വ്യക്തിക്കും സമൂഹത്തിനും പ്രത്യക്ഷമായും പരോക്ഷമായും ദോഷങ്ങള്‍ വരുത്തിവെക്കുന്ന തിന്മകളെയും നീചവൃത്തികളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.
വ്യക്തിക്കും സമൂഹത്തിനും ദോഷങ്ങള്‍ വരുത്തിവെക്കുന്ന തിന്മകളെയും നീചവൃത്തികളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും വിനാശങ്ങള്‍ മാത്രം വിതയ്ക്കുന്ന ഇത്തരം കുറ്റങ്ങളില്‍ അധികവും നിരോധനം വരുന്നത് നബിയുടെ ഹിജ്‌റക്കു ശേഷം മദീനയില്‍ വെച്ചാണ്.
കൊല, വഞ്ചന, മോഷണം, അവിഹിതമായി ധനം കവര്‍ന്നെടുക്കല്‍, വ്യഭിചാരം എന്നീ നീചകൃത്യങ്ങളെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. ഈ കുറ്റകൃത്യങ്ങളുടെ നിരോധനങ്ങളിലൊന്നും ഘട്ടം ഘട്ടമായി നടപ്പാക്കുന്ന രീതി സ്വീകരിക്കാതെ ഖണ്ഡിതമായി വിലക്കിന്റെ വിധി വന്നാല്‍ മാത്രമേ ആ തിന്മകളില്‍ നിന്ന് മൃദുസമീപനം കൂടാതെ കണിശമായി അവ ഉപേക്ഷിക്കാനും പാടേ അതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവര്‍ക്ക് സാധിക്കുകയുള്ളൂ.
അതുകൊണ്ട് ആ രീതി തന്നെയാണ് സ്വീകരിച്ചത്. സൂറഃ ഇസ്‌റാഇലെ 32-ാം വചനത്തില്‍ അല്ലാഹു വ്യഭിചാരം നിരോധിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കരുത്. തീര്‍ച്ചയായും അത് മ്ലേച്ഛവൃത്തിയും ദുഷിച്ച വഴിയുമാകുന്നു'' (17:32).
എന്നാല്‍ വ്യഭിചാരത്തിനുള്ള ശിക്ഷ ഘട്ടംഘട്ടമായിട്ടാണ് അല്ലാഹു നിയമമാക്കിയത്. ആദ്യം അവതരിച്ച നിയമം അത്തരക്കാരെ വീട്ടുതടങ്കലില്‍ വെക്കാനായിരുന്നു (4:15). നൂറ് അടി അടിക്കാനുള്ള ശിക്ഷാവിധി ഖുര്‍ആന്‍ നിജപ്പെടുത്തിയത് അതിനു ശേഷമാണ് (24:2).
മദ്യനിരോധനം
മദ്യാസക്തരായ അറബികളെ പൂര്‍ണമായും മദ്യപാനത്തില്‍ നിന്ന് മുക്തരാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ അവരുടെ മാനസികാവസ്ഥയെയും ജീവിത സാഹചര്യങ്ങളെയും പൂര്‍ണമായും പരിഗണിച്ച് ഘട്ടം ഘട്ടമായി മദ്യപാനത്തില്‍ നിന്ന് വിടുതലാവാനും ഒടുവില്‍ പൂര്‍ണമായും അതില്‍ നിന്ന് മുക്തി കൈവരിക്കാനും ഖുര്‍ആന്‍ മുന്നോട്ടുവെച്ച ക്രമാനുഗത രീതിയിലുള്ള ശിക്ഷണം കൊണ്ട് സാധിച്ചു.
പ്രഥമ ഘട്ടം എന്ന നിലയ്ക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഫലങ്ങളില്‍ നിന്ന് അവര്‍ കുടിക്കുന്ന പാനീയത്തില്‍ ലഹരിയും നല്ലതായ ആഹാരവും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് സൂറഃ നഹ്‌ലിലെ 67-ാമത്തെ വചനം. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്ന ജനങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ടെന്ന് ഈ വചനത്തില്‍ അല്ലാഹു പറയുന്നു.
