍മശാസ്ത്ര പണ്ഡിതന്മാരും പറയുന്നു.

താടി വളര്‍ത്തല്‍ പോലുള്ള കല്പന ക്രിയയുടെ യഥാര്‍ഥ ഉദ്ദേശ്യം എന്താണെന്ന് വിശദാംശങ്ങളിലൂടെയാണ് മനസ്സിലാക്കേണ്ടത്. കല്പന ക്രിയകളെല്ലാം നിര്‍ബന്ധ കര്‍മങ്ങള്‍ ആവണമെന്നില്ല.

താടി വളര്‍ത്താന്‍ കല്പന ക്രിയയില്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ അടിസ്ഥാനമാക്കി താടി വളര്‍ത്തല്‍ നിര്‍ബന്ധ കര്‍മമാണെന്ന് പറയാന്‍ പാടില്ല. തീവ്ര ആത്മീയ വാദികള്‍ ഇങ്ങനെ പഠിക്കാനൊന്നും ശ്രമിക്കാറില്ല. ഇവരുടെ അടുത്ത് മതവിധികള്‍ രണ്ടെണ്ണം മാത്രമാണ്. നിര്‍ബന്ധവും നിഷിദ്ധവും (ഫര്‍ളും ഹറാമും) മാത്രം.

ഫർദിന്റെ വിഭജനം

  1. വ്യക്തിപരവും സാമൂഹികപരവും (ഫര്‍ള് അയ്ന്, ഫര്‍ള് കിഫാ)

നിര്‍ബന്ധ ശാസനയെ ഇസ്ലാം ആദ്യമായി വ്യക്തികളുടെ ബാധ്യത, സാമൂഹിക ബാധ്യത എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികള്‍ മുഴുവനും (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടു പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്തു നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീതു നല്‍കാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (തൗബ: 122).

എല്ലാവരും യുദ്ധത്തിനും മതം ആഴത്തില്‍ പഠിക്കാനും പുറപ്പെടാന്‍ പാടില്ലെന്ന് അല്ലാഹു ഇവിടെ പറയുന്നു. ഒരു വിഭാഗം പുറപ്പെടണം. ഇത് സാമൂഹിക ബാധ്യത മാത്രമാണ്. യുദ്ധത്തിന് പുറപ്പെടാത്തവര്‍ക്ക് അഗ്‌നിയുടെ ശിക്ഷയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (തൗബ: 81). എങ്കിലും ഇത് വ്യക്തിയുടെ ബാധ്യതയല്ല, സാമൂഹിക ബാധ്യതയാണ്.

ഇതുപോലെ ജമാഅത്ത് നമസ്‌കാരത്തിന് വരാത്തവരുടെ വീട് അഗ്‌നിക്കിരയാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു എന്ന് നബി(സ) പ്രസ്താവിച്ചതിനെ പിടികൂടി ജമാഅത്ത് വ്യക്തിബാധ്യതയാണെന്ന് പറയാന്‍ പാടില്ല. സാമൂഹിക ബാധ്യതക്കും ഇപ്രകാരം പ്രയോഗിക്കും. യുദ്ധത്തെക്കുറിച്ച് പ്രസ്താവിച്ചതുപോലെ. ഇതെല്ലാം ഗ്രഹിച്ച ശേഷമേ മതവിധി പറയാന്‍ പാടുള്ളൂ. മതത്തില്‍ അതിരുകവിയുന്നവര്‍ ഇതിന് സമയം കണ്ടെത്തുകയില്ല.

താടി വളര്‍ത്താന്‍ കല്പന ക്രിയയില്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ അടിസ്ഥാനമാക്കി താടി വളര്‍ത്തല്‍ നിര്‍ബന്ധ കര്‍മമാണെന്ന് പറയാന്‍ പാടില്ല. തീവ്ര ആത്മീയ വാദികള്‍ ഇങ്ങനെ പഠിക്കാനൊന്നും ശ്രമിക്കാറില്ല.

അല്ലാഹു കല്പിക്കുന്നു: ''സത്യവിശ്വാസികളില്‍ രണ്ടു വിഭാഗം യുദ്ധം ചെയ്യുന്നപക്ഷം നിങ്ങള്‍ അവര്‍ക്കിടയില്‍ അപ്പോള്‍ യോജിപ്പ് ഉണ്ടാക്കുവിന്‍'' (ഹുജുറാത്ത് 9). വ്യക്തിബാധ്യതയല്ല, സാമൂഹിക ബാധ്യതയാണ് ഇവിടെ ഈ കല്പനയുടെ ഉദ്ദേശ്യം. യോജിപ്പ് ഉണ്ടാക്കാന്‍ ആരെങ്കിലും പരിശ്രമിക്കണമെന്നാണ് ഇവിടെ ഉദ്ദേശ്യം.

''അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ (ദമ്പതിമാര്‍ക്കിടയില്‍) ഭിന്നത നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍ അവന്റെ കുടുംബത്തില്‍ നിന്നും അവളുടെ കുടുംബത്തില്‍ നിന്നും വിധി കര്‍ത്താവിനെ നിങ്ങള്‍ നിയോഗിക്കുവിന്‍'' (അന്നിസാഅ്: 35). ഈ കല്പന സമൂഹത്തോടാണ്, ഓരോ വ്യക്തിയുമായും ബന്ധപ്പെടുന്നില്ല.

''നിങ്ങള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?'' (സൂറഃ വാഖിഅ്: 63). എല്ലാവരും കൃഷി ചെയ്യണമെന്നില്ല, ഏതാനും വ്യക്തികള്‍ കൃഷി ചെയ്താല്‍ മതി. സാമൂഹിക ബാധ്യതയാണിത്. മയ്യിത്ത് നമസ്‌കാരം, ഖബറടക്കം ചെയ്യല്‍, വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കല്‍, ആശുപത്രി നിര്‍മിക്കല്‍ എന്നിവയെല്ലാം സാമൂഹിക ബാധ്യതയാണ്.

അഞ്ച് നേരം നമസ്‌കരിക്കല്‍, സമ്പത്ത് ഉള്ളവന്‍ സകാത്ത് നല്‍കല്‍, മാര്‍ഗമുള്ളവന്‍ ഹജ്ജ് ചെയ്യല്‍, ഇളവ് ഇല്ലാത്തവന്‍ റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, മതം പൊതുവായ നിലയ്ക്ക് പഠിക്കല്‍, സത്യം പറയല്‍, മദ്യപാനവും വ്യഭിചാരവും ഉപേക്ഷിക്കല്‍, ദുഃസ്വഭാവങ്ങള്‍ വര്‍ജിക്കല്‍, സല്‍സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കല്‍, സാഹചര്യം ഉള്ളവന്‍ വിവാഹം ചെയ്യല്‍ മുതലായവ വ്യക്തിബാധ്യതയാണ്. ഇവ ഏതാനും വ്യക്തികളില്‍ ഉണ്ടായാല്‍ മതിയാവില്ല. സമൂഹത്തോടുള്ള കല്‍പനയല്ല ഇവയൊന്നും.