മദ്യനിരോധനം ഇസ്‌ലാമില്‍ നടപ്പാക്കുന്നതിനു മുമ്പ് അവതരിച്ച ഈ വചനത്തില്‍ ലഹരിയെ പരാമര്‍ശിച്ചപ്പോള്‍ അതോടൊപ്പം തന്നെ നല്ല ആഹാരവും എന്ന് ഇതിനോട് ചേര്‍ത്തു പറഞ്ഞതില്‍ നിന്ന് ലഹരി നല്ല ആഹാരവസ്തുവല്ല എന്ന സൂചന നല്‍കുകയാണ് അല്ലാഹു ചെയ്യുന്നത്. രണ്ടാമത്തെ ഘട്ടമായി സൂറ അല്‍ബഖറയിലെ 219-ാമത്തെ വചനം നമുക്ക് മനസ്സിലാക്കാം.
മദ്യത്തിലും ചൂതാട്ടത്തിലും വലിയ പാപവും മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട് എന്ന് അല്ലാഹു അറിയിക്കുന്നു. എന്നാല്‍ അവയുടെ ദോഷമാണ് പ്രയോജനത്തെക്കാള്‍ വലുതെന്ന് ഓര്‍മപ്പെടുത്തുന്നു. ദോഷബാധ കൂടുതലുള്ള ഒന്നിനെ വര്‍ജിക്കലാണ് അതിന്റെ ചെറിയ പ്രയോജനങ്ങളെ പരിഗണിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് എന്ന ബോധ്യപ്പെടുത്തലായിരുന്നു ഈ വചനത്തിന്റെ പൊരുള്‍.
ലഹരി നിരോധനത്തിന്റെ നിര്‍ണായക ഘട്ടമായിരുന്നു സൂറ നിസാഇലെ 43-ാമത്തെ വചനം. ''ലഹരിബാധിതരായിരിക്കെ നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്'' എന്ന അല്ലാഹുവിന്റെ വചനം അവതരിച്ചപ്പോള്‍ അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കിടയിലുള്ള ചെറിയ സമയങ്ങളില്‍ ഒഴികെ അവര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഒരു വഴിയുണ്ടായിരുന്നില്ല.
നമസ്‌കാരങ്ങളില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയവര്‍ ലഹരിയോട് വിടപറയാനുള്ള മാനസിക പക്വത നേടിക്കഴിഞ്ഞിരുന്നു. മദ്യനിരോധനവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ അന്തിമമായി ഖണ്ഡിത വിധി വരുന്നത് സൂറ അല്‍മാഇദയിലെ 90, 91 വചനങ്ങളുടെ അവതരണവേളയിലാണ്. 'സത്യവിശ്വാസികളേ' എന്ന അഭിസംബോധനയോടുകൂടി മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നക്കോലുകളും പിശാചിന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ട മ്ലേച്ഛത മാത്രമാകുന്നു എന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു.
അതിനാല്‍ അതൊക്കെയും വര്‍ജിക്കേണ്ടതാണെന്നും വിജയം പ്രാപിക്കാനുള്ള വഴി അതാണെന്നും 90-ാം വചനത്തില്‍ ഓര്‍മപ്പെടുത്തുന്നു. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും അവര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഇളക്കിവിടാനും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും അവരെ തടയാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നതെന്ന് 91-ാമത്തെ വചനത്തില്‍ അല്ലാഹു പറയുന്നു.
ഇത്രയേറെ ദോഷകരമായ കൊടിയ വിപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഇനിയും വിരമിക്കാറായില്ലേ എന്ന ചോദ്യത്തോടു കൂടിയാണ് ഈ വചനം അവസാനിക്കുന്നത്. ഈ ഘട്ടമെത്തുമ്പോഴേക്കും അവര്‍ പൂര്‍ണമായും മദ്യത്തെ ഉപേക്ഷിക്കാനുള്ള മാനസികവും വൈകാരികവുമായ പക്വത നേടിക്കഴിഞ്ഞിരുന്നു. ഉഹ്ദ് യുദ്ധത്തിനു ശേഷം മൂന്നാം വര്‍ഷത്തില്‍ അവതീര്‍ണമായ മദ്യം നിരോധിച്ചുകൊണ്ടുള്ള ഈ വചനങ്ങള്‍ കേട്ട ശേഷം കൈയില്‍ ഉണ്ടായിരുന്ന മദ്യക്കോപ്പകളും ചുണ്ടോട് അടുപ്പിച്ചിരുന്ന മദ്യചഷകങ്ങളും അവര്‍ വലിച്ചെറിഞ്ഞു.
വായിലാക്കിയത് തുപ്പിക്കളഞ്ഞ് പൂര്‍ണമായും ലഹരിയോട് അരുതെന്ന് പ്രഖ്യാപിച്ച് അകലം പാലിക്കാന്‍ അവര്‍ തയ്യാറായി. മദ്യനിരോധനത്തിന്റെ പ്രസ്തുത വചനം അവതരിച്ച ശേഷം അവരില്‍ വലിയ മാനസാന്തരമാണുണ്ടായത്. മുമ്പ് മദ്യം ഉപയോഗിച്ചവരും ഉപയോഗിച്ചു മരണമടഞ്ഞവരും ശിക്ഷിക്കപ്പെടുമോ എന്ന ഭയാശങ്ക വിശ്വാസികളെ അലട്ടിയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഭയം വേണ്ടതില്ലെന്ന് അല്ലാഹു അവരെ സൂറഃ അല്‍മാഇദ 93-ാമത്തെ വചനത്തിലൂടെ ആശ്വസിപ്പിക്കുന്നുണ്ട്.
മദ്യാസക്തരായ സമൂഹത്തെ ലഹരിയുള്ളതും അല്ലാത്തതുമായ മദ്യത്തിന്റെ ഇനത്തില്‍പ്പെട്ട എല്ലാത്തില്‍ നിന്നും പൂര്‍ണമായും വിമുക്തരാക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ നാം കാണുന്ന ക്രമാനുഗത രീതിയിലുള്ള മദ്യനിരോധനത്തിലൂടെ സാധിച്ചു. മദ്യത്തില്‍ നിന്നുള്ള ഉന്മാദവും ഉണര്‍വും പൂര്‍ണമായും ആവാഹിച്ച, മദ്യത്തില്‍ നിന്ന് അല്‍പസമയം പോലും വിട്ടകന്ന ജീവിതം ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന ജനത പൂര്‍ണമായും മദ്യം വര്‍ജിച്ചേ തീരൂ എന്ന നിര്‍ബന്ധബുദ്ധിയുള്ളവരായി മാറിയത് നിസ്സാര കാര്യമല്ല.
മദ്യം പോലുള്ള നിഷിദ്ധങ്ങളില്‍ നിന്ന് ഒരു സമൂഹത്തെ വിമുക്തരാക്കി അവരില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ അല്ലാഹു സ്വീകരിച്ച സംസ്‌കരണത്തിന്റെ ക്രമാനുഗത രീതിക്കുള്ള വലിയ സ്വാധീനവും ഗുണഫലവുമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് നിസ്സംശയം പറയാം. (ഫീ ദിലാലില്‍ ഖുര്‍ആന്‍, ഭാഗം 2,പേജ്974).
പലിശ നിരോധനം
സാമ്പത്തികമായ ഇടപാടുകളിലൂടെ കൂടുതല്‍ ലാഭം കൊയ്യണമെന്ന അത്യാര്‍ത്തിയുള്ള സമൂഹമായിരുന്നു പലിശ എന്ന സാമ്പത്തിക ചൂഷണത്തിന്റെ പ്രയോക്താക്കള്‍. പണം ഇരട്ടിപ്പിക്കാനും കൂടുതല്‍ സ്വത്ത് സ്വന്തമാക്കാനും സമ്പന്നരുമായി സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുന്ന രീതി അവര്‍ പിന്തുടര്‍ന്നിരുന്നു.
കൊടുത്തതിനേക്കാള്‍ കൂടുതല്‍ കിട്ടണമെന്ന ആര്‍ത്തി ചിന്തയാണ് പലിശയുടെ പേരില്‍ സാമ്പത്തിക ചൂഷണങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. സമ്പത്തിനോടുള്ള അത്യാര്‍ത്തി അവരുടെ മനസ്സുകളില്‍ നിന്ന് പൂര്‍ണമായി ഇല്ലായ്മ ചെയ്താല്‍ മാത്രമേ ആ സമൂഹത്തില്‍ നിന്ന് പലിശ പൂര്‍ണമായും നിരോധിക്കുന്നതിനുള്ള വഴി സുഗമമാവുകയുള്ളൂ. അതിനു വേണ്ടി പലിശ നിരോധനത്തിന്റെ വിധി അവരില്‍ നടപ്പാക്കാന്‍ ഘട്ടം ഘട്ടമായ ഉദ്‌ബോധനങ്ങളിലൂടെയുള്ള ക്രമാനുഗത രീതിയിലുള്ള ശിക്ഷണരീതിയാണ് അല്ലാഹു സ്വീകരിച്ചത്.
ആദ്യഘട്ടത്തില്‍ അല്ലാഹു അവരെ ഉണര്‍ത്തി: ''ജനങ്ങളുടെ സ്വത്തിലൂടെ വളര്‍ച്ച നേടാനായി നിങ്ങള്‍ എന്തുതന്നെ പലിശക്ക് കൊടുത്താലും അല്ലാഹുവിന്റെ അടുത്ത് അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു നിങ്ങള്‍ വല്ലതും ദാനമായി നല്‍കിയാല്‍, അവരാണ് ഇരട്ടി സമ്പാദിക്കുന്നവര്‍'' (അര്‍റൂം 39).
സൂറഃ നിസാഇലെ 161-ാമത്തെ വചനം അവതീര്‍ണമായത് പലിശ നിരോധനത്തിന്റെ രണ്ടാം ഘട്ടമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. പലിശ നിരോധിക്കപ്പെട്ടതായിക്കെ സത്യനിഷേധികള്‍ അത് വാങ്ങുകയും ജനങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി തിന്നുകയും ചെയ്തതിനാല്‍ അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട് എന്ന മുന്നറിയിപ്പാണ് ഈ വചനത്തില്‍ (4:161) അല്ലാഹു നല്‍കുന്നത്.
സമ്പത്തുള്ളവന്‍ എന്നും കൂടുതല്‍ സമ്പന്നനായിത്തീരുകയും ദരിദ്രന്‍ എന്നും പരമദരിദ്രാവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന പലിശ എന്ന സാമൂഹിക തിന്മ കൊടിയ സാമ്പത്തിക ചൂഷണം കൂടിയാണ്. ഇത് സമൂഹത്തിന്റെ സുസ്ഥിതിയെയും സാമ്പത്തികമായ ഭദ്രതയെയും എല്ലാ അര്‍ഥത്തിലും തകര്‍ത്തുകളയുന്നു.
ദയ, കാരുണ്യം, പരസഹായ മനഃസ്ഥിതി തുടങ്ങിയ എല്ലാ മാനുഷിക നന്മകളെയും മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലായ്മ ചെയ്ത് മറ്റുള്ളവരുടെ ബുദ്ധിമുട്ട് ചൂഷണം ചെയ്തു ജീവിക്കുന്ന ക്രൂരമനഃസ്ഥിതിയിലേക്ക് മനുഷ്യനെ ദുഷിപ്പിക്കുന്ന സമ്പ്രദായമായിത്തീരുന്നു. അതിനാല്‍ എല്ലാ തരം പലിശയെയും ഇസ്‌ലാം പൂര്‍ണമായി നിരോധിച്ചു.
പലിശ നിരോധനത്തിന്റെ മൂന്നാം ഘട്ടമായി അവതീര്‍ണമായ സൂറഃ ആലുഇംറാനിലെ 130, 131 വചനങ്ങളില്‍ അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ പലിശ വാങ്ങിയ മുതല്‍ ഇരട്ടിപ്പിച്ചു തിന്നരുത്. നിങ്ങള്‍ വിജയികളാകാന്‍ അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കുക. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട ശാശ്വതമായ നരകാഗ്നിയെ നിങ്ങള്‍ കരുതിയിരിക്കുകയും ചെയ്യുക'' (3:130,131).
സൂറഃ അല്‍ബഖറയിലെ 275 മുതല്‍ 279 വരെയുള്ള വചനങ്ങള്‍ അവതരിച്ചതോടുകൂടി എല്ലാ വിധത്തിലുള്ള പലിശ ഇടപാടുകളും ഇസ്‌ലാം വിരോധിച്ചതിന്റെ കാര്യകാരണങ്ങള്‍ കൂടി അല്ലാഹു വ്യക്തമാക്കിത്തരുന്നു. കച്ചവടത്തെ പോലെ പലിശയും അനുവദിക്കപ്പെട്ടതാണ് എന്ന് ലാഘവബുദ്ധിയോടുകൂടി കണ്ടിരുന്ന അവരോട് പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല എന്ന് അല്ലാഹു പറയുന്നു.
കച്ചവടം അല്ലാഹു അനുവദനീയമാക്കിയിട്ടുണ്ടെങ്കില്‍ പലിശ നിഷിദ്ധമാക്കുകയാണ് ചെയ്തത്. അതിനാല്‍ പലിശയില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ നരകാഗ്നിയായിരിക്കും അക്കൂട്ടര്‍ക്കുള്ള ശിക്ഷ എന്ന് താക്കീത് നല്‍കുന്നു. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
പലിശ വകയില്‍ നിന്ന് കിട്ടാനുള്ളതാണെങ്കില്‍ അത് ഒഴിവാക്കുകയും വേണമെന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു: ''നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തുനിന്ന് നിങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ ആക്രമിക്കപ്പെടുകയും അരുത്'' (2:275279).
ഉപരിസൂചിത വചനങ്ങളിലൂടെ സമൂഹത്തിന്റെ അവസ്ഥയും ജനങ്ങളുടെ മനോഗതിയും ഉള്‍ക്കൊണ്ട് നാലു ഘട്ടമായി പലിശ നിരോധനം അല്ലാഹു നടപ്പാക്കി. ഈ നിരോധനത്തിനായി അല്ലാഹു സ്വീകരിച്ച ഈ ക്രമാനുഗത രീതിയിലൂടെ ആ സമൂഹത്തെ പൂര്‍ണമായും പലിശക്കെണിയില്‍ നിന്ന് മോചിപ്പിച്ചു. വ്യക്തിക്കും സമൂഹത്തിനും നാശവും നഷ്ടവും മാത്രം വരുത്തിവെക്കുന്ന ഈ കൊടിയ സാമ്പത്തിക ചൂഷണത്തില്‍ നിന്ന് പൂര്‍ണാര്‍ഥത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുമുള്ള വിശ്വാസപരമായ കരുത്ത് ക്രമാനുഗത രീതിയില്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷണത്തിലൂടെ അവര്‍ ആര്‍ജിച്ചിരുന്നു.
ക്രമാനുഗത രീതിയുടെ ലക്ഷ്യം, യുക്തി
അല്ലാഹുവിന്റെ കല്‍പനകളെ അനുസരിക്കാനും അവന്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് പൂര്‍ണമനസ്സോടെ വിട്ടുനില്‍ക്കാനും സമൂഹം മാനസികമായി പാകപ്പെട്ടുവരുന്നത് അവര്‍ക്ക് ശിക്ഷണം നല്‍കി സംസ്‌കരിക്കുന്നതില്‍ അല്ലാഹു സ്വീകരിച്ച ക്രമാനുഗത രീതിയിലൂടെയാണ്. വ്യക്തിയുടെ മാനസികാവസ്ഥയെയും സാമൂഹിക സാഹചര്യത്തെയും പൂര്‍ണാര്‍ഥത്തില്‍ പരിഗണിച്ചുകൊണ്ടുള്ള സംസ്‌കരണത്തിന്റെ ഉചിതമായ ദൈവിക നടപടിയുടെ ഭാഗമാണ് ഈ ക്രമാനുഗത രീതിയെന്ന് മനസ്സിലാക്കാം.
മനുഷ്യപ്രകൃതിയോട് ഏറ്റവും യോജിച്ച ഈ ശിക്ഷണരീതിയിലൂടെ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രയാസരഹിതമായി പ്രയോഗവത്കരിക്കുന്നതിനുള്ള വഴി തുറക്കുന്നു. സമൂഹത്തില്‍ തദ്ഫലമായി ധാര്‍മികതയില്‍ അധിഷ്ഠിതമായ പരിവര്‍ത്തനവും സമാധാനം നിറഞ്ഞ സാമൂഹികാന്തരീക്ഷവും സംജാതമാകുന്നു. അല്ലാഹു ഒരാളോടും അവന്റെ കഴിവില്‍ പെട്ടതല്ലാത്ത യാതൊന്നും ചെയ്യാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ (2:186) ഓര്‍മിപ്പിക്കുന്നുണ്ട്.
പലിശയില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ നരകാഗ്നിയാകും ശിക്ഷ എന്ന് താക്കീത് നല്‍കുന്നു. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധ കര്‍മങ്ങള്‍ പോലും നിയമമാക്കപ്പെട്ടപ്പോള്‍ വിശ്വാസികളുടെ പ്രയാസ ലഘൂകരണം ലക്ഷ്യം വെച്ചതായി മനസ്സിലാക്കാന്‍ സാധിക്കുന്നു. മതത്തിന്റെ നിര്‍ബന്ധ കല്‍പനകള്‍ പോലും ക്ലേശരഹിതമായി അനുഷ്ഠിക്കാനുള്ള വഴിയൊരുക്കുകയാണ് പരമകാരുണികനായ അല്ലാഹു അവന്റെ അടിമകളോട് ചെയ്തിട്ടുള്ളത്.
സൃഷ്ടികളോട് അങ്ങേയറ്റം കരുണയുള്ളവനായ അല്ലാഹു മനുഷ്യന്റെ മാനസികാവസ്ഥയെയും പ്രകൃതിപരമായ സവിശേഷതയെയും പരിഗണിച്ചുകൊണ്ട് ക്രമാനുഗത രീതിയില്‍ മതനിയമങ്ങള്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ അത് പ്രയോഗവത്കരിക്കുകയെന്നത് പ്രയാസകരം തന്നെയാവുമായിരുന്നു. തിന്മകളുടെയും നിഷിദ്ധങ്ങളുടെയും ദൂഷിതവലയത്തില്‍ നിന്ന് കണിശമായി വിട്ടുനില്‍ക്കാന്‍ കഴിയാതെ അതിനോട് അനുരാഗാത്മകമായ ഭ്രമം കൊണ്ടുനടക്കുന്നവരായിട്ടേ അവര്‍ക്ക് അപ്പോള്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ സന്ദര്‍ഭോചിതമായി ക്രമാനുഗത സ്വഭാവത്തില്‍ പരമകാരുണികനില്‍ നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങളോരോന്നും അവര്‍ നെഞ്ചിലേറ്റുകയും അത് സാധ്യമാകുന്ന വിധം കര്‍മപഥത്തില്‍ കൊണ്ടുവരാന്‍ മനസ്സിനെ പാകപ്പെടുത്തുകയും ചെയ്തു. ദൈവിക കാരുണ്യത്തില്‍ അധിഷ്ഠിതമായ ഈ സംസ്‌കരണവും ശിക്ഷണവും ഉത്തമ സമൂഹത്തിന്റെ പിറവിക്ക് അടിത്തറ പാകി. ഏതൊരു നന്മ കല്‍പിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും അവ കൊണ്ട് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത് വ്യക്തിയില്‍ അധിഷ്ഠിതമായ നന്മയോടൊപ്പം സമൂഹനന്മ കൂടിയാണ്.
വ്യക്തിയില്‍ നിന്ന് തുടങ്ങുന്ന സംസ്‌കരണത്തിന്റെ സദ്ഫലങ്ങള്‍ സമൂഹത്തിലേക്കുകൂടി വ്യാപിക്കുന്നത് ക്രമാനുഗത രീതിയിലുള്ള ദൈവിക ശിക്ഷണത്തിന്റെ ഫലമാണ്. ഇസ്‌ലാം കല്‍പിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കാനും വിരോധിച്ച തിന്മകളെ വര്‍ജിക്കാനും കാലദേശഭേദമില്ലാതെ സര്‍വര്‍ക്കും സാധിക്കുന്നതാണ്. ഇത് ദൈവിക നിയമങ്ങളുടെ സര്‍വകാല പ്രസക്തിയെയും പ്രായോഗികതയെയും വെളിപ്പെടുത്തുന്നു.
ദുഷിച്ച സമ്പ്രദായങ്ങളിലും ദുശ്ശീലങ്ങളിലും അഭിരമിച്ചുപോയ ജനതയെ വിശ്വാസവിശുദ്ധിയുടെ തണലില്‍ ധാര്‍മികതയുടെ കാവല്‍ക്കാരും സദാചാര മൂല്യങ്ങളുടെ പ്രചാരകരുമായി പരിവര്‍ത്തിപ്പിച്ചതില്‍ സമൂഹ സംസ്‌കരണ പ്രക്രിയക്ക് അനുവര്‍ത്തിക്കപ്പെട്ട ക്രമാനുഗത രീതിയുടെ വലിയ സ്വാധീനമുണ്ടെന്ന കാര്യം സുവ്യക്തമാണ്. ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ ചരിത്രം ഈ യാഥാര്‍ഥ്യത്തെ അടിവരയിടുന്നു.
ആദ്യഭാഗം വായിക്കാന്‍: ശിക്ഷണം, സംസ്‌കരണം, ശിക്ഷ; എന്തുകൊണ്ട് ക്രമാനുഗത രീതി?
